ഡോ. കെ. എസ്സ്. രാധാകൃഷ്ണൻ
കമ്യൂണിസം അതിന്റെ സ്വഭാവത്തിൽ തന്നെ പ്രകൃതിവിരുദ്ധവും ജനവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ പ്രത്യയശാസ്ത്രമാണെന്ന് പ്രമുഖ ചിന്തകനും കാലടി സർവ്വകലാശാലാ മുൻ വൈസ്ചാൻസിലറുമായ ഡോ. കെ.എസ്. രാധാകൃഷ്ണൻ വിലയിരുത്തുന്നു. അങ്കമാലിയിൽ ജൂൺ 13 നു നടന്ന വിമോചന സമര സുവർണ്ണജൂബിലി അനുസ്മരണ സിമ്പോസിയത്തിൽ നടത്തിയ പ്രഭാഷണത്തിലാണു കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ വിനാശകരമായ ഈ ഭാവം അദ്ദേഹം വിശകലന വിധേയമാക്കിയത്. പ്രപഞ്ചത്തിന്റെ സ്വഭാവംതന്നെ വൈവിദ്ധ്യം കലർന്നതാണ്. പ്രകൃതിയിലും വ്യക്തികളിലും സമൂഹങ്ങളിലുമെല്ലാം ഇതു ദ്യശ്യമായിരിക്കുന്നു. ലോകത്തിൽ വ്യത്യസ്ത ജനപദങ്ങൾ രൂപപ്പെട്ടതുപോലും ഈ വൈവിദ്ധ്യം മൂലമാണ്. നാനാത്വത്തിന്റെ താളാത്മകമായ ഈ സമന്വയമാണ് പ്രപഞ്ചത്തിന്റെ സൗന്ദര്യത്തിനാധാരം. ഈ വൈവിദ്ധ്യം വൈകല്യമായികരുതുന്നവർ മാത്രമേ ഒരു വർഗ്ഗത്തിന്റെ നിലനിൽപ്പിന് മറ്റോരുവർഗ്ഗത്തെ ഉന്മൂലനം ചെയ്യണമെന്നു വാശിപിടിക്കൂ. ഇത് പ്രകൃതി നിയമത്തിനു തന്നെ വിരുദ്ധമായ കാര്യമാണ്. വർഗ്ഗസമരത്തിലൂടെ അധികാരം പിടിച്ചടക്കാൻ കൂട്ടക്കൊലയും തച്ചുതകർക്കലും മാർഗ്ഗമാക്കുന്ന കമ്യൂണിസം പ്രകൃതിയുടെ വൈവിദ്ധ്യഘടനയെ നിഷേധിക്കുന്നതും ഏകാധിപത്യപരവുമാകുന്നത് അതുകൊണ്ടാണ്. ഭാരതസംസ്‌കാരം എന്നും വൈവിധ്യസമന്വയത്തിലാണ് അടിസ്ഥാനമുറപ്പിച്ചിരിക്കുന്നത്. അതുകൊണ്ടാണിവിടെ ജനാധിപത്യം വേരുപിടിച്ചിരിക്കുന്നത്. വ്യത്യസ്ത ആശയങ്ങളുടെ സംവാദവേദിയാണു ജനാധിപത്യം. അവിടെ ഭൂരിപക്ഷത്തിനും ന്യൂനപക്ഷത്തിനും അവകാശങ്ങളും അഭിപ്രായങ്ങളുമുണ്ടായിരിക്കും. വ്യത്യസ്ത വിഭാഗങ്ങളുടെ ആശയവൈരുദ്ധ്യങ്ങളിൽനിന്ന് ആശയസമന്വയത്തിലേക്ക് ജനാധിപത്യസംവാദം ആരോഗ്യകരമായി വളരുന്നു. എതിർ ആശയങ്ങളെ വച്ചുപുലർത്തുന്ന സഹിഷ്ണുത അതു നിലനിർത്തുന്നു. പ്രപഞ്ചസ്വഭാവത്തോടു പൊരുത്തപ്പെടുന്ന ഒന്നായി ജനാധിപത്യം മാറുന്നത് അതിനാലാണ്.
എന്നാൽ കമ്യൂണിസം ഇതിനു നേരേ വിരുദ്ധമായ ആശയമാണു മുന്നോട്ടു വയ്ക്കുന്നത്. ജനാധിപത്യസംസ്‌കാരത്തോടു കൂറു പുലർത്താൻ ഒരിക്കലും കമ്യൂണിസ്റ്റുകാർക്കു സാധിക്കുകയില്ല. അതുകൊണ്ടാണ് തങ്ങളുടേതിൽനിന്നു വ്യത്യസ്തമായ ആശയങ്ങളോടും അതു പരസ്യമായി പ്രകടിപ്പിക്കുന്നവരോടും കമ്യൂണിസ്റ്റുകാർ തികഞ്ഞ അസഹിഷ്ണുത കാട്ടുന്നതും അവയെ അഥവാ അവരെ പാടേ നിർമ്മാർജ്ജനം ചെയ്യാൻ തുനിയുന്നതും. എം. വി. രാഘവനോടുള്ള വിരോധം തീർക്കാൻ പാപ്പിനിശ്ശേരിയിൽ പാമ്പിനെ ചുട്ടുകൊല്ലുന്ന ആഭാസത്തിലേക്കുവരെ അതു വളർന്നു. അതു കേരളത്തിലെ കമ്യൂണിസത്തിന്റെ മാത്രം കുഴപ്പമല്ല; ലോകമെങ്ങുമുള്ള കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രവാദികളുടെയും ഭരണകൂടങ്ങളുടെയും പൊതുസ്വഭാവം അതുതന്നെയാണ്. എതിർക്കുന്നവരെയെല്ലാം അഥവാ തങ്ങൾക്കിഷ്ടമില്ലാത്തതിനെയെല്ലാം പാടേ തുടച്ചുനീക്കുക. അതിനായി ഏതറ്റംവരെയും പോകുക… അതാണവരുടെ നയം.
ഈ ഭീഷണവും ഭീകരവുമായ സ്വഭാവമാണ് വിദ്യാഭ്യാസരംഗത്ത് ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കാനും കേരളത്തിന്റെ വിദ്യാഭ്യാസനിലവാരത്തെത്തന്നെ തകർക്കാനും അവരെ പ്രേരിപ്പിക്കുന്നത്. 1959-ലെ വിമോചനസമരത്തിലേക്കു വളർന്ന പ്രധാന കാരണങ്ങളിലൊന്ന്, ഇന്നത്തെപ്പോലെതന്നെ, കമ്യൂണിസ്റ്റ് മന്ത്രിസഭ വിദ്യാഭ്യാസരംഗത്തു നടത്തിയ അതിക്രമിച്ചു കയറ്റങ്ങളായിരുന്നു. ന്യൂനപക്ഷസമുദായങ്ങൾക്ക് അവയുടെ വിശ്വാസവും സംസ്‌കാരവും സംരക്ഷിക്കാനും വളർത്താനും ഉതകുന്ന രീതിയിൽ വിദ്യാഭ്യാസപ്രവർത്തനങ്ങൾ നടത്താമെന്ന ഭരണഘടനാപരമായ അവകാശത്തിന്റെ കടയ്ക്കൽ കത്തിവക്കാനായിരുന്നു ആ മന്ത്രിസഭയുടെ നീക്കം.
കേരളവിദ്യാഭ്യാസമണ്ഡലത്തിൽ ക്രൈസ്തവർ – പ്രത്യേകിച്ച് കത്തോലിക്കാസഭ- നടത്തിയ നിസ്തുലമായ സേവനങ്ങളെ പാടേ അവഗണിച്ചുകൊണ്ട് സ്വകാര്യവിദ്യാലയങ്ങൾ തങ്ങളുടെ ചൊല്പടിക്കു കീഴിലാക്കാൻ ഇ.എം.എസ്. സർക്കാരും കമ്യൂണിസ്റ്റ് പാർട്ടിയും നടത്തിയ നീക്കത്തെ സഭ ശക്തിയായി എതിർത്തത് അക്ഷന്തവ്യമായ എന്തോ അപരാധമാണെന്ന മട്ടിൽ ഇന്നു പലരും പ്രചരിപ്പിക്കാറുണ്ട്. കമ്യൂണിസ്റ്റ് പ്രചാരവേലയുടെ ഒരു പൊതുസ്വഭാവം അതാണ്: തങ്ങൾ ചെയ്തതും ചെയ്യുന്നതും മാത്രമാണ്, തങ്ങൾ പറഞ്ഞതും പറയുന്നതും മാത്രമാണ് ശരി എന്നും അതാണു ഭൂരിപക്ഷാഭിപ്രായമെന്നും നിരന്തരം പറഞ്ഞുകൊണ്ടിരിക്കുക. എതിർനിലപാടുകളെ വികലവും ജനവിരുദ്ധവുമായ ന്യൂനപക്ഷാഭിപ്രായമെന്നു നിരന്തരം ആക്ഷേപിച്ചൊതുക്കുക.
ഏറ്റവും ചെറിയ ന്യൂനപക്ഷത്തിനുപോലും സംരക്ഷണം നല്കാൻ വ്യവസ്ഥകളുള്ള ഭരണഘടനയാണിന്ത്യയ്ക്കുള്ളത്. ന്യൂനപക്ഷത്തെ ഇല്ലാതാക്കുന്നതല്ല, അതിനെ സ്വതന്ത്രമായി വളരാനനുവദിക്കുന്ന സംസ്‌കാരമാണിവിടെയുള്ളത്.
എന്നാൽ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ഇതിനു കടകവിരുദ്ധമായ സ്വഭാവമാണു പുലർത്തുന്നത്. സ്വന്തം പാർട്ടിയിലും പുറത്തും ഭൂരിപക്ഷതീരുമാനത്തിനു ന്യൂനപക്ഷം വഴങ്ങണമെന്നു തുടർച്ചയായി വാദിക്കുന്നവരാണവർ. വി.എസി.നെതിരേ ശിവദാസമേനോൻ നടത്തിയ പ്രസ്താവന ഇതിനു തെളിവാണ്. ന്യൂനപക്ഷത്തെ സംരക്ഷിക്കുന്ന താത്ത്വിക അടിത്തറ കമ്യൂണിസത്തിനില്ല. അങ്ങനെയിരിക്കെ, തങ്ങൾ ഇന്ത്യയിലെ ന്യൂനപക്ഷ സംരക്ഷകരാണെന്നു വായ്ത്താരി മുഴക്കുന്നതു തികഞ്ഞ കാപട്യമാണ്.
കമ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെ മറ്റൊരു കുഴപ്പം അവർ നിർമ്മിക്കുന്ന നിയമങ്ങളിൽ കടന്നുകൂടുന്ന നിയമവിരുദ്ധതയാണ്. 57-ലെ ഒന്നാം മുണ്ടശ്ശേരിയും ഇപ്പോൾ രണ്ടാം മുണ്ടശ്ശേരിയായി വേഷംകെട്ടുന്ന എം.എ. ബേബിയും നിർമ്മിച്ച വിദ്യാഭ്യാസനിയമങ്ങൾ അതിനു തെളിവാണ്. വിമോചനസമരത്തിലേക്കു നയിച്ച വിദ്യാഭ്യാസപ്രശ്‌നങ്ങളെ സമീപകാലസംഭവങ്ങളുമായി താരതമ്യപ്പെടുത്തിക്കൊണ്ട് ഡോ. രാധാകൃഷ്ണൻ വിലയിരുത്തുന്നു.
നിയമങ്ങൾ നിർമ്മിക്കുമ്പോൾ ചില നിബന്ധനകൾ പാലിക്കേണ്ടതുണ്ട്. ഓരോ നിയമവും ഇന്ത്യൻ ഭരണഘടനയ്ക്കു വിധേയമായിരിക്കണം. അത് രാഷ്ട്രതാല്പര്യങ്ങൾക്കു ഹാനിവരാത്തവിധം ജനതയുടെ മൗലികാവകാശങ്ങളെ പരിപാലിക്കുന്നതായിരിക്കണം. മാത്രമല്ല, അതു പ്രായോഗികമായി നടപ്പിലാക്കാൻ പറ്റുന്നതുമായിരിക്കണം.
ഒന്നാം മുണ്ടശ്ശേരിയും രണ്ടാം മുണ്ടശ്ശേരിയും കൊണ്ടുവന്ന വിദ്യാഭ്യാസ പരിഷ്‌കാരങ്ങൾ ഈ മൂന്നു നിബന്ധനകളെയും ലംഘിക്കുന്നതായിരുന്നു. രണ്ടുപേർക്കും പൊതുവായുള്ള സ്വഭാവമാണ് ന്യൂനപക്ഷവിരുദ്ധത. ഭരണഘടന വിദ്യാഭ്യാസപ്രവർത്തനങ്ങൾ നടത്താൻ ന്യൂനപക്ഷങ്ങൾക്കു നല്കുന്ന അവകാശത്തെ നിഷേധിക്കുന്ന കമ്യൂണിസ്റ്റുസ്വഭാവത്തിന്റെ തെളിവാണ് സ്വാശ്രയനിയമത്തിലെ 81 അ, ആ വകുപ്പുകൾ.
മൗലികാവകാശങ്ങളെ നിഷേധിക്കുന്ന നിയമങ്ങൾ ഉണ്ടാക്കുമെന്നതിന്റെ തെളിവാണ് സി. പി. നായർ അദ്ധ്യക്ഷനായ കെ.ഇ.ആർ. പരിഷ്‌കാരകമ്മറ്റി നിർദ്ദേശങ്ങൾ. സ്വകാര്യവിദ്യാഭ്യാസസ്ഥാപനങ്ങളിലെ മുഴുവൻ നിയമനങ്ങളും സർക്കാർ അധീനതയിലാക്കാൻ മുണ്ടശ്ശേരി നടത്തിയ നീക്കത്തിന്റെ തുടർച്ചയായാണു ബേബിക്കുവേണ്ടി സി. പി. നായർ കമ്മറ്റി വച്ച നിർദ്ദേശങ്ങൾ. സ്ഥാപനങ്ങൾ തുടങ്ങിയവരുടെ മൗലികാവകാശങ്ങളെ ഹനിക്കുന്നവയാണ് ഈ നിർദ്ദേശങ്ങളെന്ന സാമാന്യബോധം മാത്രം പക്ഷേ കമ്മറ്റിക്കില്ലാതെപോയി.
കമ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെ അപ്രായോഗിക സമീപനത്തിനുദാഹരണമാണു ഡോ. അനന്തമൂർത്തി അദ്ധ്യക്ഷനായ സമിതി നിർമ്മിച്ച സർവ്വകലാശാലാബിൽ. മുഴുവൻ സർവ്വകലാശാലകൾക്കും പൊതുവായ റിക്രൂട്ട്‌മെന്റ് ഏജൻസി വേണമെന്ന നിർദ്ദേശം സർവ്വകലാശാലകളുടെ സ്വയംഭരണാവകാശത്തെ തകർക്കുന്നതും സ്ഥാപനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെത്തന്നെ ഇല്ലാതാക്കുന്നതുമായിരിക്കും.
ആധുനികവിദ്യഭ്യാസത്തിന്റെ രൂപസ്വഭാവങ്ങളിൽ വലിയ മാറ്റങ്ങൾ വന്നിട്ടുണ്ടെന്ന യാഥാർത്ഥ്യം ഇടതുസർക്കാരുകൾ അംഗീകരിക്കാത്തതാണ് ഇവിടുത്തെ വലിയ പ്രശ്‌നം. വിദ്യാഭ്യാസത്തിൽ കേരളം ഇന്ത്യക്കാകെ മാതൃകയാണെന്നു പറയാറുണ്ട്. എന്നാൽ ഇതു ഹയർ സെക്കണ്ടറിതലംവരെ മാത്രമാണെന്നു മറക്കരുത്. ഈ തലംവരെയുള്ള വികസനത്തിലൂടെ വിദ്യാഭ്യാസത്തിന്റെ പ്രാഥമികഘട്ടവികസനം നാം പൂർത്തീകരിച്ചു കഴിഞ്ഞുവെന്നു പറയാം. അതിൽ നാം പ്രധാനമായും കടപ്പെട്ടിരിക്കുന്നതു നേരത്തെ സൂചിപ്പിച്ചതുപോലെ ക്രൈസ്തവമിഷനറിമാരോടാണ്.
വിദ്യാഭ്യാസമേഖലയുടെ രണ്ടാം ഘട്ട വികസനത്തിലാണ് ഇനി നാം ശ്രദ്ധയൂന്നേണ്ടത്. ഉന്നതവിദ്യാഭ്യാസരംഗത്ത് നാം ബീഹാറിനേക്കാൾ പിന്നിലാണ്. സർക്കാരിനു മാത്രമായി മുന്നോട്ടു കൊണ്ടുപോകാൻ പറ്റുന്ന ഒന്നല്ല ഉന്നതവിദ്യാഭ്യാസരംഗം. വിദ്യാഭ്യാസസങ്കല്പം തന്നെ മാറിപ്പോയിരിക്കുന്നു. സൂക്ഷ്മതലങ്ങളിൽ വ്യത്യസ്തമായ ഒട്ടേറെ ശാഖകളായി പ്രൊഫഷണൽ വിദ്യാഭ്യാസരംഗം മാറിയിരിക്കുന്നു. (മുമ്പ് വെറും നാല് എൻജിനീയറിംഗ് ബ്രാഞ്ചുകൾ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് എൻജിനീയറിംഗിൽ അനേക ഡസൻ ബ്രാഞ്ചുകൾ ഉണ്ടെന്നോർക്കണം). ദൈനംദിന പ്രവർത്തനങ്ങൾക്കുപോലും പണം കണ്ടെത്താൻ കഴിയാതെ വലയുന്ന സർക്കാരിന് ചെലവേറിയ ഉന്നതവിദ്യാഭ്യാസരംഗത്ത് നാടിനെ രാജ്യത്തിന്റെ മുൻപന്തിയിൽ എത്തിക്കാൻ പര്യാപ്തമായ സംവിധാനങ്ങളൊരുക്കാൻ ഒരിക്കലും കഴിയില്ലെന്ന തിരിച്ചറിവാണു സ്വാശ്രയ വിദ്യാഭ്യാസസ്ഥാനപങ്ങൾ തുടങ്ങാൻ നമ്മെ പ്രേരിപ്പിച്ചത്. എന്നാൽ ഇടതുസർക്കാർ തുടക്കംമുതൽതന്നെ സ്വാശ്രയമേഖലയെ സ്വതന്ത്രമായി വികസിക്കാനനുവദിക്കാതെ വരിഞ്ഞുമുറുക്കാനാണു ശ്രമിക്കുന്നത്. 57-ലെ സർക്കാർ സ്‌കൂൾവിദ്യാഭ്യാസരംഗത്തു നടത്തിയ കടന്നുകയറ്റം വിജയിച്ചിരുന്നുവെങ്കിൽ കേരളം ഹയർസെക്കണ്ടറിതലംവരെ നേടിയ മുന്നേറ്റം പാടേ കീഴ്‌മേൽ മറിയുമായിരുന്നുവെന്നു വ്യക്തം. സ്വാശ്രയരംഗത്ത് എം.എ. ബേബിയും കൂട്ടരും നടത്തുന്നതും ഇതുതന്നെ. വിദ്യാഭ്യാസകച്ചവടക്കാരെ നിയന്ത്രിക്കാനെന്ന വ്യാജേന വിദ്യഭ്യാസരംഗത്തു വ്യക്തിമുദ്ര പതിപ്പിച്ച സമുദായങ്ങളെയും അവരുടെ സ്ഥാപനങ്ങളെയും തകർക്കുകയും യഥാർത്ഥ വിദ്യാഭ്യാസകച്ചവടക്കാരെ പരിപോഷിപ്പിക്കുകയുമാണ് അവരുടെ ലക്ഷ്യമെന്നു സംശയിക്കേണ്ടിയിരിക്കുന്നു.
കമ്യൂണിസത്തിൽ ജനാധിപത്യത്തിനു സ്ഥാനമില്ലെന്നു നേരത്തെ സൂചിപ്പിച്ചല്ലോ. എന്നാൽ ഇന്ത്യയിൽ അവർ ബഹുകക്ഷി തെരഞ്ഞെടുപ്പു സമ്പ്രദായത്തിൽ പങ്കാളിയാകുന്നു. ഇതു തങ്ങൾക്കു സർവ്വാധിപത്യം കൈവശമാകുന്നതുവരെ മാത്രമാണ്. ഭരണം കയ്യടക്കുന്നതോടെ അവർ ഏകാധിപത്യത്തിലേക്കു നീങ്ങും. അതിന്റെ തെളിവാണ് ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ കേരളത്തിലങ്ങോളമിങ്ങോളം നടത്തിയ നരനായാട്ട്. അങ്കമാലിയിൽ നിരായുധരായ ഏഴുപേരെ വെടിവച്ചുകൊന്നുകൊണ്ടു തുടങ്ങിയ കശാപ്പുഭരണം ഭരണഘടന നല്കുന്ന ജനാധിപത്യ അവകാശങ്ങളെ പാടേ ഉന്മൂലനം ചെയ്യുകയാണെന്നു ബോധ്യമായപ്പോഴാണു ഭരണഘടനാവ്യവസ്ഥപ്രകാരം ആ സർക്കാർ പിരിച്ചുവിടപ്പെട്ടത്. ജനതയുടെ സംസ്‌കാരം, അവകാശം, ദേശീയബോധം ഇവ തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ 356 നിയമം നടപ്പാക്കേണ്ടത് ആവശ്യമായി വന്നു.
57 ലെ സർക്കാരിന്റെ അതേ പാതയിലാണ് ഇന്നത്തെ ഇടതുസർക്കാരും. ജനദ്രോഹവും നിയമവിരുദ്ധനടപടികളും ആവോളം തുടരുന്നു. പക്ഷേ പാർട്ടിയെത്തന്നെ സംഹരിക്കുന്ന സുന്ദര-ഉപസുന്ദരയുദ്ധം ഇന്ന് ഏ.കെ.ജി സെന്ററിൽ തുടരുന്നു എന്നതുമാത്രമാണ് ഏക ആശ്വാസം. ആ യുദ്ധം അവസാനിച്ചാൽ, അവരുെട യുദ്ധം ജനത്തിനു നേരെയാകും. തങ്ങളുടെ യുദ്ധത്തിനിടയ്ക്കു കിട്ടുന്ന ഇടവേളകളിൽ അവർ നടത്തുന്ന ജനവിരുദ്ധപ്രസ്താവനകളും നടപടികളും ഓർക്കുക. അവർ ഒരിക്കലും ജനപക്ഷത്തല്ല. രാധാകൃഷ്ണൻ പറഞ്ഞു.
തയ്യാറാക്കിയത് –
കെ. വി. സെബാസ്റ്റ്യൻ (MA.RSc.)