യാമപ്രാർത്ഥനകൾ

സ്വർഗ്ഗത്തിൽ നിത്യകാലത്തോളം ആലപിക്കുന്ന സ്‌തോത്രഗീതം മിശിഹാ തന്റെ മനുഷ്യാവതാരത്തിലൂടെ ഭൂമിയിലും ആരംഭിച്ചു. അതിൽ മനുഷ്യവർഗ്ഗം മുഴുവനെയും പങ്കുകാരാക്കുന്ന മുഖ്യമായ ഒരു ഉപാധിയാണ് സഭയുടെ യാമപ്രാർത്ഥനകൾ. അതുവഴി തിരുസഭ കർത്താവിനെ ഇടവിടാതെ സ്തുതിക്കുകയും സർവ്വലോകത്തിന്റെയും രക്ഷയ്ക്കായി മാദ്ധ്യസ്ഥ്യം വഹിക്കുകയും ചെയ്യുന്നു (രണ്ടാം വത്തിക്കാൻ കൗൺസിൽ, ലിറ്റർജി 83). ഓരോ ദിവസത്തെയും വിശുദ്ധീകരിക്കുക എന്നതാണ് യാമപ്രാർത്ഥനയുടെ ലക്ഷ്യം (ലിറ്റർജി 83). ദൈവസ്‌തോത്രങ്ങൾ ആലപിച്ചുകൊണ്ട് ദിനരാത്രങ്ങൾ പൂർണ്ണമായി പവിത്രീകരിക്കാനുതകുന്ന രീതിയിലാണ് ഇത് സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നത്. മിശിഹാ തന്റെ മൗതികശരീരമായ സഭയോടൊന്നിച്ച് പിതാവിന് സമർപ്പിക്കുന്ന പ്രാർത്ഥനയാണ് യാമപ്രാർത്ഥന (ലിറ്റർജി 84). സഭയുടെ ശിരസ്സായ ഈശോയ്ക്ക് സഭ അർപ്പിക്കുന്ന ഈ പ്രാർത്ഥന ദിവ്യമണവാളനോട് സംഭാഷിക്കുന്ന മണവാട്ടിയായ സഭയുടെ യഥാർത്ഥ സ്വരമാണ് (ലിറ്റർജി 84). കൂദാശകൾ, കൂദാശാനുകരണങ്ങൾ, യാമപ്രാർത്ഥന ഇവ ചേരുന്നതാണല്ലോ സഭയുടെ ഔദ്യോഗികമായ ആരാധനാക്രമം.
മിശിഹാരഹസ്യവും യാമപ്രാർത്ഥനകളും
വിവിധ യാമങ്ങളിലെ പ്രാർത്ഥനകളെ മിശിഹാരഹസ്യങ്ങളുമായി ബന്ധപ്പെടുത്തി ആദിമസഭ മനസ്സിലാക്കിയിരുന്നു. ‘അപ്പസ്‌തോലിക് കോൺസ്റ്റിറ്റിയൂഷൻസ്’ എന്ന പുരാതന രേഖയനുസരിച്ച് മൂന്നാം മണിക്കൂറിൽ (രാവിലെ 9 മണി) പ്രാർത്ഥിക്കണം. കാരണം, ആ മണിക്കൂറിലാണ് കർത്താവ് പീലാത്തോസിൽനിന്ന് വിധി വാചകം ഏറ്റുവാങ്ങിയത്. ആറാം മണിക്കൂറിൽ (12 മണി) പ്രാർത്ഥിക്കണം. ആ മണിക്കൂറിലാണ് മിശിഹാ ക്രൂശിക്കപ്പെട്ടത്. ഒമ്പതാം മണിക്കൂറിൽ (ഉച്ചകഴിഞ്ഞ് 3 മണി) പ്രാർത്ഥിക്കണം. കർത്താവ് ക്രൂശിക്കപ്പെട്ട (ജീവൻ വെടിഞ്ഞ) ആ സമയത്ത് എല്ലാം ഞെട്ടി വിറയ്ക്കുകയുണ്ടായി. കോഴി കൂവുമ്പോൾ പ്രാർത്ഥിക്കണം. ആ മണിക്കൂറിലാണ് വെളിച്ചത്തിന്റെ ജോലികൾ ചെയ്യുന്നതിന് പകലിന്റെ ആഗമനം അറിയിക്കപ്പെടുന്നത്. തെർത്തുല്യനും വിശുദ്ധ സിപ്രിയാനും ശ്ലൈഹിക പാരമ്പര്യങ്ങൾ എന്ന രേഖയും വിവിധ സമയങ്ങളിലെ പ്രാർത്ഥനകളെ താഴെപ്പറയുന്നവിധം രക്ഷാകരസംഭവങ്ങളുമായി ബന്ധപ്പെടുത്തുന്നു.
-പന്തക്കുസ്താനാളിൽ ശ്ലീഹന്മാരുടെമേൽ പരി. റൂഹാ വർഷിക്കപ്പെട്ട സമയമാണ് മൂന്നാം മണിക്കൂർ (നട. 2:15).
– ആറാം മണിക്കൂറിൽ മിശിഹാ കുരിശുമരത്തിൽ തറയ്ക്കപ്പെട്ടു.
– ആറാം മണിക്കൂർ മുതൽ ഒമ്പതാം മണിക്കൂർ വരെ (12 മണി മുതൽ 3 മണിവരെ) ഈശോ ക്രൂശിതനായി വേദനയനുഭവിച്ചു. മിശിഹായുടെ പാർശ്വം കുത്തിപ്പിളർക്കപ്പെട്ടതും വെള്ളവും രക്തവും പുറപ്പെട്ടതും ഒമ്പതാം മണിക്കൂറിലാണ്.
– കേപ്പാ പ്രാർത്ഥിക്കാൻ വീടിന്റെ രണ്ടാം നിലയിലേയ്ക്കു പോയതും അടയാളത്താലും ദൈവികസ്വരത്താലും പ്രബോധനം നടത്തിയതും ഒമ്പതാം മണിക്കൂറിലാണ് (നട. 10:9).
ഈ വി. ഗ്രന്ഥ സൂചനകളനുസരിച്ച് ദിവസം ഏഴ് പ്രാവശ്യം പ്രാർത്ഥിക്കുന്ന രീതിയായിരുന്നു മാർത്തോമ്മാ നസ്രാണി സഭയിലുണ്ടായിരുന്നത്. ഇന്ന് മൂന്ന് നേരത്തെ യാമപ്രാർത്ഥനകളാണ് സാധാരണമായി ഉപയോഗിക്കുന്നത്.
നമ്മുടെ സഭയിൽ സായംകാല പ്രാർത്ഥന (റംശാ), രാത്രിജപം (ലെലിയാ), പ്രഭാത നമസ്‌കാരം (സപ്രാ) ഇങ്ങനെ മൂന്നു യാമപ്രാർത്ഥനകളാണുള്ളത്. ദിവസം ആരംഭിക്കുന്നത് വൈകുന്നേരമായിട്ടാണ് കരുതുക. സഭാനിയമപ്രകാരം നിയുക്തരായ വ്യക്തികളുടെ നേതൃത്വത്തിലാണ് യാമപ്രാർത്ഥന നടത്തുന്നത്. അല്മായരും ഇതിൽ പങ്കെടുത്തിരുന്ന മഹനീയ പാരമ്പര്യമാണ് നമ്മുടെ സഭയിൽ നിലവിലിരുന്നത്. അലസത കൂടാതെ എപ്പോഴും പ്രാർത്ഥിക്കണം എന്ന ദിവ്യനാഥന്റെ കല്പനയുടെ (1 തെസ്സ. 5:17) നിറവേറ്റലാണ് യാമപ്രാർത്ഥന. വ്യക്തിപരമായ പ്രാർത്ഥനാജീവിതത്തെ യാമപ്രാർത്ഥന പോഷിപ്പിക്കുകയും പുണ്യാഭിവൃദ്ധിക്ക് സഹായിക്കുകയും ചെയ്യുന്നു.