2009 ജൂലൈ മാസം പഠനവിഷയം കുടുംബക്കൂട്ടായ്മ പഠനക്കളരി ഞായറാഴ്ചയാചരണം എന്തിന്?

ഫാ. എബി പുതുക്കുളങ്ങര

കർത്താവിന്റെ ദിവസം പരിശുദ്ധമായി ആചരിക്കണം എന്ന ദൈവകല്പന വി. ഗ്രന്ഥത്തിൽ ഏതു ഭാഗത്താണുള്ളത്?
ഇസ്രായേലിന്റെ സാബത്താചരണത്തെക്കുറിച്ചായിരുന്നു ഈ കല്പന. നാലു പഴയനിയമ ഭാഗങ്ങളാണ് ഇതിനടിസ്ഥാനമായുള്ളത്. ”സാബത്തു വിശുദ്ധദിനമായി ആചരിക്കണമെന്ന് ഓർമ്മിക്കുക. ആറു ദിവസം അദ്ധ്വാനിക്കുക. എല്ലാ ജോലികളും ചെയ്യുക. എന്നാൽ ഏഴാം ദിവസം നിന്റെ ദൈവമായ കർത്താവിന്റെ സാബത്താണ്. അന്നു നീ ഒരു ജോലിയും ചെയ്യരുത് (പുറ. 20:8-10). ”ഏഴാം ദിവസം സാബത്താണ്, കർത്താവിനു വിശുദ്ധമായ വിശ്രമദിനം.” (പുറ. 31:15)
സാബത്തിനെപ്പറ്റി പറയുമ്പോൾ വിശുദ്ധ ലിഖിതം സൃഷ്ടികർമത്തെ അനുസ്മരിക്കുന്നു. ”എന്തെന്നാൽ കർത്താവ് ആറുദിവസം കൊണ്ട് ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സമസ്തവും സൃഷ്ടിക്കുകയും ഏഴാംദിവസം വിശ്രമിക്കുകയും ചെയ്തു. അതുകൊണ്ട് അവിടുന്നു സാബത്തുദിനത്തെ അനുഗ്രഹിക്കുകയും വിശുദ്ധീകരിക്കുകയും ചെയ്തു.” (പുറ. 20:11)
കർത്താവിന്റെ ദിനത്തിൽ, വിശുദ്ധലിഖിതം ഈജിപ്തിലെ അടിമത്തത്തിൽ നിന്ന് ഇസ്രായേലിനുണ്ടായ വിമോചനത്തിന്റെ അനുസ്മരണത്തെക്കൂടി സൂചിപ്പിക്കുന്നു: ”നീ ഈജിപ്തിൽ ദാസനായിരുന്നുവെന്നും നിന്റെ ദൈവമായ കർത്താവു തന്റെ കരുത്തുറ്റ കരംനീട്ടി അവിടെനിന്നു നിന്നെ മോചിപ്പിച്ചുകൊണ്ടുവന്നുവെന്നും ഓർമിക്കുക. അതുകൊണ്ട് സാബത്തുദിനം ആചരിക്കാൻ അവിടുന്നു നിന്നോടു കൽപിച്ചിരിക്കുന്നു” (നിയ. 5:15).

ഈശോ സാബത്താചരണത്തിനെതിരായിരുന്നില്ലേ? ഈശോ സാബത്ത് ആചരിച്ചിരുന്നോ?
സാബത്തിന്റെ നിയമം ലംഘിക്കുന്നുവെന്ന് ഈശോയെ കുറ്റപ്പെടുത്തിയ ചില സംഭവങ്ങളും സുവിശേഷം സൂചിപ്പിക്കുന്നുണ്ട്. പക്ഷേ, ഈ ദിവസത്തിന്റെ വിശുദ്ധിയെ ഈശോ ഒരിക്കലും ഹനിക്കുന്നില്ല (മർ. 1:21, യോഹ. 9:16). അവിടുന്ന് ഈ നിയമത്തിനു യഥാർഥവും ആധികാരികവുമായ വ്യാഖ്യാനം നൽകി: ”സാബത്തു മനുഷ്യനുവേണ്ടിയാണ്. മനുഷ്യൻ സാബത്തിനു വേണ്ടിയല്ല (മർ. 2:27) ദ്രോഹം ചെയ്യാനല്ല, നന്മ ചെയ്യാനാണ്; ജീവൻ നഷ്ടപ്പെടുത്താനല്ല രക്ഷിക്കാനാണ് സാബത്ത് എന്നു സഹാനുഭൂതിയോടെ ഈശോ പ്രസ്താവിക്കുന്നു (മർ. 3:4). സാബത്തു കരുണാമയനായ കർത്താവിന്റെ ദിവസമാണ്, ദൈവത്തെ ബഹുമാനിക്കാനുള്ള ദിവസവുമാണ് (മത്താ. 12:5, യോഹ. 7:23). മനുഷ്യപുത്രൻ സാബത്തിന്റെയും കർത്താവാണ് (മർ. 2:28) (CCC 2173).

സാബത്താചരിക്കാനാണല്ലോ ദൈവം കല്പിച്ചിരിക്കുന്നത് പിന്നെന്തുകൊണ്ടാണ് നാം സാബത്താചരിക്കാതെ ഞായറാഴ്ച ആചരിക്കുന്നത്?
ആദ്യഘട്ടത്തിൽ, ആദിമ ക്രൈസ്തവർ സാബത്താചരിക്കുന്നു. അതോടൊപ്പം തന്നെ കർത്താവിന്റെ ദിവസത്തിന്റെ ആചരണവും അവർ നടത്തിവന്നു. ആഴ്ചയുടെ ഒന്നാം ദിവസത്തിന് പ്രാധാന്യം വന്നത് അന്ന് ഈശോയുടെ ഉത്ഥാനമായിരുന്നു എന്നതിനാലായിരുന്നു (മർക്കോ. 16:2, യോഹ. 20:19). ആഴ്ചയുടെ ആദ്യ ദിവസം ക്രൈസ്തവർ അപ്പം മുറിക്കാനായി ഒരുമിച്ചുകൂടിയിരുന്നു (നട. 20:7). പിന്നീട് ആഴ്ചയുടെ ആദ്യദിവസത്തിന്, ”കർത്താവിന്റെ ദിവസമെന്ന്” (വെളി. 1:10) പേരുതന്നെ വീണു. ബർണബാസും (100 എ.ഡി.) അന്ത്യോക്യയിലെ ഇഗ്നേഷ്യസും (107 എ.ഡി.) മുതലുള്ള സഭാപിതാക്കന്മാർ കർത്താവിന്റെ ദിവസം ആചരിക്കുന്നതിനെക്കുറിച്ച് എഴുതുന്നുണ്ട്. പടിപടിയായി വളർന്നു വ്യാപിച്ച ഞായറാഴ്ചയാചരണം ഔദ്യോഗികമായി സാബത്താചരണത്തിന് പകരം നിൽക്കുന്ന ഒന്നായി ആദ്യ നൂറ്റാണ്ടുകളിൽതന്നെ മാറി.

പഴയനിയമത്തിലെ സാബത്തും ഉത്ഥാനവും തമ്മിൽ വല്ല ബന്ധവുമുണ്ടോ?
തീർച്ചയായും ബന്ധമുണ്ട്. ഉത്ഥാനം പുതിയ സൃഷ്ടിയുടെ ദിനമാണ്. ”ആഴ്ചയുടെ ഒന്നാം ദിവസം” (മത്താ. 28:1) മരിച്ചവരിൽനിന്ന് ഈശോ ഉത്ഥാനം ചെയ്തു. അത് ”ഒന്നാം ദിവസം” ആയതുകൊണ്ട്, മിശിഹായുടെ ഉത്ഥാനം ആദ്യത്തെ സൃഷ്ടിയെ അനുസ്മരിപ്പിക്കുന്നു. അതു സാബത്തിനെ തുടർന്നുള്ള ”എട്ടാം ദിവസം” ആയതുകൊണ്ട് (മർ. 16:1), മിശിഹായുടെ ഉത്ഥാനത്തിൽ ഉദ്ഘാടനം ചെയ്യപ്പെട്ട പുതിയ സൃഷ്ടിയെ സൂചിപ്പിക്കുന്നു. ക്രിസ്ത്യാനികൾക്ക് ആ ദിവസം എല്ലാ ദിവസങ്ങളുടെയും ആദ്യദിവസമായി, എല്ലാ തിരുനാളുകളുടെയും ആദ്യത്തേതായി, കർത്താവിന്റെ ദിനമായി ഭവിച്ചു. അതാണ് ഞായറാഴ്ച (CCC 2174).

‘ഞായറാഴ്ചക്കടം’ എന്നതുണ്ടോ? ഞായറാഴ്ചക്കടം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്താണ്?
ഞായറാഴ്ച കുർബാനയിൽ പങ്കെടുത്ത് സമുചിതമായി ഞായറാഴ്ചയാചരിക്കാൻ വിശ്വാസികൾക്ക് ഗൗരവമായ കടമയുണ്ട് എന്ന് സഭ പഠിപ്പിക്കുന്നു (CCEO 881, SC 106). ആദിമസഭ ഞായറാഴ്ച ആചരണത്തെ എത്രമാത്രം തീക്ഷ്ണതയോടെയാണ് കണ്ടിരുന്നതെന്ന് ഉദാഹരണ സഹിതം ജോൺപോൾ രണ്ടാമൻ പാപ്പ വിശദീകരിക്കുന്നുണ്ട്. ഡയക്ലീഷൻ ചക്രവർത്തിയുടെ മതപീഡനകാലത്തെ ഞായറാഴ്ച സമ്മേളനങ്ങൾ കർശനമായി നിരോധിക്കപ്പെട്ടപ്പോൾ ”കർത്താവിന്റെ അത്താഴം കൂടാതെ ഞങ്ങൾക്കു ജീവിക്കാനാവുകയില്ല” എന്നു പറഞ്ഞ് മരിക്കാൻ സന്നദ്ധരായവർ ഏറെയായിരുന്നു എന്ന് മാർപ്പാപ്പ അനുസ്മരിക്കുന്നു.
ആദിമകാലത്ത് ഈ കടമയെ സംബന്ധിച്ച് നിയമമുണ്ടാക്കുക അത്യാവശ്യമാണെന്ന് കരുതിയിരുന്നില്ല. എന്നാൽ ചിലരുടെ ഉദാസീനത നേരിടേണ്ടി വന്നപ്പോഴാണ് ഞായറാഴ്ച കുർബാനയിൽ പങ്കെടുക്കുവാനുള്ള കടമയെപ്പറ്റി സഭ വ്യക്തമായി പറഞ്ഞത്. നാലാം നൂറ്റാണ്ട് മുതലുള്ള പ്രാദേശിക കൗൺസിലുകൾ ഇപ്രകാരം നിയമങ്ങൾ ഉണ്ടാക്കിയതായി നമുക്ക് കാണാൻ സാധിക്കും. ഏതായാലും ക്രൈസ്തവനെ സംബന്ധിച്ചിടത്തോളം ഞായറാഴ്ച ആചരണം ഒഴിച്ചുകൂടാനാവാത്തതാണ് എന്ന് സഭാ പ്രബോധനങ്ങൾ ഉദ്‌ബോധിപ്പിക്കുന്നു.

തീർത്ഥാടനകേന്ദ്രങ്ങൾ നമ്മുടെ നാട്ടിൽ ധാരാളം ഉണ്ടല്ലോ. ഇടവകയിൽതന്നെ ഞായറാഴ്ചയാചരണം നടത്തണം എന്നു പറയാൻ കാരണം എന്താണ്?
സഭ ഒരു സമൂഹവും കൂട്ടായ്മയുമാണെന്നതിന്റെ ദൃശ്യപ്രകാശനമാണ് ഞായറാഴ്ച കുർബ്ബാന. ഒരു സ്ഥലത്ത് ഒരു ഇടയനു കീഴിൽ ഒരേ അപ്പത്തിൽനിന്ന് ഭക്ഷിക്കാൻ വിശ്വാസികൾ ഒത്തുകൂടുന്നു. വചനം ശ്രവിച്ച് വി. കുർബ്ബാന ഉൾക്കൊണ്ട് ഒരു പ്രദേശത്തുള്ളവർ ഈശോയിൽ ഒന്നാകുന്നു. ഇടവക പ്രവർത്തനങ്ങളിൽ മർമ്മപ്രധാനവും സമൂഹനിർമ്മാണപരവുമായ ഒന്നാണ് ഞായറാഴ്ച കുർബ്ബാനയുടെ ആഘോഷം. ഞായറാഴ്ച ചെറിയ ഗ്രൂപ്പുകൾക്കുവേണ്ടിയും, സന്യാസഭവനങ്ങൾ, കുരിശു പള്ളികളിലുമൊക്കെയുള്ള കുർബ്ബാന നിരുത്സാഹപ്പെടുത്തണമെന്നും ഇടവകപ്പള്ളിയിലെ പൊതുവായ കുർബാബാനയർപ്പണവുമായി അവയെ കൂട്ടിയിണക്കണമെന്നും രണ്ടാം വത്തിക്കാൻ കൗൺസിൽ പഠിപ്പിക്കുന്നു. (SC 42). ഇടവകാംഗങ്ങൾ ഒരു സമൂഹമാണ് എന്ന ബോധം ഞായറാഴ്ച കുർബ്ബാനയർപ്പണം വഴി കൈവരുന്നു.
”ഒരു പ്രാദേശിക സഭയ്ക്കുള്ളിൽ സ്ഥിരമായ ഒരടിസ്ഥാനത്തിൽ സ്ഥാപിക്കപ്പെട്ട ക്രൈസ്തവവിശ്വാസികളുടെ സുനിശ്ചിതമായ സമൂഹമാണ് ഒരു ഇടവക; ഇടവകയുടെ അജപാലനപരമായ പരിചരണം ഒരു അജപാലകന്, അതിന്റെ സ്വന്തം ഇടയൻ എന്ന നിലയിൽ, രൂപതയുടെ മെത്രാനുള്ള അധികാരത്തിൻകീഴിൽ ഭരമേൽപിക്കപ്പെടുന്നു.” എല്ലാ വിശ്വാസികൾക്കും ഞായറാഴ്ച കുർബാനയുടെ ആഘോഷത്തിനു സമ്മേളിക്കാവുന്ന സ്ഥാനമാണത്. ഇടവക ആരാധനാജീവിതത്തിന്റെ സാധാരണ പ്രകാശനത്തിലേക്കു ക്രൈസ്തവജനതയെ ഔപചാരികമായി പ്രവേശിപ്പിക്കുന്നു. അത് ഈ ആഘോഷത്തിൽ അവരെ ഒന്നിച്ചുകൂട്ടുന്നു; അത് മിശിഹായുടെ രക്ഷാകരപ്രബോധനം പഠിപ്പിക്കുന്നു; അത് സത്പ്രവൃത്തികളിലും സഹോദരസ്‌നേഹത്തിലും കർത്താവിന്റെ സ്‌നേഹം അഭ്യസിക്കുന്നു (CCC 2179).
ഇടവകയിൽ കർത്താവിന്റെ ദിവസത്തിന്റെയും കർത്താവിന്റെ കുർബാനയുടെയും ആഘോഷം സഭാജീവിതത്തിന്റെ ഹൃദയത്തിലുള്ളതാണ്. ”അപ്പസ്‌തോലിക പാരമ്പര്യത്തിന്റെ വെളിച്ചത്തിൽ പെസഹാ രഹസ്യം ആഘോഷിക്കുകയും സാർവത്രിക സഭയിൽ കടപ്പെട്ട മൗലികമായ തിരുനാളായി ആചരിക്കുകയും ചെയ്യേണ്ട ദിവസമാണു ഞായറാഴ്ച.” (CCC 2177)
ദൈവം വിശ്രമിച്ച സാബത്തിനെ അനുസ്മരിപ്പിക്കുന്ന ദിനമാണ് ഞായറാഴ്ച എ ന്നൊക്കെ പറഞ്ഞാലും ആഴ്ചയിൽ ഏറ്റം തിരക്കുള്ള വിശ്രമിക്കാൻ നേരമില്ലാത്ത ദിവസമാണ് ഞായറാഴ്ച.

ഞായറാഴ്ച വിശ്രമ ദിനമാണെന്നു പറഞ്ഞത് ഒന്നു വിശദീകരിക്കാമോ?
ഞായറാഴ്ച ദിവസം പൊതു ആരാധനയിൽ പങ്കെടുക്കുന്നതിനെ തടയുന്നതോ, ആ ദിനത്തിന്റെ ആചരണത്തിൽനിന്നു ലഭ്യമാകുന്ന ആനന്ദത്തെ നഷ്ടപ്പെടുത്തുന്നതോ ആയ യാതൊരുവിധ ജോലികളിലും ഏർപ്പെടരുത്. അതുകൊണ്ട് പൊതുവ്യാപാര കൈമാറ്റങ്ങളും, പൊതുനിയമ നടപടികളും, അന്നേദിവസം നടത്തുവാൻ പാടില്ല. നിയമത്തിന്റെ ആന്തരിക തലത്തിലേക്ക് കടക്കുമ്പോൾ ഔദ്യോഗിക ജോലികളും, കായിക വിനോദങ്ങളും, ഞായറാഴ്ച ആരാധനയ്ക്ക് തടസ്സം നില്ക്കുന്നുണ്ടെങ്കിൽ അവ നിരോധിക്കുന്നു. ബൗദ്ധിക വ്യാപാരങ്ങളും സ്വതന്ത്ര കലകളും മറ്റും ദൈവാരാധനയെ തടയുകയും, ആദ്ധ്യാത്മിക ജീവിതത്തിന് തടസ്സം നില്ക്കുകയും ചെയ്യുന്നുവെങ്കിൽ അവ ഞായറാഴ്ച വിശ്രമത്തിന്റെ ചൈതന്യത്തിന് വിരുദ്ധമാണ്.
”അടിമവേല” എന്നതുകൊണ്ട് അർത്ഥമാക്കുന്നത് വളരെ കഠിനമായ കായികാദ്ധ്വാനമാണ്. ഖനനം, കൃഷി, മീൻപിടുത്തം, വ്യവസായ സ്ഥാപനങ്ങൾ, നിർമ്മാണ ജോലികൾ, കൈത്തൊഴിലുകൾ എന്നിവയെല്ലാം ഈ ഗണത്തിൽപ്പെടുന്നു. മണിക്കൂറിനോ, ദിവസത്തിനോ ഒരു നിശ്ചിത കൂലി നല്കുന്ന ജോലി അടമവേലയുടെ ഗണത്തിൽപ്പെടുന്നു. ഇത്തരം ജോലികളെല്ലാം ഞായറാഴ്ച വിശ്രമത്തിന് എതിരായിട്ട് കരുതപ്പെടുന്നു.

ഞായറാഴ്ചയാചരണത്തിൽ വിശ്രമത്തിൽനിന്ന് ഒഴിവു നൽകുന്ന നിയമങ്ങൾ വല്ലതുമുണ്ടോ?
കുടുംബപരമായ ആവശ്യങ്ങളും പ്രധാനപ്പെട്ട സാമൂഹ്യസേവന പ്രവർത്തനങ്ങളും ഞായറാഴ്ച വിശ്രമത്തിൽനിന്ന് ഒഴിവ് നല്കുന്നതായി കാത്തോലിക്കാ സഭയുടെ സാർവ്വത്രിക മതബോധന ഗ്രന്ഥത്തിൽ പഠിപ്പിക്കുന്നുണ്ട് (CCC 2185). വീട്ടുജോലികൾ, വസ്ത്രം അലക്കുക, കീറിയ വസ്ത്രം തുന്നുക തുടങ്ങിയവയും, പ്രവൃത്തിദിനങ്ങളിൽ അന്യസ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഞായറാഴ്ച സ്വന്തം കൃഷിസ്ഥലത്ത് ചെറിയ ജോലികളും ചെയ്യാവുന്നതാണ്. ഞായറാഴ്ച ജോലി ചെയ്തില്ലെങ്കിൽ കുടുംബം പുലർത്താൻ കഴിവില്ലാത്ത ദരിദ്രർ, വെള്ളപ്പൊക്കം, തീപിടുത്തം, ഭൂകമ്പം, അപകടം എന്നിവ മൂലമുള്ള സേവന പ്രവർത്തനങ്ങൾ തുടങ്ങിയ അവസരങ്ങളിൽ ഒഴിവ് നല്കുന്നു. പൊതുനന്മക്കും, സാമൂഹ്യക്ഷേമത്തിനും ആവശ്യമായ ജോലികൾ ചെയ്യാവുന്നതാണ്. വാഹന ഗതാഗതം, പെട്രോൾ പമ്പുകൾ, ഹോട്ടലുകൾ, ആശുപത്രികൾ എന്നിവയുടെ പ്രവർത്തനം, യന്ത്രങ്ങൾ നിർത്തിയിടുന്നതുമൂലം വലിയ നഷ്ടം സംഭവിക്കുന്ന വ്യവസായ ശാലയുടെ പ്രവർത്തനം എന്നിവ നടത്താവുന്നതാണ്. ഞായറാഴ്ച വിശ്രമത്തിന്റെ നിയമത്തിൽനിന്ന് ഒഴിവു കൊടുക്കുവാൻ രൂപതാദ്ധ്യക്ഷനും, ഇടവക വികാരിക്കും മാത്രമേ അധികാരമുള്ളു.
വ്യക്തിപരമായ ജീവിതത്തിൽ കുർബാന ജീവിക്കണം എന്ന് പിതാക്കന്മാർ പറയാറുണ്ടല്ലോ. ഇത് ഫലവത്താക്കാൻ, ‘കുർബ്ബാന ജീവിക്കാൻ’ എന്തു ചെയ്യണം?
ദൈവത്തിനും സഹോദരങ്ങൾക്കുമായി സമർപ്പിക്കപ്പെട്ട ദിവസമായിട്ടാണ് ആദിമ ക്രിസ്ത്യാനികൾ ഞായറാഴ്ചയെ കരുതിയിരുന്നത്. വേദനയനുഭവിക്കുന്നവരെ പ്രത്യേകം പരിഗണിക്കുകയും സഭാ സമൂഹം മുഴുവൻ അവരെ സഹായിക്കുവാൻ മുന്നോട്ട് വരികയും ചെയിതിരുന്നു. ആദിമ സഭയുടെ ഈ സമീപനം വ്യക്തമാണ്. ”നിങ്ങൾ ഓരോരുത്തരും കഴിവനുസരിച്ചുള്ള തുക ആഴ്ചയുടെ ആദ്യദിനം മാറ്റിവെയ്ക്കണം” (1 കോറി. 16:2). വിശുദ്ധ പൗലോസ് കോറിന്തോസിലെ സഭാ മക്കളോട് ജറുസലേമിലെ സഭയെ സഹായിക്കാൻ തയ്യാറാകണമെന്ന് ആഹ്വാനം ചെയ്യുന്നു. ഒരാഴ്ചത്തെ ജോലികളിൽ നിന്നുള്ള വിശ്രമം, കുടുംബാംഗങ്ങൾക്കും സഹോദരങ്ങൾക്കും കാരുണ്യപ്രവൃത്തികൾ ചെയ്യുവാനുള്ള സ്വാതന്ത്ര്യം നല്കുന്നു. ഈ ദിനത്തിൽ ദൈവാരാധന മാത്രമല്ല, ദൈവാരാധന പ്രവൃത്തികളിലൂടെ പ്രകടമാക്കുകയും ചെയ്യണം. സമൂഹത്തിൽ പീഡനമനുഭവിക്കുന്നവരെയും വേദനയനുഭവിക്കുന്നവരെയും സഹായിക്കുമ്പോൾ മാത്രമാണ് ഞായറാഴ്ച ആചരണം കൂടുതൽ അർത്ഥവത്താകുന്നത്. (CCC 2186).
പ്രായോഗികജീവിതത്തിൽ ഞായറാഴ്ചയാചരണം എങ്ങനെ ഫലപ്രദമാക്കാം?
ഞായറാഴ്ചയാചരണത്തിനു നാം നന്നായി ഒരുങ്ങണം. തിരക്കുപിടിച്ച ജീവിതമാണെങ്കിലും ശനിയാഴ്ച വൈകിട്ടു മുതൽ എല്ലാവരും വീട്ടിലുണ്ടാകുവാൻ പ്രേരിപ്പിക്കണം. ആഘോഷമായി റംശാനമസ്‌കാരം പരികർമ്മം ചെയ്യണം. പിറ്റേന്നത്തെ പരി. കുർബ്ബാനയ്ക്കുള്ള ഏറ്റവും നല്ല ഒരുക്കമാണിത്. വായിച്ചുകേട്ട വചനഭാഗം ചിന്തിച്ചുകൊണ്ടുറങ്ങാം എഴുന്നേൽക്കാം. തലേന്നത്തെ വായന ആവർത്തിച്ചു കേൾക്കുമ്പോൾ മനസ്സിൽ പതിയും, സജീവഭാഭാഗിത്വമുണ്ടാകും.
ഞായറാഴ്ച മുഴുവൻകുർബ്ബാനയിൽ പങ്കുചേരണം. നേരത്തെ വരണമെന്നു സാരം, ഞായറാഴ്ചകളിലെ ഇതര ആഘോഷങ്ങൾ ഒഴിവാക്കുന്ന ശൈലിയും സ്വീകരിക്കുന്നതു നല്ലതാണ്. പരി. കുർബ്ബാനയിലെ സജീവഭാഗഭാഗിത്വത്തോടൊപ്പം കാരുണ്യ പ്രവൃത്തികൾക്കും നാം പ്രാധാന്യം കൊടുക്കണം. ഇടവകയിലെ വൃദ്ധരെയും രോഗികളെ സന്ദർശിക്കുകയും അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുക. അകന്നു കഴിയുന്നവരെ കാണുക. ഇടവകയിലെ ഭക്ത സംഘടനാ പ്രവർത്തനങ്ങളിൽ സജീവമാകുക, വിൻസന്റ് ഡിപോൾ സൊസൈറ്റി പോലുള്ള ജീവകാരുണ്യ സംരംഭങ്ങളോടു സഹകരിക്കുക തുടങ്ങിയവയൊക്കെ നമുക്കു ചെയ്യാവുന്ന കാര്യങ്ങളാണ്.
തയ്യാറാക്കിയത് : ഫാ. എബി പുതുക്കുളങ്ങര