പൗലോസ്ശ്ലീഹാ സ്ത്രീവിദ്വേഷിയോ?

ഡോ. മാണി പുതിയിടം

ആരാധനസമയത്ത് സ്ത്രീകൾ ശിരോവസ്ത്രം ധരിക്കണമെന്ന നിർദ്ദേശത്തെയും തത്തുല്യമായ മറ്റു ഭാഗങ്ങളെയും മുൻനിർത്തി ശ്ലീഹാ സ്ത്രീവിദ്വേഷിയായിരുന്നോയെന്നു സംശയിക്കുന്നവർ ഇല്ലാതില്ല. എന്നാൽ വി. ഗ്രന്ഥഭാഗങ്ങളുടെ രൂപീകരണത്തെയും അതുണ്ടായ സാഹചര്യത്തെയും പരിഗണിക്കാതെയുള്ള വ്യാഖ്യാനങ്ങളാണ് ഇങ്ങനെയുള്ള നിഗമനങ്ങളിൽ കൊണ്ടെത്തിക്കുന്നത്.
ശ്ലീഹാ സ്ത്രീകളെയും പുരുഷന്മാരെയും പരസ്പരം വേർതിരിച്ചു കാണുന്നില്ലെന്നതാണു സത്യം. ”യഹൂദനെന്നോ ഗ്രീക്കുകാരനെന്നോ അടിമയെന്നോ സ്വതന്ത്രനെന്നോ പുരുഷനെന്നോ സ്ത്രീയെന്നോ വ്യത്യാസമില്ല. നിങ്ങളെല്ലാവരും ഈശോമിശിഹായിൽ ഒന്നാണ്.” ഈശോമിശിഹായിലുള്ള വിശ്വാസംവഴി സ്ത്രീയും പുരുഷനും ഒരുപോലെ ദത്തുപുത്രരാണ്. മാമ്മോദീസാവഴി ഒരു വ്യക്തി ഈശോയോടുള്ള ബന്ധത്തിലേക്കു പ്രവേശിക്കുന്നു’ അവിടെ സ്ത്രീപുരുഷ വ്യത്യാസമില്ല. ക്രിസ്തീയവിശ്വാസത്തിന്റെ മഹിമയേയും മാമ്മോദീസായെയും കുറിച്ചു പറയുന്ന സന്ദർഭത്തിലാണ് ശ്ലീഹാ മേലുദ്ധരിച്ച വാക്യം പറയുന്നത്. മാമ്മോദീസായിലൂടെ എല്ലാ വ്യത്യാസങ്ങളും നീക്കം ചെയ്യപ്പെടുന്നു. എന്നാൽ യഹൂദന് അങ്ങനെ അല്ലായിരുന്നു. സ്ത്രീകൾ വീടിനുള്ളിൽത്തന്നെ കഴിയേണ്ടവരായിരുന്നു. അവർ നിശബ്ദരും ദേവാലയകർമ്മങ്ങളിൽ പങ്കെടുക്കാത്തവരുമായിരുന്നു. പ്രാർത്ഥനകൾ ചൊല്ലുവാൻ അനുവാദമില്ലായിരുന്നു. പ്രധാന തിരുനാളുകൾക്കൊക്കെ പുരുഷന്മാർ ദേവാലയത്തിൽ ചെല്ലണമെന്ന നിയമമുണ്ടായിരുന്നു. എന്നാൽ സ്ത്രീകൾ ക്കങ്ങിനെ നിയമമില്ലായിരുന്നു. സിനഗോഗുകളിൽപോലും സ്ത്രീകൾക്ക് പ്രത്യേക ഇരിപ്പിടമായിരുന്നുണ്ടായിരുന്നത്. സിനഗോഗിലെ വചനശുശ്രൂഷയിൽ പങ്കെടുക്കാൻ സ്ത്രീകൾ ക്കനുവാദമുണ്ടായിരുന്നു. എന്നാൽ വചനം പഠിപ്പിക്കുന്നിടത്തു കടന്നുവരാൻ അനുവാദമില്ലായിരുന്നു. ഫീലോയെപ്പോലുള്ള യഹൂദ താത്ത്വികർ സ്ത്രീകളെ രണ്ടാം തരക്കാരായിട്ടാണു കണ്ടിരുന്നത്.
ഗ്രീക്കുസംസ്‌കാരത്തെയും സ്ത്രീകൾക്കു തുല്യത ഉണ്ടായിരുന്നില്ല. വീടുകളിൽ അതിഥികളോടു സംസാരിക്കാൻ പോലും ഗ്രീക്കുകാരുടെയിടയിൽ അനവാദമുണ്ടായിരുന്നില്ല. എന്നാൽ അവരുടെയിടയിൽ സ്ത്രീ ദൈവങ്ങൾ ധാരാളമുണ്ടായിരുന്നു. അരിസ്റ്റോട്ടിലും പ്ലേറ്റോയുമൊക്കെ സ്ത്രീസമത്വത്തിൽ വിശ്വസിച്ചിരുന്നില്ല. റോമൻ സംസ്‌കാരത്തിലും സ്ത്രീകൾ പുരുഷന്മാർക്കു വിധേയരായിരുന്നു. സ്ത്രീകൾക്കു പൗരത്വവും നിഷേധിച്ചിരുന്നു. ഈശോയുടെ കാലഘട്ടമായപ്പോഴേക്കും റോമൻ സ്ത്രീകൾക്ക് കുറേക്കൂടി സ്വാതന്ത്ര്യം അനുവദിച്ചിരുന്നു.
വി. ഗ്രന്ഥം രൂപപ്പെടുന്നത് രണ്ടു വലിയ സംസ്‌കാരങ്ങളുടെ കൂടിച്ചേരലിലാണ്. പഴയ യഹൂദസംസ്‌കാരവും ഗ്രേക്കോ-റോമൻസംസ്‌കാരവും പ്രസ്തുത പശ്ചാത്തലത്തിലാണ് വി. ഗ്രന്ഥത്തിൽ സ്ത്രീകൾക്കുള്ള വലിയസ്ഥാനം വെളിപ്പെടുന്നത്. ദൈവം മനുഷ്യനെ പുരുഷനും സ്ത്രീയുമായി സൃഷ്ടിച്ചു(സൃഷ്ടി 1:26)വെന്ന തിരുവചനം അക്കാലത്തെ ഏറ്റവും വലിയ വിപ്ലവമാണെന്നു പറയും. സ്ത്രീയെ പുരുഷന്റെ വാരിയെല്ലിൽനിന്നു സൃഷ്ടിച്ചുവെന്ന വിവരണവും സ്ത്രീ-പുരുഷസമത്വത്തെയാണ് എടുത്തു കാണിക്കുന്നത്.
അമ്മയോടുള്ള സ്‌നേഹം പഴയനിയമം എടുത്തു കാണിച്ചിരുന്നു. അമ്മയെ സ്‌നേഹിക്കാനും ആദരിക്കാനും മക്കൾക്കു കടമയുണ്ട്. അമ്മയെ സ്‌നേഹിക്കാത്തവർ ശിക്ഷിക്കപ്പെടും (ലേവ്യാ 20:9; നിയമ 27:16). അമ്മയെയും അപ്പനെയും ശപിക്കുന്നവർ മരണത്തിനർഹരായിരുന്നു (പുറ 21:15-17). എങ്കിൽത്തന്നെയും സ്ത്രീ പുരുഷന്റെ സ്വത്തായിട്ടാണു കരുതപ്പെട്ടിരുന്നത്. സ്ത്രീകൾ രാഷ്ട്രീയത്തിലും സമൂഹത്തിലും ഉന്നതസ്ഥാനം വഹിച്ചിട്ടുള്ള സംഭവങ്ങളും പഴയനിയമത്തിലുണ്ട്. ദബോറ (ന്യായാ 4:4-5), ഇസ്രായേൽ രാജ്ഞികളായ ഇസബെൽ, അത്താലിയ തുടങ്ങിയവർ ഉദാഹരണങ്ങളാണ്. ആദർശവതിയായ സ്ത്രീ യെക്കുറിച്ച് സുഭാഷിതങ്ങൾ പറയുന്നുണ്ട് (സുഭാ 31:10-31). സൂസന്ന പരിശുദ്ധയും സുന്ദരിയുമായ സ്ത്രീയായിരുന്നു. അക്കാലത്തെ സംസ്‌കാരങ്ങളിൽവച്ച് ഇസ്രായേൽ സ്ത്രീകളാണ് കൂടുതൽ സ്ഥാനം അലങ്കരിച്ചിരുന്നതെന്നു പറയാം.
സ്ത്രീത്വത്തെ മഹത്ത്വമണിയിക്കുന്നത് ഈശോയാണ്. മംഗളവാർത്തയിലതു പാരമ്യത്തിലെത്തി. ഈശോയുടെ ശിഷ്യരിൽ ധാരാളം സ്ത്രീകളുണ്ടായിരുന്നു. സമരിയാക്കാരിയോട് ഈശോ തനിച്ചു സംസാരിക്കുന്നു. രോഗിണിയായ സ്ത്രീ ഈശോയുടെ വസ്ത്രത്തിൽ സ്പർശിക്കുന്നു. ഈശോ സ്ത്രീകളെ പേരു ചൊല്ലി വിളിച്ചിരുന്നു.ബഥനിയിൽ ഈശോ സഹോദരിമാരുടെ ശുശ്രൂഷ സ്വീകരിച്ചു. പാദം തഴുകിയ സ്ത്രീയുടെ പാപങ്ങൾ മോചിച്ചു. സ്ത്രീയെ വെറും ലൈംഗികജീവിയായി കണ്ടിരുന്ന യഹൂദസംസ്‌കാരത്തിൽനിന്നുള്ള വലിയ വ്യതിയാനമാണ് ഈശോയിൽ കാണുന്നത്. കാൽവരിയിലും സ്ത്രീകളുടെ വലിയ നിരയെയാണു നാം കണ്ടുമുട്ടുന്നത്.
ആദിമസഭയിലും സ്ത്രീകൾക്കുള്ള സ്ഥാനം വളരെ വലുതായിരുന്നു. നമ്മുടെ ആദ്യകാല പ്രേഷിതപ്രവർത്തനങ്ങളിൽ സ്ത്രീകൾ വലിയ പങ്കു വഹിച്ചിരുന്നു. പ്രഘോഷണത്തിലും ആരാധനയിലും നേതൃത്വത്തിലുമെല്ലാം അവർ മുമ്പന്തിയിൽത്തന്നെയായിരുന്നു. സ്ത്രീകൾ ഡീക്കന്മാരായി ശുശ്രൂഷ ചെയ്തിരുന്നതായി കാണാം (റോമ 16, 1). പരിശുദ്ധാത്മാവിനെ സ്വീകരിച്ച പന്തക്കുസ്തായിൽ സ്ത്രീകൾ സന്നിഹിതരായിരുന്നു (നട 2:14). പ്രഷീല്ലായും മരിയയും മറ്റും നേതൃനിരയിൽ തന്നെയായിരുന്നു. വീടുകളിലെ സഭകളിൽ സ്ത്രീകൾക്കു വലിയ പങ്കുണ്ടായിരുന്നു (റോമ 16:3; നട 18:2-3). അക്വീലായുടെയും പ്രഷീല്ലായുടെയും ഭവനം അങ്ങനെയൊന്നായിരുന്നു.
വി. പൗലോസ് ശ്ലീഹായുടെ സഭകളിൽ സ്ത്രീകൾ വളരെ സജീവമായിരുന്നു. ശ്ലീഹാ സ്ത്രീകൾക്ക് വലിയ അംഗീകാരമാണ് കൊടുത്തിരുന്നത്. ”കെങ്ക്രേയിലെ സഭയിൽ ശുശ്രൂഷിയായ നമ്മുടെ സഹോദരി ഫോയ്ബയെ നിങ്ങൾക്കു ഞാൻ ഭരമേല്പിക്കുന്നു. വിശുദ്ധർക്ക് ഉചിതമായവിധം കർത്താവിൽ നിങ്ങൾ അവളെ സ്വീകരിക്കണം. അവൾക്ക് ആവശ്യമുള്ള ഏതു കാര്യത്തിലും അവളെ സഹായിക്കണം. എന്തെന്നാൽ അവൾ പലരെയും എന്നപോലെ എന്നെയും സഹായിച്ചിട്ടുണ്ട്.” (റോമ 16:1-2). ഫോയ്ബാ കെങ്ക്രേയിലെ ഒരു ഡീക്കണസായിരുന്നു. പ്രഷീല്ലായെയും അക്വീലായെയും സഹപ്രവർത്തകരായിട്ടാണ് ശ്ലീഹാ എടുത്തുപറയുന്നത് (റോമ 16: 3). അന്ത്രോണിക്കസും യൂണിസും ശ്ലീഹാ എടുത്തു പറയുന്ന മറ്റൊരു ദമ്പതികളാണ് (റോമ 16:7).
”കർത്താവിൽ ഏകമനസ്സോടെയിരിക്കാൻ ഞാൻ എവോദിയായോടും സിന്തക്കെയോടും അഭ്യർത്ഥിക്കുകയാണ്. കൂടാതെ എന്റെ ആത്മസുഹൃത്തേ, ക്ലെമന്റിനോടും എന്റെ മറ്റു സഹപ്രവർത്തകരോടുംകൂടെ സുവിശേഷത്തിനുവേണ്ടി എന്നോടൊപ്പം പ്രയത്‌നിച്ച സഹോദരികളെ സഹായിക്കണമെന്നു ഞാൻ നിന്നോടഭ്യർത്ഥിക്കുന്നു. അവരുടെ നാമം ജീവന്റെ പുസ്തകത്തിലുണ്ട്” (ഫിലി 4: 2-3). മേല്പറഞ്ഞവരെ കൂടാതെ ജൂണിയ, ത്രിഫേനിയ, പ്രീസാ തുടങ്ങി ധാരാളം പ്രേഷിതകളായ സ്ത്രീകളെക്കുറിച്ചും ശ്ലീഹാ പരാമർശിക്കുന്നുണ്ട്. പിന്നെന്തുകൊണ്ട് സ്ത്രീകൾ സഭകളിൽ മൗനം പാലിക്കണമെന്ന് അദ്ദേഹം പറയുന്നു?
”വിശുദ്ധരുടെ എല്ലാ സഭകളിലും പതിവുള്ളപോലെ സമ്മേളനങ്ങളിൽ സ്ത്രീകൾ മൗനമായിരിക്കണം.സംസാരിക്കാൻ അവർക്ക് അനുവാദമില്ല” (1 കൊറി 14:34). ഇതെങ്ങനെ വ്യാഖ്യാനിക്കും?
(തുടരും)