മാർ. ഏബ്രഹാം മറ്റം
വത്തിക്കാൻ കൗൺസിലിനുശേഷം കൗൺസിലിന്റെ പ്രബോധനങ്ങളെ തെറ്റിദ്ധരിച്ച് നവീകരണത്തിന്റെ പേരിൽ ആരാധനക്രമങ്ങൾ മാറ്റിമറിച്ച് വികലമാക്കിയതിനെക്കുറിച്ച് ജോൺ പോൾ രണ്ടാമൻ ആകുലതയോടെ എക്ലേസിയാ ദെ യൂക്കരിസ്തിയ എന്ന വിശ്വലേഖനത്തിൽ എഴുതിയതു കണ്ടുവല്ലോ. അതു മലബാർസഭയിൽ കടന്നുകൂടിയ അരാജകത്വത്തിന്റെ ഒരു ചിത്രമായി കരുതാം. ഓരോ രൂപതയും ഓരോ വൈദികനും സ്വാഭീഷ്ടമനുസരിച്ച് ബലി അർപ്പിച്ചുതുടങ്ങി. ഈ സ്ഥിതി അവസാനിപ്പിച്ച് കുർബാന സമർപ്പണത്തിൽ ഐകരൂപ്യവും സഭയിൽ ഐക്യവും കൈവരിക്കുന്നതിനുവേണ്ടി ഒരു ഏകീകൃതരീതി സഭയിലാകമാനം നടപ്പിലാക്കണമെന്ന് എല്ലാ രൂപതകളിൽനിന്നുമുള്ള വിശ്വാസികളുടെ പ്രതിനിധികളും സംബന്ധിച്ച സഭയുടെ ജനറൽ അസംബ്ലി സമ്മേളിച്ചപ്പോൾ ഒരു നിവേദനം നടത്തി. 1999 നവംബറിൽ സമ്മേളിച്ച സിനഡ്, ദീർഘമായ ചർച്ചകൾക്കുശേഷം പൂർണ്ണമായും അതു പൗരസ്ത്യ പാരമ്പര്യത്തിനു യോജിച്ചതല്ലായിരുന്നെങ്കിലും വിട്ടുവീഴ്ചകളോടെ ഒരു ഏകീകൃതരൂപം സർവ്വസമ്മതമായി അംഗീകരിച്ചു. 2000 ജൂലൈ 3-ാം തീയതി അതു നടപ്പിലാക്കണമെന്നും തീരുമാനിച്ചു. ചുരുക്കം ചില വ്യത്യാസങ്ങളോടെ റോമിൽനിന്ന് അതിന് അംഗീകാരവും ലഭിച്ചു. ഈ നിശ്ചയമനുസരിച്ച് ആരംഭഭാഗം ജനങ്ങളെ അഭിമുഖീകരിച്ചും വചനവേദിയിൽനിന്ന് വിശ്വാസപ്രമാണം ചൊല്ലിയശേഷം പുരോഹിതൻ പ്രവേശിക്കുന്നതുമുതൽ അവസാനംവരെ ജനങ്ങളോടൊപ്പം അൾത്താരയിലേക്കു തിരിഞ്ഞുനിന്നും കുർബാന അർപ്പിക്കുന്നു.
എന്നാൽ നിശ്ചിതദിവസമായപ്പോൾ ചില മെത്രാന്മാർ അതു നടപ്പിലാക്കിയില്ല. ഒരു വിഭാഗം വൈദികരുടെ എതിർപ്പും അതിനു കാരണമായി. അതോടെ കാര്യങ്ങൾ ഒന്നുകൂടി കലുഷിതമായി. ഇന്ന് ചുരുക്കം ചില രൂപതകൾ ഒഴിച്ചാൽ മറ്റു സ്ഥലങ്ങളിൽ അധികപങ്കു വൈദികരും ജനങ്ങൾക്കഭിമുഖമായിട്ടാണ് കുർബാന അർപ്പിക്കുന്നത്.
ജനങ്ങൾക്കഭിമുഖമായി കുർബാന അർപ്പിക്കുന്നതിനെപ്പറ്റി വത്തിക്കാൻ കൗൺസിൽ യാതൊന്നും പറയുന്നില്ലെന്നും, ക്രൈസ്തവപാരമ്പര്യം വൈദികൻ ജനങ്ങളോടൊപ്പം വരാനിരിക്കുന്ന മിശിഹായെ പ്രതീക്ഷിച്ചുകൊണ്ട് തീർത്ഥയാത്രകരെപ്പോലെ ഒരേ ദിശയിലേക്ക് തിരിഞ്ഞു കുർബാന അർപ്പിക്കയാണെന്നു നാം നേരത്തെ കണ്ടു.
കർദ്ദിനാൾ റാറ്റ്‌സിംഗരുടെ കൃതികൾ 16 വാല്യങ്ങളായി പ്രസിദ്ധപ്പെടുത്തുകയാണ്. ആദ്യവാല്യം 2008 ഒക്‌ടോബറിൽ പ്രകാശിതമായി. ലിറ്റർജിക്ക് അദ്ദേഹം നൽകുന്ന പ്രഥമസ്ഥാനം നിമിത്തം ആ വിഷയത്തെ അധികരിച്ചുള്ള പ്രതിപാദനങ്ങളാണ് അതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ആ വാല്യത്തിന് ബനഡിക്ട് പതിനാറാമൻ പാപ്പാ (റാറ്റ്‌സിംഗർ) എഴുതിയ ആമുഖത്തിൽ ഇപ്രകാരം പ്രസ്താവിക്കുന്നു. മുഖത്തോടു മുഖം നോക്കിക്കൊണ്ടു പ്രാർത്ഥിക്കണമെന്ന ആശയം ആധുനികകാലസഭയിൽ ഉത്ഭവിച്ചതാണ്. പുരാതനകാലത്തിനു തികച്ചും വിഭിന്നമാണത്. പുരോഹിതരും ജനങ്ങളും പരസ്പരമല്ല പ്രാർത്ഥിക്കുന്നത്. ഏക കർത്താവിൻ പക്കലേക്കാണ് പ്രാർത്ഥിക്കുന്നത്. അതിനാൽ പ്രാർത്ഥനയിൽ ഒരേ ദിശയിലേക്കു തിരിഞ്ഞുനിൽക്കുന്നു, അഥവാ ആഗതനാകുവാനിരിക്കുന്ന മിശിഹായുടെ ആഗോളപ്രതീകമായി കിഴക്കോട്ടു തിരിയുന്നു; അതു സാധ്യമല്ലാത്തപ്പോൾ ഭിത്തിയിൽ സ്ഥാപിതമയിരിക്കുന്ന മിശിഹായുടെ രൂപത്തിലേക്ക്, കുരിശിലേക്ക് തിരിയുന്നു.
കുർബാന ജനങ്ങളുടെ നേരെ തിരിഞ്ഞു ചൊല്ലുമ്പോൾ സ്വാഭാവികമായും അതു പുരോഹിതനും ജനങ്ങളും തമ്മിലുള്ള ഒരു സംഭാഷണത്തിന്റെ പ്രതീതിയാണ് ഉളവാക്കുന്നത്. ദൈവവുമായി സമ്പർക്കത്തിലേർപ്പട്ടിരിക്കുന്നു എന്ന അന്തരീക്ഷമല്ല സംജാതമാകുന്നത്. പരിശുദ്ധ കുർബാനയുടെ അലൗകികസ്വഭാവം പ്രദ്യോതിപ്പിക്കുകയോ അനുഭവവേദ്യമാക്കുകയോ ചെയ്യുന്നില്ല .
തിരുസ്സഭയുടെ പരസ്യാരാധനക്രമം പൂജ്യമാണ്, പവിത്രമാണ് എന്ന മനോഭാവം സീറോമലബാർസഭയിൽ നഷ്ടപ്പെട്ടിരിക്കുകയാണ്. അതിന്റെ പ്രതിഫലനമാണ് പള്ളികളിലെല്ലാം കാണുന്നത്.
സീറോമലബാർ സിനഡും പരിശുദ്ധ സിംഹാസനവും അംഗീകരിച്ച തക്‌സായും കർമ്മക്രമങ്ങളും നിലവിലുണ്ട്. എന്നാൽ അതു വിശ്വസ്തതയോടെ അനുഷ്ഠിക്കുന്നത് ചുരുക്കം രൂപതകളിൽ മാത്രമാണ്. പല വൈദികരും ഏതാനും ക്രമങ്ങളും പ്രാർത്ഥനകളും വിട്ടുകളയും; സ്വന്തമായി ചില പ്രാർത്ഥനകൾ കൂട്ടിച്ചേർക്കുകയും ചെയ്യുന്നു.
20 – 25 മിനിട്ടുകൊണ്ട് കുർബാന പൂർത്തിയാക്കിയിട്ട് ഉടനെ ഒരു മണിക്കൂർ ആരാധനയോ ആഘോഷമായ നൊവേനയോ നടത്തുന്ന അനുഭവവും കുറവല്ല.
തനിച്ചു കുർബാന ചൊല്ലുമ്പോൾ പാന്റും ഷർട്ടും അതിനു മുകളിൽ ഊറാറയും മാത്രം ധരിച്ചു കുർബാന ചൊല്ലുന്നത് പലപ്പോഴും കാണുവാൻ ഇടയായിട്ടുണ്ട്. ജോൺ പോൾ രണ്ടാമൻ പാപ്പായുടെ നിർദ്ദേശമനുസരിച്ച് ദൈവാരാധനയ്ക്കുള്ള തിരുസംഘം 2004 മാർച്ചിൽ പ്രസിദ്ധപ്പെടുത്തിയ റെഡംപ്‌സിയോനിസ് സാക്രമെന്റും (Redemptionis Sacramentum) എന്ന രേഖയിൽനിന്ന് പ്രസക്തമായ ഒരു ഭാഗം ഉദ്ധരിക്കുന്നു: ”പുരോഹിതൻ തിരുവസ്ത്രങ്ങൾ അണിയാതെ, സന്ന്യാസവസ്ത്രമോ സാധാരണവസ്ത്രമോ ധരിച്ച് അതിനു പുറമെ ഊറാറമാത്രം ഇട്ടുകൊണ്ട് പരിശുദ്ധ കുർബാനയോ മറ്റു തിരുക്കർമ്മങ്ങളോ അനുഷ്ഠിക്കുക എന്ന ദുരാചാരം അധിക്ഷേപാർഹമാണ്.” (RS 126).
പരിശുദ്ധ കുർബാന അർപ്പിക്കുന്നതിനായി പ്രതിഷ്ഠിക്കപ്പെട്ട ദൈവാലയത്തിന്റെ പൂജ്യതയെപ്പറ്റിയുള്ള അവബോധവും നഷ്ടപ്പെട്ടിരിക്കുകയാണ്. കുർബാന കഴിഞ്ഞാൽ ദൈവാലയം ഒരു സമ്മേളനവേദിയായി മാറും. ചിലപ്പോൾ മദ്ബഹായിൽ വച്ചുതന്നെയായിരിക്കും വൈദികപട്ടത്തിന്റെ, വിവാഹത്തിന്റെ ജൂബിലി, ഇടവകദിനം മുതലായവയുടെ ആഘോഷം, ബുക്കെ സമർപ്പണം, അനുമോദനപ്രസംഗങ്ങൾ, കൈയടി, സംഗീതം ഇങ്ങനെയൊരു പരിപാടിക്കുള്ള ഹാൾപോലെ! മറ്റു സ്ഥലം അന്വേഷിച്ചു പോകേണ്ടല്ലോ.
സഭയുടെ സിനഡ് പരിഷ്‌കരിച്ച് അംഗീകരിച്ച് പുതിയ കൂദാശക്രമങ്ങൾ 2006 ജനുവരി 6 ന് പ്രാബല്യത്തിലായി. പഴയ കൂദാശക്രമങ്ങളെല്ലാം അതോടെ അസാധുവാക്കി. പക്ഷെ ഇന്നും ചില രൂപതകളിൽ പല വൈദികരും ‘അബ്‌റൊഗേറ്റ്’ ചെയ്ത ക്രമങ്ങളാണ് ഉപയോഗിക്കുന്നത്. വിശ്വാസികൾ ഇതെല്ലാം സഹിക്കേണ്ടിവരുന്നു.
സഭയ്ക്ക് സിനഡ് അംഗീകരിച്ച യാമപ്രാർത്ഥനകൾ ഉണ്ട്. അത് ഭക്തിപൂർവം ചൊല്ലുന്നതിന് അധികം സമയം വേണ്ടിവരികയില്ല. അതിനുപകരം കുറെക്കൂടെ ഹ്രസ്വമായ പ്രാർത്ഥനക്രമം വ്യക്തികൾ രചിച്ചതുണ്ട്. യാമപ്രാർത്ഥനയ്ക്കു പകരം ചില രൂപതകളിലും പല സന്ന്യാസഭവനങ്ങളിലും ഇതിനോടാണു പ്രതിപത്തി. സഭയുടെ ഔദ്യോഗികയാമപ്രാർത്ഥന ചൊല്ലണമെന്ന കടമ ഈ പ്രാർത്ഥനകൾ ചൊല്ലിയതുകൊണ്ട് നിർവഹിക്കപ്പെടുമോ എന്നു സംശയമാണ്.
ലത്തീൻസഭയിൽ വത്തിക്കാൻ കൗൺസിലിനുശേഷം ചില പ്രദേശങ്ങളിൽ ലിറ്റർജിപരമായ കാര്യങ്ങളിൽ അനുഭവപ്പെടുന്ന ക്രമക്കേടുകളെയും ദുരാചാരങ്ങളെയുംക്കുറിച്ച് ജോൺ പോൾ രണ്ടാമൻ പാപ്പായും ബനഡിക്ട് മാർപാപ്പയും ഉൽബോധിപ്പിക്കുന്നത് നാം കണ്ടുവല്ലോ. പുരാതനമായ ട്രിഡെന്റയിൻ കുർബാന, അതിന്റെ കർമ്മവിധികൾ പാലിച്ചുകൊണ്ട് ലത്തീൻഭാഷയിൽ പുരോഹിതനും ജനങ്ങളും ഒരേ ദിശയിലേക്കു തിരിഞ്ഞ് (അൾത്താരയിലേക്ക്) അർപ്പിക്കുന്ന രീതി പ്രചാരത്തിലാക്കി. ആരാധനക്രമത്തിന്റെ നേർക്ക് നഷ്ടപ്പെട്ട പൂജ്യതാമനോഭാവം പുനഃസ്ഥാപിക്കുകയാണ് ബനഡിക്ട് മാർപാപ്പായുടെ ലക്ഷ്യം.
സീറോമലബാർസഭയിലെ ദൈവാരാധനാപരവും സഭാത്മകവും ആദ്ധ്യാത്മികവുമായ ജീവിതം ഇതിലുമധികം അധഃപതിക്കാനില്ല. കരേറുവാൻ ക്ലേശമുള്ള ഒരഗാധഗർത്തത്തിൽ നിപതിച്ച സ്ഥിതിയാണ്; നിരാശപ്പെടേണ്ടതില്ല. സഭയിൽ ഇന്ന് അനുഭവപ്പെടുന്ന പരിതാപകരമായ സ്ഥിതിയെക്കുറിച്ച് സകലരും ആത്മപരിശോധന ചെയ്യേണ്ട അവസരമാണ്. പരിശുദ്ധ കുർബാനയെയും മറ്റാരാധനക്രമങ്ങളെയും കുറിച്ച് ‘പൂജ്യമനോഭാവം’ വീണ്ടെടുക്കേണ്ടതാണ്. തുടക്കം, പരിശുദ്ധ കുർബാന അർപ്പിക്കുന്നതിൽ സഭയിലാകമാനം ഐകരൂപ്യം വരുത്തുന്നതിനു സ്വീകരിച്ച നിശ്ചയം പ്രയോഗത്തിൽ വരുത്തിക്കൊണ്ടായിരിക്കണം. അതിന് സഭയുടെ ആധികാരികപ്രബോധനങ്ങളെക്കുറിച്ചുള്ള പരിജ്ഞാനം വ്യാപകമായി ലഭ്യമാക്കേണ്ടതുണ്ട്. വിശ്വാസികളെ പ്രത്യേകം പ്രബുദ്ധരാക്കേണ്ടതാണ്. ദൈവത്തിൽ ആശ്രയിച്ചുകൊണ്ട് മുമ്പോട്ടു നീങ്ങാം. മിശിഹാ ആഗതനാകുമ്പോൾ കുറ്റമറ്റവരും നിർമ്മലരുമായി കാണപ്പെടാം.