പ്രഭാതത്തിൽ പൂക്കളിൽനിന്നു തേൻ സംഭരിക്കുന്ന തേനീച്ചകളെ കണ്ടിട്ടില്ലേ? ഇതുപോലെയാണ് മനുഷ്യമനസ്സുകളും. മനുഷ്യൻ തന്റെ അനുദിന ജീവിതാനുഭവങ്ങളിൽ അന്വേഷിക്കുന്നത് ആനന്ദമെന്ന മധുവാണ്. മുഖ്യമായും സത്യം, സൗന്ദര്യം, സ്‌നേഹം എന്നിവയോടു ബന്ധപ്പെട്ടതാണ് ഈ അന്വേഷണം. ജന്തുലോകത്തെ ഇവയൊന്നും ബാധിക്കുന്നില്ല. കാരണം അവയ്ക്ക് അതീന്ദ്രിയമായ ഒരു ജീവിതമില്ല. ജന്മവാസനകൾക്കനുസൃതമായി ജീവിച്ച് അവ സംതൃപ്തിയടയുന്നു. അത്രമാത്രം. അനശ്വരതയ്ക്കു വേണ്ടി ദാഹിക്കുന്നതു മനുഷ്യൻമാത്രം.
തത്ത്വശാസ്ത്രത്തിന്റെ ഒരു ശാഖയായ നീതിശാസ്ത്രം (ethics) ആരംഭിക്കുന്നതു തന്നെ ഈ ചോദ്യത്തോടുകൂടിയാണ്: മനുഷ്യൻ, ആത്യന്തികമായി ജീവിതത്തിൽ എന്താണ് അന്വേഷിക്കുന്നത്? ആനന്ദം എന്ന ഉത്തരവും അവിടെത്തന്നെ കാണാം. ഇതൊരു പൊതുതത്ത്വമാണ്. സാധാരണമനുഷ്യനും സന്ന്യാസിയുമെല്ലാം അന്വേഷിക്കുന്നത് ആനന്ദം തന്നെയാണ്.
ധനാർജ്ജനത്തിനായി ജീവിതം പാഴാക്കുന്നവരും സുഖഭോഗങ്ങളിൽ മുഴുകിക്കഴിയുന്നവരും ആനന്ദം തന്നെയാണ് അന്വേഷിക്കുന്നതെങ്കിലും, അവസാനം അത് തങ്ങളിൽനിന്ന് അകന്നുപോകുന്നതായി അവർ മനസ്സിലാക്കുന്നു. അവരിൽ ചിലരൊക്കെ മാനസാന്തരത്തിലൂടെ ആദ്ധ്യാത്മികജീവിതത്തിലേയ്ക്കു തിരിച്ചെത്തുന്നുണ്ട്. ബുദ്ധിരാക്ഷസനായിരുന്ന വിശുദ്ധ അഗസ്റ്റിന്റെ കഥ ഉദാഹരണമാണ്. എങ്കിലും ഭൗതികമോഹങ്ങളിൽ കുരുങ്ങി നിരാശതയിൽ അവസാനിക്കുന്നവർ നിരവധിയാണ്.
”കനിഞ്ഞു നീയെന്നെ നിനക്കു വേണ്ടി
മനഞ്ഞു, തന്മൂലമനന്തനാഥാ,
അണഞ്ഞിടാ ശാന്തിയെനിക്കു നിന്നെ-
പ്പുണർന്നു നിന്നിൽ വിലയിക്കുവോളം”
എന്നുള്ള വിശുദ്ധ അഗസ്റ്റിന്റെ ഉദീരണം ഏതു മനുഷ്യനെ സംബന്ധിച്ചും ശരിയാണ്.
ഇവിടെ ആനന്ദവും സുഖവും തമ്മിലുള്ള താരതമ്യം പ്രസക്തമാണ്. പ്രസിദ്ധ ചിന്തകനായിരുന്ന ആർച്ചുബിഷപ്പ് ഫുൾട്ടൺ ജെ. ഷീൻ ചൂണ്ടിക്കാട്ടുന്നതുപോലെ ആനന്ദം മുഖ്യമായും മാനസികമാണെങ്കിൽ സുഖം പ്രധാനമായും ശാരീരികമാണ്. ഉദാഹരണത്തിന് ഒരു നല്ല മനസ്സാക്ഷിയിൽനിന്നുള്ള ആനന്ദം അഥവാ മറ്റൊരാൾക്കു നന്മ ചെയ്യുമ്പോഴുള്ള ആനന്ദം നിലനില്ക്കുന്നു. എന്നാൽ മദ്യപാനത്തിൽ നിന്നു ലഭിക്കുന്ന സുഖം നൈമിഷികമാണ്; അതു പിന്നീട് വേദനയായി മാറുകയും ചെയ്യുന്നു.
ഇവിടെ ഒരുകാര്യം വ്യക്തമാക്കേണ്ടതുണ്ട്. ന്യായവും മിതവുമായ സുഖാനുഭവങ്ങൾ ആനന്ദ ലബ്ധിക്കു വിഘാതമല്ല; അതുമല്ല, അതിനു സഹായകവുമായിത്തീരാം. എന്നാൽ പലതരത്തിലുള്ള ആസക്തികളിൽ മുഴുകിക്കഴിയുന്നവർ ശരീരത്തിന്റെ അടിമകളാണ്. മദ്യത്തിനും മയക്കുമരുന്നിനും അടിമകളായിക്കഴിയുന്നവരുടെ ദയനീയാവസ്ഥയോർക്കുക. അതിനാൽ ജഡികാസക്തികളിൽനിന്നു വിമുക്തരായി സ്‌നേഹം, സമാധാനം, ആനന്ദം, ആത്മസംയമനം തുടങ്ങിയ പരിശുദ്ധാത്മാവിന്റെ ഫലങ്ങൾ പുറപ്പെടുവിക്കാൻ വിശുദ്ധഗ്രന്ഥം നമ്മെ ഉപദേശിക്കുന്നു. ”ദൈവരാജ്യം ഭക്ഷണവും പാനീയവുമല്ല, നീതിയും പരിശുദ്ധാത്മാവിലുളള സമാധാനവും സന്തോഷവുമാണ്” എന്ന ബൈബിൾവാക്യം നമുക്ക് ഓർത്തിരിക്കാം.
ജീവിതം ദുഃഖപൂരിതമാണെന്നും, ആഗ്രഹങ്ങളാണ് അതിനുള്ള കാരണമെന്നും അവയെ നിയന്ത്രിച്ചും ധാർമ്മികജീവിതം നയിച്ചും നിർവാണം (പരമാനന്ദാവസ്ഥ) പ്രാപിക്കാമെന്നും ശ്രീബുദ്ധൻ പഠിപ്പിച്ചു. ഹൈന്ദവദർശനം ബ്രഹ്മാനന്ദത്തെപ്പറ്റി പറയുന്നു. ബ്രഹ്മം ഈശ്വരസത്തയാണ്. ഭക്തി-ജ്ഞാന-കർമ്മമാർഗ്ഗങ്ങളിലൂടെ ഈശ്വരസാക്ഷാൽക്കാരം സാധിക്കാനാവുമെന്നും ഹൈന്ദവസിദ്ധാന്തം പറയുന്നു.
പരമാനന്ദലബ്ധിക്ക് ധാർമ്മികജീവിതവും ഈശ്വരാന്വേഷണവും ആവശ്യമാണെന്ന് ബൗദ്ധ-ഹൈന്ദവദർശനങ്ങൾ പറയുന്നത് ശ്രദ്ധേയമാണ്. ഇവയിൽനിന്നും ഉൾക്കൊള്ളാവുന്ന വെളിച്ചം സ്വീകരിച്ചുകൊണ്ട് പരമാനന്ദാവസ്ഥയെപ്പറ്റിയുള്ള ക്രൈസ്തവദർശനമെന്തെന്നു നമുക്കു നോക്കാം. ”കണ്ണു കണ്ടിട്ടില്ലാത്തതും കാതു കേട്ടിട്ടില്ലാത്തതും മനുഷ്യബുദ്ധിയിൽ പ്രവേശിച്ചിട്ടില്ലാത്തതുമായ സൗഭാഗ്യം” എന്നാണ് ദൈവപുത്രൻ സ്വർഗ്ഗസൗഭാഗ്യത്തെപ്പറ്റി സൂചിപ്പിച്ചത്. ദൈവരാജ്യത്തെപ്പറ്റിയുള്ള ഉപമകളെല്ലാം മുഖ്യമായും സ്വർഗ്ഗസൗഭാഗ്യത്തെപ്പറ്റിയാണു പരാമർശിക്കുന്നത്.
ക്രൈസ്തവവീക്ഷണത്തിൽ മനുഷ്യാത്മാവ് ദൈവത്തിൽ ലയിച്ചു ചേരുന്നില്ല. സ്വന്തം വ്യക്തിത്വം നിലനിർത്തിക്കൊണ്ട് മരണാനന്തരജീവിതത്തിൽ ആത്മാവ് നിത്യസൗഭാഗ്യം അനുഭവിക്കുന്നു. ഇതിന് സൗഭാഗ്യദർശനം അഥവാ ദൈവദർശനം (beatific vision or beatitude) എന്നാണ് വിശുദ്ധ തോമസ് അക്വിനാസ് പറയുന്നത്. മുഖ്യമായും ബൗദ്ധികവും ധ്യാനാത്മകവുമായ ഒരാനന്ദാനുഭവമാണിത്. പൗരസ്ത്യ ദൈവശാസ്ത്രത്തിൽ നിത്യസൗഭാഗ്യമെന്നത് ദൈവികജീവനിലുള്ള പങ്കുപറ്റൽ (deification) ആണ്.
ഏതായാലും ദൈവത്തെ പ്രാപിക്കണമെങ്കിൽ ധാർമ്മികജീവിതം ഒഴിച്ചുകൂടാനാവാത്ത വ്യവസ്ഥയാണ്. വീണ്ടും എത്തിക്‌സിന്റെ വീക്ഷണത്തിൽ അത് മനസ്സാക്ഷിക്കനുസരിച്ചുള്ള ജീവിതമാണ്. മനസ്സാക്ഷി യെന്നു പറയുന്നത് ”ശരിയായ ബുദ്ധിശക്തി” തന്നെയാണ് – ഒരാളുടെ വികാരങ്ങളിൽനിന്നും ഇഷ്ടാനിഷ്ടങ്ങളിൽനിന്നും വിമുക്തമായ നേർബുദ്ധി. ഈ ബുദ്ധിശക്തി വെളിപ്പെടുത്തുന്ന ചില സ്വാഭാവിക നിയമങ്ങൾ ഉണ്ട്. അവയാണ് ധാർമ്മികനിയമങ്ങൾ. ഈ നിയമങ്ങൾക്കനുസൃതമായി തങ്ങളുടെ മനസ്സാക്ഷിയെ രൂപപ്പെടുത്താൻ മനുഷ്യർക്കു കടമയുണ്ട്.
സാർവത്രികവും മനസ്സാക്ഷിയിൽ തെളിഞ്ഞുവരുന്നതുമായ ധാർമ്മികനിയമങ്ങളുടെ ക്രോഡീകരണമാണ് സീനായ് മലമുകളിൽവച്ച് ദൈവം മോശവഴി നൽകിയ പത്തു പ്രമാണങ്ങൾ. ഈ പ്രമാണങ്ങൾക്കനുസരിച്ചും തങ്ങളുടെ വിശ്വാസത്തിനനുസൃതമായും ഒരു ‘ക്രൈസ്തവമനസ്സാക്ഷി’ രൂപപ്പെടുത്താൻ ക്രിസ്ത്യാനികൾക്ക് കടമയുണ്ട്. ഇന്ന് ധാർമ്മികമായ ആപേക്ഷികതാസിദ്ധാന്തം മുന്നോട്ടുവയ്ക്കുന്നവരുണ്ട്. ഇവർ പറയുന്നത് കേവലമൂല്യങ്ങൾ ഒന്നുമില്ലെന്നാണ്. അതായത് എല്ലാക്കാലത്തും എല്ലാ സ്ഥലങ്ങളിലും എല്ലാവരെയും ഒന്നുപോലെ ബാധിക്കുന്ന ധാർമ്മികനിയമങ്ങളില്ലെന്നു സാരം. ഓരോരുത്തർക്കും തങ്ങൾക്ക് ഇഷ്ടമുള്ളതുപോലെ ചെയ്യാമെന്നു ചുരുക്കം. ഇതു ശരിയായ മനസ്സാക്ഷിയല്ലെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. സത്യം പറയണം, നീതി പ്രവർത്തിക്കണം എന്നിങ്ങനെയുള്ള പൊതുവായ ധാർമ്മിക പ്രമാണങ്ങൾ ഒരിക്കലും കാലഹരണപ്പെടുന്നില്ല.
ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യമായ നിത്യാനന്ദം പ്രാപിക്കണമെങ്കിൽ – ദൈവത്തെ പ്രാപിക്കണമെങ്കിൽ – ശരിയായ മനസ്സാക്ഷിക്കനുസരിച്ച് നാം ധാർമ്മികജീവിതം നയിക്കണം. ഇതിന് മാനസാന്തരത്തിലൂടെ പാപകരമായ ജീവിതത്തോടു വിട പറയണം. അതുകൊണ്ടുമായില്ല, അനുദിനം നന്മ ചെയ്തുകൊണ്ടു മുന്നേറണം. ഇതൊന്നും നമ്മുടെ സ്വന്തം ശക്തികൊണ്ട് സാധിക്കാവുന്നതല്ല; എല്ലാറ്റിനും ദൈവത്തിന്റെ കൃപ ആവശ്യമാണ്. നമ്മുടെ അയോഗ്യത – അപര്യാപ്തത – നാം മനസ്സിലാക്കുന്നിടത്ത് ദൈവത്തിന്റെ കൃപ പ്രവർത്തനമാരംഭിക്കുന്നുവെന്ന സത്യവും നമുക്ക് ഓർത്തിരിക്കാം.