ആരാധനക്രമ പരിഷ്‌ക്കരണം

പാത്തിക്കുളങ്ങര വർഗ്ഗീസച്ചൻ

കത്തോലിക്കാ സഭയിൽ ലിറ്റർജി എന്താണെന്നും അതിന്റെ ക്രമീകരണം എങ്ങനെയെന്നുമൊക്കെ കുറച്ചു പഠിക്കാൻ ഇടയായതുകൊണ്ടായിരിക്കാം പുതിയ കൽദായ തക്‌സാ കണ്ടപ്പോൾ അത്ഭുതമാണുണ്ടായത്. വത്തിക്കാൻ എങ്ങിനെ ഇതനുവദിച്ചുവെന്ന സംശയവും! തന്മൂലം കൽദായ തക്‌സാ രൂപപ്പെടുത്തുന്നതിനായി നിയമിക്കപ്പെട്ടിരുന്ന കമ്മിറ്റിയിലെ ഒരു പ്രമൂഖാംഗവുമായി ബന്ധപ്പെടാൻ പരിശ്രമിച്ചു. അപ്പോഴാണറിയുന്നത് നമ്മുടെ നാട്ടിലെ ചില മാദ്ധ്യമങ്ങൾ കൊടുത്ത പ്രാധാന്യത്തിനൊന്നും കാര്യമില്ലെന്നുള്ള വസ്തുത. തൽക്കാലത്തേയ്ക്ക് ഉപയോഗാർത്ഥം കൊടുത്തിരിക്കുന്ന അനുവാദമാണ് അതിനുള്ളത്. ഇപ്പോൾ പരീക്ഷണാർത്ഥം നമ്മുടെ സഭയിൽ നൽകിയിരിക്കുന്ന പ്രോപ്രിയ പ്രാർത്ഥനകൾക്ക് വത്തിക്കാൻ നൽകിയിരിക്കുന്നതുപോലുള്ള അനുവാദം.
ഓരോ അവസരങ്ങൾക്കെന്നും പറഞ്ഞ് മൂന്നുനാലു ഖുർബാന ക്രമങ്ങളാണല്ലോ കൽദായ സഭ പുറത്തിറക്കിയിരിക്കുന്നത്. ‘Votive Mass’, ‘Motive Mass’, ‘Thematic Mass’ എന്നെല്ലാം ലേബലൊട്ടിച്ച് ലത്തീൻ സഭ ഒരുകാലത്തു നടത്തിയ പരീക്ഷണത്തിന്റെ തനി ആവർത്തനം പോലെ കാണപ്പെടുന്നു. ലത്തീൻ സഭയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ നൂറ്റാണ്ടിൽ ശക്തിപ്പെട്ട ലൗകായതീയതയുടെ (Secularism) പ്രസ്തുത സമ്മർദ്ദം നമ്മുടെ സഭയെയും കാതലായി ബാധിച്ചിട്ടുണ്ട്. അതിന്റെ ഫലമായിട്ടാണ് ഖുർബാനയുടെ ‘തീം’ (ആശയം) എന്താണെന്ന് അന്വേഷിക്കാൻ നമ്മുടെ സഭയിലെ പ്രബലരായവർപോലും പ്രേരിപ്പിക്കപ്പെട്ടുപോകുന്നത്. എന്തിനേറെ, ഖുർബാനയുടെ ആരംഭത്തിൽ ‘തീം’ വിളിച്ചുപറയാൻ അനുവദിക്കണമെന്ന് നമ്മുടെ മെത്രാൻ സമിതി തന്നെ റോമിനോട് ആവശ്യപ്പെട്ടതും, അതിനുത്തരമായി ഖുർബാനയ്ക്ക് ഒരു തീം മാത്രമെ ഉള്ളുവെന്നും അത് ഈശോയും ഈശോയുടെ രക്ഷാകരരഹസ്യവും ആണെന്നും അതുകൊണ്ട് പാശ്ചാത്യ സഭയെ അനുകരിച്ച് അത്തരം നിരർത്ഥകമായവയുടെ പിറകെ പോകരുതെന്നും വത്തിക്കാൻതന്നെ പറഞ്ഞിട്ട് ഒത്തിരികൊല്ലങ്ങളായില്ലല്ലോ. ലത്തീൻ സഭയുൾപ്പെടെ കത്തോലിക്കാ സഭയുടെ ശൈലി ഖുർബാന തക്‌സാ അതിന്റെ പൂർണ്ണതയിൽ പ്രസിദ്ധീകരിക്കുക എന്നതാണ.് അതിൽ വിവിധ രീതിയിലും അവസരങ്ങളിലുമൊക്കെ ആഘോഷിക്കുന്നതിനാവശ്യമായ നിർദ്ദേശങ്ങളുമുണ്ടാകും. സാധാരണ അൾത്താരയിൽ ഉപയോഗിക്കുന്നത് അത്തരം തക്‌സായാണുതാനും. എങ്കിലല്ലേ സഭാസമൂഹത്തിന് ഉചിതമായി അതുപയോഗിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നു പറയാനാവൂ. ലത്തീൻ സഭയിൽ ഇപ്പോൾ ഉപയോഗിക്കുന്ന തക്‌സാ നമ്മുടെ റാസക്രമ തക്‌സായുടെ മൂന്നിരട്ടിയിൽ കൂടുതൽ വലുപ്പമുള്ളതാണ്. ഇന്ത്യയിൽ ലത്തീൻ പള്ളികളിൽ പോകാൻ എനിക്ക് കാര്യമായ അവസരം കിട്ടിയിട്ടില്ല. ഇൻഡ്യയ്ക്ക് പുറത്ത് പല ഭാഷകൾ ഉപയോഗിക്കുന്ന ദൈവാലയങ്ങളിൽ പോകാനിടയായിട്ടുണ്ട്. എല്ലായിടത്തും അൾത്താരകളിൽ കണ്ടിട്ടുള്ളത് പൂർണ്ണരൂപത്തിലുള്ള തക്‌സായാണ്. നമ്മുടെ ഇടയിൽ മാത്രമേ ഖുർബാനക്രമം വെട്ടിച്ചുരുക്കി പ്രസിദ്ധീകരിക്കുന്നതും വെട്ടിത്തിരുത്തി അൾത്താരയിൽ വയ്ക്കുന്നതുമായ പ്രവണത കാണാനിടയായിട്ടുള്ളൂ. കൽദായക്കാർ ഇക്കാര്യത്തിൽ നമ്മെ കണ്ടുപഠിച്ചതാണോയെന്നു സംശയിക്കുന്നു.
സുറിയാനി ഭാഷയുടെ ഉപയോഗവും മറ്റും കുറെ നിലനിർത്തിയിരുന്നുവെന്നതൊഴിച്ചാൽ, നമ്മുടേതിനെക്കാൾ ലത്തീനീകരിക്കപ്പെട്ട നിലയിലായിരുന്നു കൽദായ സഭയുടെ ഖുർബാനക്രമം. ലത്തീനീകരണത്തിൽ നിന്നും വിമുക്തരായി സ്വന്തം വ്യക്തിത്വത്തിൽ വളരുന്നതിനുവേണ്ടിയാണ് ഖുർബാനക്രമവും മറ്റു ലിറ്റർജികർമ്മങ്ങളും പുനരുദ്ധരിച്ചു നവീകരിക്കുന്നതിന് അനേകം വർഷങ്ങളായി വത്തിക്കാൻ അവരോട് ആവർത്തിച്ചാവശ്യപ്പെട്ടുകൊണ്ടിരുന്നത്. ഇറാക്കിലെ പ്രത്യേക സാഹചര്യസമ്മർദ്ദം കൊണ്ടൊക്കെയായിരിക്കണം ഇങ്ങനെ നീണ്ടുപോയത്. ഇപ്പോഴത്തെ ക്രമങ്ങൾ ഓടിച്ചുനോക്കിയപ്പോൾ, ലത്തീനികരണത്തിൽ നിന്നും കാര്യമായി കരേറാനായിട്ടില്ലെന്നു മാത്രമല്ല, പാശ്ചാത്യലോകത്ത് പിടിമുറുക്കി, പൗരസ്ത്യ ദേശങ്ങളിലേയ്ക്ക് തള്ളിക്കയറാൻ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ടലരൗഹമൃശാെ ത്തിലേക്ക് വഴുതി വീണുപോയില്ലെയെന്നു ബലമായി സംശയിക്കേണ്ടിയിരിക്കുന്നു.
കത്തോലിക്കാ സഭയുടെ ദൈവാരാധനയുടെ അനന്യ (Unique) മാനങ്ങളായി കണക്കാക്കുന്നവയിൽ ഏറ്റവും പ്രധാനം അതിന്റെ സമയ സ്ഥല ബന്ധമാണെന്നു തോന്നുന്നു. എല്ലാ സഭകളും ഘശൗേൃഴശരമഹ ശോല (ദൈവാരാധനാ സമയം) ന് വളരെ പ്രാധാന്യം കൊടുക്കുന്നുണ്ട്. കഴിഞ്ഞത്, ഇപ്പോഴുള്ളത്, വരാനിരിക്കുന്നത് (Past, present, future) എന്നീ പരിഗണനയിലാണല്ലോ നാം സമയം അളക്കുന്നത്. ദൈവത്തിന്റെ കാര്യത്തിലാണെങ്കിൽ കഴിഞ്ഞതും വരാനിരിക്കുന്നതും ഇപ്പോഴുള്ളതിലേയ്ക്കു ലയിക്കുകയാണ്. നിത്യത (eternity) എന്ന ഈ പ്രത്യേകതയ്ക്കാണ് ദൈവാരാധനാ സമയം (Liturgical time) എന്നും പറയുന്നത്. സഭയുടെ ദൈവാരാധന ഈ ലോകത്തിൽ നിന്നുയർന്ന് ദൈവികതലത്തിൽ കടന്ന് ദൈവവുമായി ഒന്നുചേരുന്നതിനുള്ള പരിശ്രമമാണല്ലോ. അതിനാൽ തന്നെ ലിറ്റർജിയിൽ അഥവാ ദൈവാരാധനയിൽ ഉടനീളം സമയവും നിത്യതയും കൂടിക്കലരുക സ്വാഭാവികമാണ്, ആവശ്യവുമാണ്. അതായത് സ്വാഭാവിക സമയത്തിന്റെയും (Past, Present, Future) ദൈവാരാധനാ സമയത്തിന്റെയും (Present alone) കൂടിക്കലർച്ച മെശയാനികാരാധനയുടെ (ക്രൈസ്തവ ലിറ്റർജിയുടെ) അവശ്യഘടകമാണ്. അതില്ലെങ്കിൽ ആരാധനാ സമൂഹത്തിന് ദൈവത്തിങ്കിലേയ്ക്കുയരാൻ പറ്റുന്നില്ലെന്നു തീർച്ചയാണ്.
ആരാധനാ സമൂഹത്തിന്റെ ദൈവൈക്യം പ്രഘോഷിക്കുന്ന അത്തരം അവസരങ്ങൾ ഖുർബാന ക്രമത്തിലുണ്ടായിരുന്നവ എല്ലാംതന്നെ പുതിയ കൽദായ ക്രമം നഷ്ടപ്പെടുത്തിയതായി കാണുന്നതിൽ ഖേദമുണ്ട്. ഉദാഹരണം: തിരുവസ്തുക്കൾ കാസായിലും പീലാസായിലും ഒരുക്കുന്ന അവസരത്തിൽ ‘തിരുരക്തം’, ‘തിരുശരീരം’ എന്ന പ്രയോഗം, ഓനീസാ ദ്‌റാസേയിലെ ‘മിശിഹായുടെ അമൂല്യമായ ശരീരവും രക്തവും’ എന്ന പരാമർശം തുടങ്ങിയവ. (ഓനീസാ ദ്‌റാസേ സ്ഥലം മാറ്റിയിരിക്കയാണ്) വളരെ ഹൃദ്യമായി ആരാധനാസമൂഹത്തെ ദൈവൈക്യത്തിലേയ്ക്കുയർത്തുന്നതായി പൗരസ്ത്യ സുറിയാനി ഖുർബാന ക്രമത്തിലുണ്ടായിരുന്ന സാഹചര്യങ്ങളെല്ലാം തന്നെ ഓരോ തരത്തിൽ മാറ്റി മറിച്ച്, വെറും സ്വാഭാവികതയിൽ കുനിഞ്ഞു കൂടിയിരിക്കാൻ വിശ്വാസികളെ നിർബന്ധിക്കുന്ന വിധത്തിലാണ് പുതിയ കൽദായ ക്രമം ശരിപ്പെടുത്തിയിരിക്കുന്നതെന്നു പറയാൻ നിർബന്ധിക്കപ്പെട്ടു പോകുന്നു. നമ്മുടെ സഭയിൽ ഇത്തരത്തിൽ വാദ പ്രതിവാദങ്ങൾ നടത്തിയിരുന്നവർക്ക് ഇതൊക്കെ വളരെ വിശേഷവും കാലോചിതവുമൊക്കെയായി തോന്നാനും പാടുണ്ട്.
ലത്തീൻ ലിറ്റർജിയിൽ നിന്നു കടമെടുത്ത് സർവ്വ സാധാരണമായി നാം ഉപയോഗിക്കുന്ന പദമാണല്ലോ ‘ഓസ്തി’. അർത്ഥമറിഞ്ഞുകൂടെങ്കിലും അത്തരം പ്രയോഗങ്ങളോട് നമുക്ക് എന്തെന്നില്ലാത്ത പ്രതിപത്തിയാണുതാനും. വളരെ അർത്ഥവത്തും സമുന്നതവുമായ ‘ബുക്‌റാ’ (ആദ്യജാതൻ) എന്നതിനെ പുറം തള്ളിയാണ് ‘ഓസ്തി’ പ്രയോഗം തുടങ്ങിയതെന്നും ഓർക്കണം. ‘ഓസ്തി’ (hostia)യുടെ അർത്ഥം ‘ബലിമൃഗം’ എന്നാണെന്ന് ലത്തീൻ ഭാഷ പഠിച്ചിട്ടുള്ളവർക്കറിയാം. വളഞ്ഞു തിരിഞ്ഞ് ഈശോയിൽ തന്നെയാണ് അതെത്തുന്നതും. ‘ബുക്‌റാ’ (ആദ്യജാതൻ) എന്ന് ഈശോയെ നേരിൽ വിവക്ഷിക്കുന്ന സുറിയാനി പദം ‘ഖുർബാനയപ്പ’ത്തിന് ഉപയോഗിച്ചിരുന്ന നാം വളഞ്ഞു തിരിഞ്ഞാണെങ്കിലും ‘ഓസ്തി’ പ്രയോഗം വഴി ഈശോയിൽ തന്നെ എത്തുന്നുവെന്നത് ആശ്വാസ പ്രദമാണ്. വിശുദ്ധ ഖുർബാനയിൽ അപ്പത്തിന് സ്ഥാപന വാക്യങ്ങൾ കഴിഞ്ഞു മാത്രമല്ലല്ലോ ‘ഓസ്തി’യെന്നു പറയുക! ലത്തീൻ സഭയിലുമല്ല, നമ്മുടെയിടയിലുമല്ല!
സദാ സമയം ‘ഖുർബാനയപ്പ’ത്തിന് ‘ഓസ്തി’ എന്നു തന്നെയല്ലേ പറയുന്നത്? ലത്തീൻ ലിറ്റർജിയിലും നിത്യതയും സമയവും കൂടിക്കലരുന്ന പ്രയോഗങ്ങൾ ഉണ്ടെന്നതിന് സുപരിചിതമായ ഒരു ഉദാഹരണം പറഞ്ഞെന്നേയുള്ളു. നേമ്മുടെ സഭയിൽ പലർക്കും ലത്തീൻ ലിറ്റർജിയിൽ കാണുന്നതൊക്കെ സ്വീകാര്യമാണ്. അതുതന്നെ നമ്മുടേതിൽ കാണുമ്പോൾ സംശയവും, ചിലപ്പോൾ വിരോധവും!
ഏതായാലും കൽദായ സഭ ഇക്കാര്യത്തിൽ ചെയ്തു വച്ചിരിക്കുന്നത് ഒട്ടും സ്വീകാര്യമല്ലെന്നു പറയാതിരിക്കാൻ വയ്യ.
കൽദായ ലിറ്റർജി എന്ന് പരക്കെ അറിയപ്പെടുന്നത് പൗരസ്ത്യ സുറിയാനി ദൈവാരാധനയാണല്ലോ. കൽദായ എന്ന പദത്തിന് പൗരസ്ത്യ സുറിയാനി എന്നർത്ഥമുണ്ടെങ്കിലും ഇന്ന് ഭാഷയേക്കാൾ കൂടുതലായി സംസ്‌കാരത്തിനും ജനതയ്ക്കുമെല്ലാമായിട്ടാണ് ഈ പദം ഉപയോഗിക്കപ്പെടുന്നത്. തന്മൂലം, കൽദായ ലിറ്റർജി ‘ഭാരതീയകൽദായ’, ‘കൽദായഭാരതീയ’, ‘ഇൻഡോകൽദായ’, ‘കാൽ ഡിയോഇന്ത്യൻ’ എന്നീ പേരുകളിലൊന്നിൽ അറിയപ്പെടുന്നതായിരിക്കും കൂടുതൽ ശരിയെന്നാണ് എനിക്കു പറയാനുള്ളത്. അതിനുകാരണം ഞാൻ പ്രസിദ്ധീകരിച്ചിട്ടുള്ള ഗ്രന്ഥങ്ങളിൽ വിശദമായി ചർച്ചചെയ്തിട്ടുമുണ്ടല്ലോ.
പൗരസ്ത്യ സുറിയാനി പൈതൃകത്തിന്റെ, പ്രത്യേകിച്ച് ലിറ്റർജിയുടെ അവകാശികൾ അഥവാ ഉടമസ്ഥർ ഇന്നത്തെ കൽദായ സഭ മാത്രമാണെന്ന ചിന്തയും അസ്ഥാനത്താണ്. അതിനാൽ തന്നെ ഇന്നത്തെ കൽദായ സഭ ചെയ്തു വയ്ക്കുന്നതെല്ലാം പൗരസ്ത്യ സുറിയാനി പൈതൃക ഭാഗമായി കണക്കാക്കാനും പറ്റില്ല. സഭയുടെ നിർമ്മാണകാലഘട്ടമായി പരിഗണിക്കുന്ന സഭാ പിതാക്കന്മാരുടെ കാലം (ഏകദേശം 9-ാം നൂറ്റാണ്ട്) കഴിഞ്ഞ് കൂട്ടിച്ചേർക്കപ്പെട്ടിട്ടുള്ളവ എവിടെനിന്നായാലും ജീവാത്മക വളർച്ചയാണെങ്കിൽ മാത്രമേ സ്വീകരിക്കാനാവൂ. അതുപോലെ വിവിധ സഭകളുടെ പൊതുവായ പുരാതന ആരാധനാ പൈതൃകത്തിൽ കാതലായ വ്യതിയാനങ്ങൾ വരുത്തുന്നതിനുമുമ്പ് അവകാശികളായ എല്ലാ സഭകളേയും ഉൾപ്പെടുത്തി പഠനവും ചർച്ചയും ആവശ്യമാണെന്ന് എടുത്തു പറയേണ്ടതില്ലല്ലോ. അങ്ങനെ എന്തെങ്കിലും ആവശ്യമെങ്കിൽ വത്തിക്കാൻ അതിനുള്ള ക്രമീകരണങ്ങൾ സജ്ജീകരിക്കുമെന്നു തന്നെയാണ് എന്റെ വിശ്വാസം. പൗരസ്ത്യ സഭകൾക്കിടയിലുള്ള വത്തിക്കാന്റെ മാധ്യസ്ഥ്യം പ്രധാനമായും ഇത്തരത്തിലാണല്ലോ പ്രകടമാകേണ്ടതും.
അടിസ്ഥാനപരമായ ചില കാര്യങ്ങൾക്ക് പുതിയ കൽദായക്രമം കൊടുത്തിരിക്കുന്ന ഊന്നൽ ശ്ലാഘനീയമായും അനുഭവപ്പെട്ടു. ഉദാഹരണം: കിഴക്കോട്ടുതിരിഞ്ഞുനിന്ന് അഥവാ സ്വർഗ്ഗോത്മുഖമായ തീർത്ഥാടന ശൈലിയിലുള്ള ഖുർബാനയർപ്പണം, ഖൂദാശാ ഭാഗം തുടങ്ങുന്നതിനു മുമ്പ് വിശ്വാസ പ്രമാണം എല്ലാ അർപ്പണത്തിലും നിർബന്ധമായും വേണമെന്നുള്ളത്, മദ്ബഹാവിരിയുടെ ഉപയോഗം, സ്ലീവായുടെ അടയാളം സ്വന്തം ശരീരത്തിൽ പതിപ്പിക്കുമ്പോൾ വലത്തുകൈ നെറ്റിയിൽനിന്നും നെഞ്ചിലേയ്ക്കും വലത്തെ തോളിൽ നിന്നും ഇടത്തെ തോളിലേയ്ക്കും ചലിപ്പിക്കുന്ന ആദിമ സഭാ ശൈലി തുടങ്ങിയവ. ബാക്കി കാര്യങ്ങൾ വിശദമായ പഠനശേഷം പറയുന്നതായിരിക്കുമല്ലോ ഉചിതം. ചില പ്രാർത്ഥനകൾ, ഗീതങ്ങൾ, കർമ്മങ്ങൾ, തുടങ്ങിയവയുടെ സ്ഥലം മാറ്റം അത്തരത്തിലുള്ളവയിൽ പ്രധാനപ്പെട്ടതാണ്.