ദുക്‌റാന ആചരിക്കുമ്പോൾ

0
103

ശ്ലീഹന്മാരുടെ വിശ്വാസമാകുന്ന പാറമേലാണല്ലോ സഭ സ്ഥാപിതമായിരിക്കുന്നത്. അവർ പങ്കുവച്ച വിശ്വാസമാണ് ഇന്നും നമ്മെ നയിക്കേണ്ടത്; ഈ വിശ്വാസത്തിൽ തന്നെ നാം ഉറച്ചുനിൽക്കേണ്ടുതുമുണ്ട്. ഇതിനാണല്ലോ നമ്മുടെ വിശ്വാസപൈതൃകത്തിൽ ഉറച്ചുനില്ക്കണം എന്നുപറയുന്നത്. ജൂലൈ മൂന്നാം തീയതി നമ്മുടെ പിതാവായ മാർത്തോമ്മാശ്ലീഹായുടെ ദുക്‌റാനതിരുനാൾ ആഘോഷിക്കുമ്പോൾ സ്വാഭാവികമായും നമ്മുടെ ഈ പിതാവിനെക്കുറിച്ചുളള ചിന്തകൾതന്നെയാണല്ലോ ആദ്യമായി നമ്മുടെ മനസ്സിലേയ്ക്ക് വരേണ്ടത്. എല്ലാ ശ്ലീഹന്മാരുടെയും വിശ്വാസം ഒന്നുതന്നെയായിരുന്നെങ്കിലും അതിന്റെ അവതരണരീതിയിലും അതിനു ലഭിച്ച പ്രത്യുത്തരത്തിലും വ്യത്യാസങ്ങൾ ഉണ്ടാവുക സ്വാഭാവികമാണ്. തോമാശ്ലീഹാ പകർന്നുതന്ന വിശ്വാസത്തിന്റെ തനിമ നാം മനസ്സിലാക്കണം; തോമാശ്ലീഹായുടെ വിശ്വാസാനുഭവത്തിന്റെ പ്രത്യേകതകൾ ഇതിന്റെ സുപ്രധാനഘടകമായതിനാൽ അവ നാം മനസ്സിലാക്കിയിരിക്കണം. കാരണം ഈ വിശ്വാസപൈതൃകത്തിന്റെ തനിമയും ചൈതന്യവുമാണ് നാം സ്വന്തമാക്കേണ്ടതും പങ്കുവയ്‌ക്കേണ്ടതും.

ദുക്‌റാനത്തിരുനാൾ ആചരിക്കുമ്പോൾ നമ്മുടെ ചിന്തയ്ക്ക് വിഷയീഭവിക്കേണ്ട മറ്റൊരു സുപ്രധാന കാര്യം മാർത്തോമ്മാ ശ്ലീഹായാൽ സ്ഥാപിതമായ സഭകളെക്കുറിച്ചാണ്. ഏദേസ്സായിലെ സഭ; സെലൂഷ്യാസെറ്റെസിഫോണിലെ സഭ, പേർഷ്യൻസഭ, ഭാരതനസ്രാണിസഭ തുടങ്ങിയവയാണ് തോമാശ്ലീഹായുടെ പൈതൃകം സ്വന്തമാക്കിയ സഭകൾ. ഇതിൽ ഭാരതനസ്രാണി സഭയുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ചും നാം ചിന്തിക്കേണ്ടതാണ്. തോമാശ്ലീഹായിൽനിന്നും വിശ്വാസം സ്വീകരിച്ച ഭാരതനസ്രാണിസഭ ഇന്ന് പ്രധാനമായും സീറോമലബാർസഭ, സീറോമലങ്കര എന്നീ കത്തോലിക്കാ സഭകളും യാക്കോബായ, ഓർത്തഡോക്‌സ്, മാർത്തോമ്മാസഭാവിഭാഗങ്ങളിലുമായി നിലനിൽക്കുകയാണ്. ഈ സഭകളെല്ലാം മാർത്തോമ്മാശ്ലീഹായെ ഭാരതത്തിലേയ്ക്കയച്ച ദൈവത്തിന്റെ അനന്തകാരുണ്യത്തിന് നന്ദിപറയുന്നവരാണ്. അതേസമയംതന്നെ ഈ സഭകൾ വിശ്വാസത്തിലും ആരാധനയിലും ഐക്യപ്പെടുന്നതിനുവേണ്ടി ഈ ഓർമ്മയാചരണവേളയിൽ നാം പ്രത്യേകം പ്രാർത്ഥിക്കുവാൻ കടപ്പെട്ടിരിക്കുന്നു. പതിനേഴു നൂറ്റാണ്ടുകൾ ഈ സഭയെ ഒന്നിപ്പിച്ചു നിർത്തിയ പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിന് അവകാശികളാണ് മാർത്തോമ്മാനസ്രാണികളെല്ലാം. മാർത്തോമ്മാശ്ലീഹാ കാണിച്ചുതന്ന കർത്താവിന്റെ മാർഗ്ഗത്തിലുടെ ഒന്നിച്ചുനീങ്ങുവാൻ നമുക്ക് സാധിക്കണം. എക്യൂമെനിക്കൽ പ്രസ്ഥാനം ശക്തിപ്പെടുത്തുവാൻ തീവ്രമായ പരിശ്രമം നമ്മുടെ ഭാഗത്തുനിന്നും ഉണ്ടാകണം. സഭൈക്യത്തിനായുളള ആത്മാർത്ഥമായ ആഗ്രഹം നമ്മളിൽ വർദ്ധിപ്പിക്കണമെയെന്നു നമുക്ക് പ്രാർത്ഥിക്കാം.

നമ്മുടെ സഭയായ സീറോമലബാർ സഭയെക്കുറിച്ചാണ് ഈയവസരത്തിൽ നമ്മുടെ മനസ്സിലേക്ക് വരേണ്ട മറ്റൊരു സുപ്രധാനചിന്ത. തോമ്മാശ്ലീഹായുടെ പൈതൃകം അഭിമാനപൂർവം നാം അവകാശപ്പെടുമ്പോൾ ഈ പൈതൃകത്തിന്റെ സവിശേഷത നമ്മുടെ സഭയുടെ വ്യക്തിത്വം നിലനിർത്തുന്നതിലാണെന്ന് നാം മനസ്സിലാക്കിയിരിക്കണം. ഒരു സഭയുടെ വ്യക്തിത്വത്തിന്റെ സുപ്രധാനലടകങ്ങളിലൊന്നാണ് അതിന്റെ ലിറ്റർജി. നമ്മുടെ സഭയുടെ ലിറ്റർജിക്കൽ പൈതൃകം വീണ്ടെടുക്കുവാൻ കുറെയൊക്കെ ചെയ്യുവാൻ നമുക്കു സാധിച്ചിട്ടുണ്ടെങ്കിലും അതിന്റെ സവിശേഷതകൾ മനസ്സിലാക്കുവാനോ അവ സംരക്ഷിക്കുവാനോ പലപ്പോഴും നമ്മുടെ സഭാമക്കൾ അലംഭാവം കാട്ടുന്നില്ലേ എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. ”ലിറ്റർജി എങ്ങനെയായാലും കുഴപ്പമില്ല” എന്നാൽ ലാഘവബുദ്ധിയോടെയുളള ചിന്ത തികച്ചും അപലപനീയമാണ്. തോമ്മാശ്ലീഹാ പകർന്നുതന്ന വിശ്വാസപൈതൃകത്തിന്റെ സവിശേഷതകൾ പ്രകാശിതമാകേണ്ട സുപ്രധാനവേദിയാണ് നമ്മുടെ ലിറ്റർജി. കാരണം വിശ്വാസത്തിന്റെ ആഘോഷമാണല്ലോ ലിറ്റർജി. അതിനാൽ നമ്മുടെ ലിറ്റർജി പൂർണ്ണമായും വീണ്ടെടുക്കുവാനും സംരക്ഷിക്കുവാനും വിശ്വസ്തതാപൂർവം ആഘോഷിക്കുവാനുളള ദൃഢനിശ്ചയവും നമ്മുക്കുണ്ടാകണം; അതോടൊപ്പംതന്നെ നമ്മുടെ തനതായ ദൈവശാസ്ത്രവും ആദ്ധ്യാത്മികതയും ഭരണക്രമവും എല്ലാം വീണ്ടെടുക്കുവാനും സംരക്ഷിക്കുവാനും വളർത്തുവാനു മുളള കടമ നാം മറന്നുകൂടാ. ഇത് തോമ്മാശ്ലീഹായുടെ പൈതൃകം അഭിമാനപൂർവം അവകാശപ്പെടുന്ന ഓരോ സഭാമക്കളുടെ കർത്തവ്യമാണെന്നോർത്തുകൊണ്ട് അതിനുവേണ്ടി പരിശ്രമിക്കുവാൻ ഈ ദുക്‌റാന ആചരണം നമ്മെ സഹായിക്കട്ടെ!