കുടുംബക്കൂട്ടായ്മയുടെ പ്രസക്തി

അടുത്തകാലത്തായി നമ്മുടെ കത്തോലിക്കാരൂപതകളുടെ അജപാലനശൈലിയിൽ വിപ്ലവകരമായ മാറ്റം വരുത്തിയ ഒന്നാണ് അടിസ്ഥാന ക്രിസ്തീയ സഭാസമൂഹങ്ങൾ (Basic Eccleisal Community) എന്നറിയപ്പെടുന്ന കുടുംബകൂട്ടായ്മകൾ. കുടുംബയൂണിറ്റ്, കൂടാരയോഗം തുട ങ്ങി നിരവധി പേരുകളിൽ അറിയപ്പെടുന്ന ഈ കൂട്ടായ്മകൾ സഭയുടെ വളർച്ചയിൽ ചെറുതല്ലാത്ത സംഭാവനകളാണ് നല്കിവരുന്നത്.
എങ്കിലും കുടുംബക്കൂട്ടായ്മയ്ക്ക് നമ്മുടെ സഭയിൽ വലിയ പ്രസക്തിയില്ലെന്ന് വാദിക്കുന്നവരുണ്ട്. അവരുടെ വാദമുഖങ്ങൾ താഴെപ്പറയുന്നവയാണ്.

1) ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ വൈദികരുടെ അഭാവത്തിൽ ഇടവക കേന്ദ്രീകൃത അജപാലനം പ്രതിസന്ധി നേരിട്ടപ്പോൾ രൂപവത്കരിച്ച ഒരു താല്കാലിക പദ്ധതിയാണ് ഈ കുടുംബകൂട്ടായ്മകൾ. കേരളസഭയിൽ ഇത്തരം ഒരു വൈദികവൈരള്യമോ ഇടവക കേന്ദ്രീകൃത ആരാധനാക്രമക്കുറവോ ഇല്ല. തന്നെയുമല്ല കത്തോലിക്കരെല്ലാംതന്നെ ഞായറാഴ്ചകളിൽ ഇടവകദേവാലയത്തിൽ വരുന്നുമുണ്ട്. അപ്പോൾ വീണ്ടും കുടുംബങ്ങൾ തോറും ഉള്ള കൂട്ടായ്മയുടെ പ്രസക്തിയെന്താണെന്നാണ് ഇക്കൂട്ടരുടെ ചോദ്യം.

2) കുടുംബക്കൂട്ടായ്മകൾ ഇടവകകേന്ദ്രീകൃത ദേവാലയ കേന്ദ്രീകൃത അജപാലനത്തിനു വിഘാതമാണ്. അവ ഇടവകയെ പലതായി വിഭജിക്കുന്നു. വാർഡുകൾ തിരിഞ്ഞുള്ള അനാരോഗ്യകരമായ മത്സരങ്ങൾക്കും വിഭാഗീയതക്കും കാരണമാകുന്നുവെന്നാണ് അടുത്ത പരാതി.

3) ഇടവക കേന്ദ്രീകരിച്ച് പ്രാർത്ഥിക്കുന്ന പതിവുവിട്ട് ഒരു ഗ്രാമത്തിലെ ക്രിസ്ത്യാനികൾതന്നെ വീടുകളിൽ സമ്മേളിക്കുന്നത് മറ്റു മതസ്തരുടെയിടയിൽ വിഭജനവും സംശയവും തെറ്റിദ്ധാരണയും ഉളവാക്കുന്നുവെന്നാണ് മറ്റൊരുവാദം.

4) കുടുംബക്കൂട്ടായ്മകൾകൊണ്ട് എന്തു നേടിയെന്നാണ് മറ്റൊരു ചോദ്യം. കേരളസഭയിൽ പറിച്ചുനടപ്പെട്ട പുതിയ ഈ സമ്പ്രദായം ജനങ്ങൾ ഉൾക്കൊണ്ടിട്ടില്ല. കൂട്ടായ്മകൾ സ്ത്രീകളുടെയും കുട്ടികളുടെയും കൂട്ടായ്മയെന്നതിനെക്കാൾ ഇനിയും വളർന്നിട്ടില്ല എന്നതാണ് മറ്റൊരു വാദഗതി.

മേല്പറഞ്ഞ വാദഗതികൾ പരിശോധിച്ചാൽ കുടുംബക്കൂട്ടായ്മകളുടെ ദൈവശാസ്ത്രവും അതിന്റെ പ്രായോഗികതലങ്ങളും പ്രയോജനങ്ങളും ഇന്നും വേണ്ടത്ര എല്ലായിടത്തും എത്തിയിട്ടില്ല എന്നാണ് വ്യക്തമാകുന്നത്.

ദൈവശാസ്ത്ര താത്വികാടിത്തറ
സഭയുടെ എല്ലാ പ്രവർത്തനങ്ങൾക്കും അടിസ്ഥാനമായ ദൈവശാസ്ത്രദർശനങ്ങളുണ്ട് കുടുംബക്കൂട്ടായ്മയുടെ ദൈവശാസ്ത്ര ദർശനം ഉൾക്കൊള്ളുമ്പോഴാണ് കൂട്ടായ്മയുടെ യഥാർത്ഥ മൂല്യം സഭയ്ക്ക് മനസ്സിലാക്കാനാവുക. ക്രിസ്തീയജീവിതം ഒരു കൊയ്‌നോനിയാ – ത്രിതൈ്വക അഗാപ്പേയിൽ – സ്‌നേഹത്തിൽ – ഏക മനസ്സും ഏക ഹൃദയവുമുള്ള ഒരു കൂട്ടായ്മയിലേക്കുള്ള വിളിയാണ്. പരി. ത്രിത്വത്തിന്റെ പരസ്പരം കയറിയിറങ്ങിക്കിടക്കുന്ന (perichoresis) – ~ഒരാൾ മറഞ്ഞിരുന്ന് മറ്റൊരാളെ വെളിപ്പെടുത്തുകയും മഹത്ത്വപ്പെടുത്തുകയും ചെയ്യുന്ന അത്യുൽകൃഷ്ട സ്‌നേഹമാണ് ക്രൈസ്തവികതയുടെ ചാലകശക്തി. ക്രിസ്ത്യാനിയാവുക എന്നാൽ ഈ സ്‌നേഹഐക്യത്തിൽ പങ്കുചേരുകയാണെന്നാണ് അർത്ഥം. മിശിഹാ തന്റെ ശ്ലൈഹിക സഭയെ സ്ഥാപിച്ചത് ഈ സ്‌നേഹ അഗാപ്പേയിൽ ജീവിക്കാനാണ്. ആദിമക്രൈസ്തവ സമൂഹത്തിന്റെ നിർമ്മിതിതന്നെ പല ഭാഷകളിലുള്ള ജനം കേപ്പായുടെ പ്രവർത്തനങ്ങൾ താന്താങ്ങളുടെ ഭാഷയിൽ ശ്രവിച്ച പരിശുദ്ധാത്മ അത്ഭുതപ്രതിഭാസത്തോടെയാണല്ലോ (ശ്ലീഹ. നട 2:38).
ദൈവത്തിന്റെ സ്‌നേഹഭാഷ മറന്ന് സർപ്പത്തിന്റെ കല്പനാലംഘന ഭാഷകേട്ട ആദിമാതാപിതാക്കളും, സഹോദരഭാഷ മനസ്സിലാക്കാനാവാതെ അവന്റെ രക്തം ചിന്തിയവനും വാനംമുട്ടെയുള്ള ഗോപുരമുയർത്തി ദൈവത്തെ വെല്ലുവിളിക്കാനൊരുങ്ങിയതിന്റെ ഫലമായി ഭാഷ വിഭജിക്കപ്പെട്ട് ചിതറിപ്പോയ ബാബേൽ ഗോപുരപദ്ധതിക്കാരുമെല്ലാം പരാജയപ്പെട്ടിട്ടുണ്ട്. കേപ്പായുടെ റൂഹാഭിഷിക്തമായ ഭാഷ – സ്‌നേഹത്തിന്റെ ഭാഷ വിജയിച്ചു.
ആദിമസഭ പഠനവും പ്രാർത്ഥനയും കൂട്ടായ്മയും അപ്പം മുറിക്കലും ഏക മനസ്സോടെ താല്പര്യപൂർവ്വം പങ്കുചേർന്നുവെന്നാണ് നാം നടപടി പുസ്തകത്തിൽ വായിക്കുന്നത് (ശ്ലീഹ. നട 2:42) ക്രൈസ്തവസമൂഹത്തിന്റെ ലക്ഷണംതന്നെ കൂട്ടായ്മയാണ്. ഇന്നത്തെ വലിയ ഇടവകകളിൽ ചെറു സമൂഹങ്ങളായിച്ചേർന്നുള്ള കുടുംബക്കൂട്ടായ്മകൾ ആദിമസഭയുടെ കൂട്ടായ്മാ സംസ്‌കാരമാണ് വീണ്ടെടുക്കാൻ ശ്രമിക്കുന്നത്. അവിടെ സംശയങ്ങൾ ചോദിച്ചറിയാനും, ക്രിയാത്മകമായി ആശയങ്ങൾ പങ്കുവയ്ക്കാനും, സേവനപ്രവർത്തനങ്ങൾ നടത്താനും കൂടുതൽ അവസരങ്ങളുണ്ടെന്നതാണ് വസ്തുത. ഇടവക ദേവാലയത്തിൽ വചനപ്രഘോഷണത്തിനു തുലോം തുച്ഛ സമയമേ ലഭിക്കുകയുള്ളുവെങ്കിൽ കൂട്ടായ്മകൾ പരി. കുർബ്ബാനയ്ക്കു വേണ്ടിയുള്ള ദാഹമുണർത്തുന്ന വചന ശുശ്രൂഷാ വേദിതന്നെയാണ്. ഇടവക കേന്ദ്രീകൃത അജപാലനത്തിനു ശക്തിപകരുന്ന മൈക്രോസമൂഹങ്ങളാണ് കുടുംബക്കൂട്ടായ്മകൾ.
ഇടവകയിലെ ചെറുകൂട്ടായ്മകൾ വിഭജനത്തെക്കാളേറെ ഇടവകയെ ശക്തിപ്പെടുത്തുന്ന ഘടകങ്ങളാണ്. കൂടുതൽ പേർക്ക് അവസരങ്ങൾ നല്കുകയും അല്മായ നേതൃത്വം വളർത്തുകയും ചെയ്യുന്ന ഒന്നാണിത്. മത്സരങ്ങളും മറ്റും വളർച്ചയ്ക്കുള്ള മാറ്റുരക്കലാണ്. അവ ആരോഗ്യകരവുമാണ്. നന്മ ചെയ്യാനുള്ള മത്സരങ്ങൾ പ്രോത്സാഹജനകവുമാണല്ലോ. ഒരു വാർഡിലെ രോഗികളെയും അവശരെയും പ്രത്യേകം ശ്രദ്ധിക്കാനും ചെറുസമൂഹകേന്ദ്രീകൃത അജപാലനപ്രവർത്തനങ്ങൾ എറെ സഹായകമാണ്. ഇത്തരം ചെറു കൂട്ടായ്മകളിൽ അജപാലകരുടെ കണ്ണുകളെത്താത്തവിധം വലിയ ഇടവകസമൂഹങ്ങളിലാണ് സഭാവിരുദ്ധർ ഏറെപ്പേരെ ആകർഷിച്ചിരിക്കുന്നതെന്ന് ഒരു പഠനം ഈ അടുത്ത കാലത്ത് വെളിപ്പെടുത്തുകയുണ്ടായി.
ഇതരമതസ്തർക്കും ക്രൈസ്തവബോധനം ശ്രവിക്കാനും അയൽബന്ധങ്ങളുറപ്പിക്കാനും മതസാംസ്‌കാരിക വിനിമയം (cultural Exchange) സാദ്ധ്യമാക്കാനുള്ള നല്ല അവസരങ്ങളായി കൂട്ടായ്മയെ കാണാൻ കഴിയും. അണുകുടുംബങ്ങളും, പൂമുഖമടച്ചു മതിലുകളുയർത്തിയുമുള്ള വീടുകളും ഇന്നു പരസ്പര ബന്ധത്തിന്റെ സാദ്ധ്യതകൾ അടച്ചുകളയുമ്പോൾ ചെറു കൂട്ടായ്മകൾ പരസ്പര ബന്ധത്തിന്റെയും സൗഹൃദത്തിന്റെയും സൗഹാർദ്ദത്തിന്റെയും പാലം പണിയുന്നുവെന്നതാണ് സത്യം.
കൂട്ടായ്മ സഭയുടെ അടിസ്ഥാനദർശനമാണ്. കുടുംബതലം മുതൽ ചെറുകൂട്ടായ്മകളിൽ വളർന്ന് ഇടവകയിലും അതുവഴി സാർവത്രികസഭയിലും ഉൾച്ചേരുന്ന അവസ്ഥയാണത്. ഈ ദർശനം പകരാൻ കഴിയാത്തതുകൊണ്ടാണ് പലരും കൂട്ടായ്മകളിൽനിന്നു വിട്ടുനില്ക്കുന്നത്. കൊടുക്കാനും സ്വീകരിക്കാനുമുള്ളപ്പോഴാണ് കൂട്ടായ്മ അർത്ഥവത്താകുന്നത്. തങ്ങളുടെ സാന്നിധ്യവും സ്‌നേഹവും പിന്തുണയും അറിവും അനുഭവവും കൊടുക്കാനും മറ്റുള്ളവരിൽനിന്നും അവരുടെ നന്മകൾ സ്വീകരിക്കാനുള്ള മനോഭാവമാണ് വളരേണ്ടത്.

കൂട്ടായ്മ – സഭയ്ക്ക് ഔഷധം
സഭയെ നേരിടുന്ന പല പ്രശ്‌നങ്ങൾക്കും വെല്ലുവിളികൾക്കും അവ ഫലപ്രദമായി നേരിടാനുള്ള പ്രതിവിധിയും ഔഷധവുമൊക്കെയാണ് കുടുംബക്കൂട്ടായ്മകൾ എന്നു നാം തിരിച്ചറിയണം. നിരീശ്വരത്തിന്റെ സഭാവിരുദ്ധ പ്രചാരണങ്ങളുടെയും വേലിയേറ്റങ്ങളിൽ സഭ പ്രതികൂട്ടിൽ നിർത്തപ്പെടുമ്പോൾ, സഭയുടെ സത്യം കേൾക്കപ്പെടാതെ പോകുമ്പോൾ കൂട്ടായ്മകൾ ശരിയായ പാഠം പറഞ്ഞുകൊടുക്കാനുള്ള വേദികളാണ്. വഴിതെറ്റിക്കുന്ന മാധ്യമങ്ങളിലും കൂട്ടുകെട്ടുകളിലും നിന്ന് യുവതീയുവാക്കളെയും കുഞ്ഞുങ്ങളെയും രക്ഷിക്കുന്ന ക്രൈസ്തവ സമൂഹത്തിന്റെ കൈത്താങ്ങാണ് കൂട്ടായ്മ. കത്തോലിക്കാവിരുദ്ധ വിഭാഗങ്ങളുടെ ആക്രമങ്ങളിൽനിന്ന് സത്യപ്രബോധനംവഴി കുടുംബങ്ങളെ രക്ഷിക്കാൻ കൂട്ടായ്മ ആവശ്യകമാണ്. രോഗാവസ്ഥയിലും, മാനസിക സാമൂഹിക സാമ്പത്തീക പ്രശ്‌നങ്ങളിലും ചുറ്റിത്തിരിയുമ്പോഴും കൂട്ടായ്മ സാന്ത്വനം പകരും. അങ്ങനെ നോക്കുമ്പോൾ ക്രിസ്തീയ വിശ്വാസത്തിനു നേരിടുന്ന വെല്ലുവിളികൾ മുളയിലേ നുള്ളിക്കളയാൻ കൂട്ടായ്മകൾ ഏറെ സഹായകരമാണ്.
കൂട്ടായ്മകളുടെ ബലം കത്തോലിക്കർ തിരിച്ചറിയുന്നില്ലെങ്കിലും ഇന്നു രാഷ്ട്രീയ പാർട്ടികളും ഇതര സമുദായങ്ങളുമൊക്കെ അവരുടെ സമൂഹത്തെ ഒന്നിച്ചു നിർത്താനും ആശയപ്രചാരണത്തിനും പരസ്പര സഹായ നിർവഹണത്തിനുമെല്ലാം നമ്മുടെ കൂട്ടായ്മകളെ അനുകരിച്ച് അവരുടെതായ കൂട്ടായ്മകൾ രൂപവത്കരിക്കുന്നുണ്ട്. എന്നാൽ ക്രിസ്തീയ കൂട്ടായ്മ ഒരു സാമൂഹിക, സാമ്പത്തിക, പ്രത്യയശാസ്ത്ര കൂട്ടായ്മയല്ല. മിശിഹായുടെ ശരീരത്തിലെ അവയവങ്ങളായി ത്രിത്രൈക സ്‌നേഹത്തിലേയ്ക്കു വളരാൻ സാഹിയിക്കുന്ന ദൈവത്തിന്റെ അഗാപ്പേയിലേയ്ക്ക് – ആദ്ധ്യാത്മിക സ്‌നേഹത്തിലേക്കുള്ള വിളിയാണ്. ഇത്തരം കൂട്ടായ്മകളുടെ കരുത്തിലാണ് നാളത്തെ കേരളസഭയുടെ ഭാവി ഇരിക്കുന്നത്. റീത്തു വ്യത്യാസമെന്യേ ഏവർക്കും കൂട്ടായ്മയുടെ അർത്ഥവും പ്രസക്തിയും വ്യക്തമാക്കുന്ന ഈ കൃതി കൂട്ടായ്മകളുടെ ഇന്നത്തെ പ്രതിസന്ധികളെ അതിജീവിച്ച് വളർച്ചയ്ക്കു നയിക്കുന്ന ഹേതുവാകട്ടെ