സാമൂഹ്യസമ്പർക്ക മാധ്യമങ്ങൾ നന്മയുടെ ഉപകരണങ്ങളാകണം

സാമൂഹ്യസമ്പർക്കമാധ്യമങ്ങളെ എന്നും ഒരു അനുഗ്രഹമായിട്ടാണ് സഭ കണ്ടിട്ടുള്ളതും കാണുന്നതും. ആധുനിക ശാസ്ത്രസാങ്കേതികരംഗത്തെ വളർച്ച അനേകം പുതിയ മാധ്യമങ്ങൾക്കു രൂപം നൽകിയിട്ടുണ്ട്. അതുവഴിയായി സമൂഹസമ്പർക്കസാധ്യതകൾ അനേകമടങ്ങു വർദ്ധിച്ചതിൽ സഭയ്ക്കു സന്തോഷവുമുണ്ട്. മാധ്യമങ്ങളെ വിവേകപൂർവം ഉപയോഗിച്ചാൽ സാമൂഹ്യപുരോഗതി അതിവേഗം കൈവരുത്താൻ ഇടയാകുമെന്നുതന്നെയാണ് സഭ പ്രതീക്ഷിക്കുന്നത്.
മാധ്യമങ്ങളിലൂടെ സുവിശേഷ പ്രചാരണം തിരുസ്സഭ സ്വഭാവത്താലേ പ്രേഷിതയാണ്. അവൾക്കു ലഭിച്ചിരിക്കുന്ന സന്ദേശം ലോകം മുഴുവൻ പകർന്നു കൊടുക്കാനുള്ള ദൗത്യമാണ് സഭയ്ക്കുള്ളത്. ”നിങ്ങൾ ലോകമെങ്ങും പോയി സകലസൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ. വിശ്വസിച്ചു മാമ്മോദീസാ സ്വീകരിക്കുന്നവൻ രക്ഷ പ്രാപിക്കും” (മർക്കോ 16:15-16) എന്നായിരുന്നുവല്ലോ മിശിഹായുടെ അനുശാസനം. നിരന്തരമായി ലോകാവസാനംവരെ സുവിശേഷം പകർന്നുകൊടുക്കുന്ന ജോലിയിലാണ് സഭ ജാഗരൂകയായിരിക്കുന്നത്. അതിനാൽ ആശയവിനിമയരംഗത്തെ ഉപാധികളിൽ സഭയ്ക്കു താല്പര്യമെടുക്കാതിരിക്കാൻ പറ്റില്ല. സുവിശേഷം പറയിൻകീഴിൽ വയ്ക്കാനുള്ളതല്ല, അത് എല്ലാവർക്കും വെളിച്ചം നൽകാനുള്ളതാണ്.
സുവിശേഷ പ്രചാരണത്തിന് പുതിയ മാധ്യമങ്ങൾ വളരെയേറെ സഹായകരമാകാവുന്നതാണ്. ഫലപ്രദമായി സുവിശേഷം വ്യാഖ്യാനിക്കാനും പഠിപ്പിക്കാനും പുതിയ മാധ്യമങ്ങൾ ഏറെ ഫലപ്രദമായ ഉപാധികളാണ്. ദൃശ്യമായ ചിത്രീകരണങ്ങൾ ചിന്തകളെ മനസ്സിൽ പതിക്കാൻ കൂടുതൽ ഉതകും. മാത്രമല്ല, ലോകമെമ്പാടും സുവിശേഷം എത്തിക്കാനും ഇന്നത്തെ മാധ്യമങ്ങൾക്കു കഴിയും. എല്ലായിടത്തും കടന്നുചെല്ലാൻ കെല്പുള്ളവയാണ് ഈ മാധ്യമങ്ങൾ. ഇന്റർനെറ്റ് എല്ലാ അതിരുകളും മറികടന്ന് ആളുകളിൽ എത്തുന്നുണ്ടല്ലോ. ഇവയെല്ലാം സുവിശേഷപ്രചാരണത്തിന് ഏറെ സഹായിക്കും. ലോകമെമ്പാടുമുള്ളവർക്ക് പരസ്പരം സമ്പർക്കം പുലർത്താനും അങ്ങനെ സഭയിലെ കൂട്ടായ്മ വളർത്താനും ഇന്നു കൂടുതൽ എളുപ്പമായിരിക്കുന്നു.
ഭൗതികസമൂഹത്തിന്റെ സുസ്ഥിതിയും സഭയുടെ ആഗ്രഹം എന്നാൽ സഭയുടെ വളർച്ച മാത്രമല്ല സഭ ലക്ഷ്യംവയ്ക്കുന്നത്. ”ഈ മാധ്യമങ്ങളുടെ ശരിയായ ഉപയോഗം മാനവസമൂഹത്തിന് വിലയേറിയ മുതൽക്കൂട്ടായിരിക്കുമെന്ന് സഭ അംഗീകരിക്കുന്നു” (IM2) എന്ന രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രഖ്യാപനം ശ്രദ്ധേയമാണ്. വിനോദവും വിജ്ഞാനവും പ്രദാനം ചെയ്യാൻ അവ ഉപയുക്തമാണ്. ലോകമെമ്പാടുമുള്ള വിജ്ഞാനസമ്പത്ത് ഇന്ന് എവിടെയും ലഭ്യമാക്കാം. മാധ്യമങ്ങളെല്ലാം നാനാവിധത്തിലുള്ള അറിവു പകർന്നു തരുന്നവയാണ്. അവ ചിലപ്പോൾ വാർത്തകളാകാം, ചിലപ്പോൾ വ്യക്തികളെക്കുറിച്ചും സമൂഹത്തെക്കുറിച്ചുമുള്ള വിവരങ്ങളായിരിക്കാം, മറ്റു ചിലപ്പോൾ ശാസ്ത്രസാങ്കേതികരംഗത്തെ നേട്ടങ്ങളെക്കുറിച്ചുള്ള വിവരണമാകാം. നാനാവിധത്തിലുള്ള അറിവുശേഖരണം ഇന്ന് എളുപ്പമായിട്ടുണ്ട്. ഗ്രന്ഥശാലകളും ഗവേഷണകേന്ദ്രങ്ങളുമെല്ലാം ഇന്ന് തുറന്ന പുസ്തകങ്ങളാണെന്നു പറയാം. അനേക വിഷയങ്ങളെക്കുറിച്ച് ഇന്നു ചാനലുകളിലും മറ്റും ചർച്ചകൾ നടക്കുന്നതുകൊണ്ട് അഭിപ്രായവ്യത്യാസങ്ങളുടെ രൂപഭേദങ്ങൾ മനസ്സിലാക്കാനും കഴിയും.
മാധ്യമങ്ങൾ വിനോദത്തിനും സാമൂഹ്യവികാസത്തിനും
അതുപോലെ വിനോദരംഗം മുഴുവൻ ഇന്നു മാധ്യമങ്ങൾ നമ്മുടെ മുൻപിൽ നിരത്തുന്നുണ്ട്. എത്രയോ ആളുകളാണ് അവിടേക്ക് ആകർഷിക്കപ്പെടുന്നത്. അനേകകോടിജനങ്ങളുടെ ശ്രദ്ധയിൽ പെടുന്നതുകൊണ്ട് വിനോദരംഗം ഇന്നു വലിയ ബിസിനസ്സായി മാറിയിട്ടുണ്ടെന്നു പറയാം. മനുഷ്യൻ പണിയെടുക്കാൻ മാത്രമുള്ളവനല്ല, അവന് വിനോദവും വിശ്രമവും കൂടിയേ തീരൂ. ആധുനിക ശാസ്ത്ര സാങ്കേതികവിദ്യയുടെ സഹായത്തോടെ ഇന്നു ജോലികൾ എളുപ്പമാകുന്നുണ്ട്. വിശ്രമത്തിനു കൂടുതൽ സമയം ലഭിക്കുന്നുണ്ട്. അതുകൊണ്ട് വിശ്രമസമയം ശരിയായി വിനിയോഗിക്കാൻ മാധ്യമങ്ങൾക്കു സഹായിക്കാൻ കഴിയും. വിശ്രമത്തിനു മാത്രമല്ല വിനോദത്തിനും മറ്റുമുള്ള കലാസാംസ്‌കാരികരംഗത്തും വളർച്ചയുണ്ടാകണം; ഈ രംഗത്തും പ്രോത്സാഹനം നൽകാൻ മാധ്യമങ്ങൾക്കു കഴിയും.
ആരോഗ്യപാലനരംഗത്ത് ചില മാധ്യമങ്ങൾ (പത്രമാസികകൾ ഉൾപ്പെടെയുള്ള) ചെയ്തിട്ടുള്ളതും ചെയ്യുന്നതുമായ സേവനം മറക്കാനാവില്ല. ആ രംഗത്ത് കേരളത്തിലുണ്ടായിട്ടുള്ള പുരോഗതിക്ക് മാധ്യമങ്ങൾ വലിയ പങ്കുവഹിക്കുന്നുവെന്നത് നിഷേധിക്കാൻ വയ്യ. വിദ്യാഭ്യാസസംബന്ധമായ ധാരാളം സാധ്യതകളും അവസരങ്ങളും ഇന്ന് പത്രങ്ങളിലൂടെയു മെല്ലാം ലഭിക്കുന്നുണ്ട്. പാചകവിധികൾപോലും ഇന്ന് മാധ്യമങ്ങളിൽ നിന്നു മനസ്സിലാക്കാൻ കഴിയുമെന്നത് അനേകർക്ക് അനുഗ്രഹമാണ്.
മാധ്യമ ഉടമകളുടെ ഉത്തരവാദിത്വം മാധ്യമങ്ങൾ ഉപകരണങ്ങളാണ്. അവയെ എങ്ങനെ ഉപയോഗിക്കുന്നു എന്നതാണു പ്രധാനം. അവയുടെ ശരിയായ ഉപയോഗം അനന്തമായ സാദ്ധ്യതകളിലേയ്ക്കു നമ്മെ നയിക്കാതിരിക്കില്ല. പക്ഷേ ശരിയായി അവയെ ഉപയോഗിക്കണമെങ്കിൽ മാധ്യമങ്ങൾ കയ്യാളുന്നവർ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. മാധ്യമങ്ങളുടെ ഉടമകൾ ആദർശശുദ്ധിയുള്ളവരും ഗുണകരമായ നയപരിപാടികൾ രൂപീകരിക്കുന്നവരുമായിരിക്കണം. പക്ഷേ പലരും കേവലം ലാഭേച്ഛയോ രാഷ്ട്രീയസ്വാധീനമോ മാത്രം ലക്ഷ്യമാക്കുന്നവരായിരിക്കും. ഇങ്ങനെയുള്ള ലക്ഷ്യങ്ങൾ നേടാൻ ശ്രമിക്കുമ്പോൾ മറ്റു ലക്ഷ്യങ്ങൾ അവഗണിക്കപ്പെടും. ധാർമ്മികതയും നഷ്ടപ്പെട്ടെന്നിരിക്കും. ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കുമെന്നു കൂടിയാണ് അവരുടെ ചിന്തയെങ്കിൽ ഏത് അധാർമ്മികമാർഗ്ഗങ്ങളും അവർ സ്വീകരിച്ചെന്നിരിക്കും.
മാധ്യമങ്ങൾ കൈകാര്യം ചെയ്യുന്ന പ്രവർത്തകർകൂടി ശ്രദ്ധിച്ചാലേ അവ പൊതുനന്മയ്ക്കു ചേർന്നതാവുകയുള്ളു; ധാർമ്മികനിലവാരം പുലർത്താനും സഹായകരമാവുകയുള്ളു. എല്ലാ മാധ്യമ പ്രവർത്തകർക്കും കാര്യങ്ങൾ ഗ്രഹിക്കാനും വിശകലനം ചെയ്യാനും കഴിവുണ്ടായിരിക്കണമെന്നില്ല. ചിലർക്ക് സ്വന്തം നേട്ടങ്ങൾ മാത്രമായിരിക്കാം ലക്ഷ്യം. ചിലർ ധാർമ്മികത നോക്കാത്തവരായിരിക്കാം. അവരുടെ പ്രവർത്തനം സമൂഹത്തിനു ദോഷകരമായിത്തീരും. നേരേമറിച്ച്, ജനങ്ങളുടെ ശരിയായ ഉന്നമനം ലക്ഷ്യമാക്കി പ്രവർത്തിക്കന്നവർക്കു വളരെ നന്മ ചെയ്യാനും കഴിയും. ശരിയായ പരിശീലനം നൽകി നല്ലയാളുകളെ മാധ്യമപ്രവർത്തനരംഗത്തേക്ക് അയയ്ക്കാൻ കഴിഞ്ഞാൽ അതു വലിയ സാമൂഹ്യസേവനമായിരിക്കും.
ധാർമ്മികതയ്ക്കനുസൃതമായി ഉപയോഗിക്കേണ്ട സ്വാതന്ത്ര്യം
മാധ്യമപ്രവർത്തകർക്ക് ധാർമ്മികബോധം കൂടിയേ തീരൂ. അവർ മൂല്യനിയന്ത്രണത്തെ കഴിയന്നത്ര ചെറുക്കുന്നവരാണ്. നിയന്ത്രിക്കുന്ന നിയമങ്ങൾക്ക് അവർ എതിരാണ്. സ്വയം നിയന്ത്രിക്കാനാണ് സർക്കാരുകൾ പോലും ആവശ്യപ്പെടുന്നത്. പ്രസ്സ് കൗൺസിൽ പോലെയുള്ള സമിതികൾ അതിനുള്ളവയാണ്. പക്ഷേ അവ പലപ്പോഴും അധികമൊന്നും ഇടപെടാറില്ല എന്നതാണു വസ്തുത. അഭിപ്രായസ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ അടിസ്ഥാനമൂല്യങ്ങളിലൊന്നാണ്. അതിന്റെ പേരിൽ എന്തുമാകാം എന്നാണ് പലരും ചിന്തിക്കുക.
അതുകൊണ്ട് മാധ്യമപ്രവർത്തകരുടെയും ഉടമകളുടെയും ധാർമ്മികബോധമാണ് ഉയരേണ്ടത്. അതിനായി അവർതന്നെയാണ് ശ്രമിക്കേണ്ടത്. താൽക്കാലികനേട്ടങ്ങൾക്ക് ഉപരിയായി പൊതുനന്മയെ കണ്ടില്ലെങ്കിൽ അവർ തന്നെ അതിന്റെ ഫലം അനുഭവിക്കേണ്ടിവരുമെന്നത് മനസ്സിലാക്കണം. സമൂഹത്തിൽ ശൈഥില്യമുണ്ടായാൽ സർവാധിപത്യമായിരിക്കും അരങ്ങേറുന്നത്. അവിടെ സ്വാതന്ത്ര്യത്തിന് ഒരു സ്ഥാനവു മുണ്ടായിരിക്കുകയില്ല. അതിനാൽ ധാർമ്മികതയുടെ ആവശ്യബോധം വളർത്തിയെടുക്കാൻ ഈ രംഗത്തു പരിശ്രമം ഉണ്ടാകണം. അതിനും പുറമെ പുതിയ മാധ്യമപ്രവർത്തകർക്ക് ധാർമ്മികബോധം നൽകാൻ പരിശീലനകേന്ദ്രങ്ങളിൽ പരിശ്രമിക്കണം. ധാർമ്മികപരിശീലനം നേടിയവർ മാധ്യമരംഗത്തുണ്ടായാൽ അതു വലിയ മാറ്റങ്ങൾക്കിടയാക്കും, സമൂഹത്തിന് അനുഗ്രഹമായിരിക്കുകയും ചെയ്യും.

സമകാലിക ദർശനം