പരിശുദ്ധ കന്യകാ മറിയം – 14 ഇന്നത്തെ ഭക്തിജീവിതം

ഡോ. ചാൾസ് പൈങ്ങോട്ട് സി.എം.ഐ.

തിരുനാളുകളുടെ കാര്യത്തിലും പാശ്ചാത്യസ്വാധീനം ശക്തമാണ്. പതിനാറാം നൂറ്റാണ്ടു മുതൽ യൂറോപ്പിൽ തുടങ്ങിയ കാര്യങ്ങളെല്ലാം വിദേശികൾ ഇവിടേക്കും ഇറക്കുമതി ചെയ്തു. അടുത്തകാലം വരെ ലത്തീൻ സഭയിലുണ്ടായിരുന്ന ആരാധനാവത്സരക്രമീകരണംതന്നെയായിരുന്നു ഉദയംപേരൂർ സൂനഹദോസിനുശേഷം സുറിയാനിക്കാർക്കുമുണ്ടായിരുന്നത്. അതിനാൽ ലത്തീൻസഭയിൽ നടപ്പാക്കിയ തിരുനാളുകളെ ഇവിടെ ഭരണം നടത്തിയിരുന്ന ലത്തീൻ മെത്രാന്മാർ ഇവിടെയും ആചരിക്കാൻ തുടങ്ങി. അക്കാര്യത്തിൽ വല്ല കുറവും വന്നുപോയിട്ടുണ്ടെങ്കിൽ നാട്ടുകാരായ മെത്രാന്മാർ അതു പൂർത്തിയാക്കുകയും ചെയ്തു. മേല്പറഞ്ഞ കാലയളവിൽ ലത്തീൻ ആരാധനക്രമപ്പഞ്ചാംഗത്തിൽ മാതാവിന്റെ പേരിൽ വളരെ പുതിയ തിരുനാളുകൾ സ്ഥാനം പിടിച്ചു. മറിയത്തിന്റെ നാമം കർമെലമാതാവ്, പാപരഹിതയായ മറിയം, വ്യാകുലമാതാവ് എന്നിങ്ങനെ യുങ്മാൻ അവയുടെ ഒരു പട്ടിക നല്കുന്നുണ്ട്. ഇങ്ങനെ വൈവിധ്യമാർന്ന തിരുനാളുകളെക്കുറിച്ച് അദ്ദേഹമെഴുതിയ രണ്ടു വാചകങ്ങൾ ശ്രദ്ധേയമാണ്. അദ്ദേഹം ഇങ്ങനെയഴുതി: ”ഇവയെല്ലാം നമ്മുടെ കർത്താവിന്റെ അമ്മയായ ഒരേയോരു വ്യക്തിക്കു കൊടുക്കുന്ന വിവിധ പേരുകളാണെന്ന കാര്യം ഏതാണ്ടു മറന്നുപോകത്തക്കവിധം അത്രയ്ക്കും സ്വതന്ത്രമായിരിക്കുകയാണ് പലപ്പോഴും മാതാവിനു കൊടുക്കുന്ന പേരുകൾ. രക്ഷണീയകർമ്മത്തെ പുനരവതരിപ്പിക്കുന്നതിന്റെ സന്ദർഭത്തിനു ചേർന്നവിധം മറിയത്തെ വണങ്ങുകയും അവളുടെ തിരുനാളുകൾ ക്രമീകരിക്കുകയും ചെയ്തിരുന്ന പഴയ സമ്പ്രദായത്തിനു വിപരീതമാണിത്.” (Jungmann J. A., Pastoral Liturgy, 87). ഈശോയുടെ ഉയിർപ്പും സ്വർഗ്ഗാരോഹണവുമെല്ലാം ആരാധനാവത്സരത്തിൽ അനുസ്മരിച്ചശേഷം മറിയത്തിന്റെ സഹനത്തെ ഓർത്തു പ്രത്യേകാചരണം നടത്തുന്ന കാര്യം യുങ്മാന്റെ ഒടുവിലത്തെ വാചകത്തിന്റെ അർത്ഥം മനസ്സിലാക്കാനുപകരിക്കുന്ന ഒരുദാഹരണമാണ്.
വ്യാകുലമാതാവിന്റെ നേർക്കുള്ള ഭക്തി പല സ്ഥലങ്ങളിലും പ്രചാരത്തിലുള്ള ഒന്നാണ്. വ്യാകുലമാതാവിന്റെ തിരുനാളും ആഘോഷമായി കൊണ്ടാടുന്നുണ്ടാവും. ഒരാളുടെ ദുഃഖത്തെ ആഘോഷമായി കൊണ്ടാടാൻ എങ്ങനെ സാധിക്കുമെന്നു ന്യായമായി ചോദിക്കാവുന്നതാണ്. അമ്മയുടെ മടിയിൽ മൃതനായ പുത്രനെ വഹിക്കുന്നതായുള്ള രൂപങ്ങളാണ് വ്യാകുലമാതാവെന്ന പേരിൽ നിർമ്മിക്കാറുള്ളത്. ഈശോയുടെ പീഡാസഹനങ്ങൾക്കു വളരെ മുമ്പു നടന്ന ചില കാര്യങ്ങളും ആ അമ്മയുടെ വ്യാകുലങ്ങളിലുൾപ്പെട്ടിട്ടുണ്ട്. മാതാവിന്റെ ഏഴു വ്യാകുലങ്ങളിൽ ഒന്നാമത്തേത് ”അവളുടെ ആത്മാവിൽ ഒരു കുന്തം കടക്കും” എന്ന ശെമ്ഓന്റെ വാക്കുകളാണ് (ലൂക്കാ 2:35). (cfr Schmerzen Maria: LThK 9, 430). രണ്ടാമത്തേതും മൂന്നാമത്തേതുമാകട്ടെ, യഥാക്രമം ഈജിപ്തിലേക്കുള്ള പ്രയാണവും (മത്താ 2:14) പന്ത്രണ്ടു വയസ്സുള്ള ഈശോയെ കാണാതെ പോയതു (ലൂക്കാ 2: 42-48) മാകുന്നു. ഈ മൂന്നു വ്യാകുലങ്ങളെയുമുൾപ്പെടുത്താതെയാണ് വ്യാകുലരൂപങ്ങൾ നിർമ്മിക്കുന്നത്.
മിക്കളാഞ്ജലോ നിർമ്മിച്ച പിയെത്താ (Pieta) എന്ന പ്രസിദ്ധമായ പ്രതിമയുടെ പകർപ്പുകളാണ് വ്യാകുലമാതാവിന്റെ രൂപങ്ങളെല്ലാം. മിക്കളാഞ്ജലോയുടേത് മികച്ച കലാസൃഷ്ടിയാണ്. നമ്മുടെ നാട്ടിൽ കാണുന്നവയെല്ലാം കൊത്തുപണികൾ മാത്രവും. പള്ളികളിൽ മാത്രമല്ല, വഴികളുടെ പാർശ്വങ്ങളിലും വ്യാകുലമാതാവിനെ കാണാം. മരിച്ച നിലയിൽ ഇന്നും പുത്രനെ കണ്ടു ദുഃഖിക്കുന്ന അമ്മ! എന്നാൽ ഈ പുത്രൻ മരണത്തെ അതിജീവിച്ച്, മരിച്ചവരുടെയും മരിക്കുവാനിരിക്കുന്നവരുടെയും ഉത്ഥാനത്തിനു തുടക്കം കുറിച്ചു എന്നും മനുഷ്യനിൽനിന്നു സ്വീകരിച്ച അതേ ശരീരത്തോടെ സ്വർഗ്ഗത്തിൽ പ്രവേശിച്ചു എന്നും അതുവഴി മനുഷ്യന്റെ ചരിത്രം മാറ്റിയെഴുതി എന്നുമുള്ള വസ്തുതകളെ സൗകര്യപൂർവ്വം മറന്നുകളയുന്ന ഒരുതരം ആദ്ധ്യാത്മികതയാണിത്. മദ്ധ്യശതകങ്ങളിൽ യൂറോപ്പിൽ പ്രബലപ്പെട്ട ഇത്തരം ആദ്ധ്യാത്മികത നമ്മുടെ നാട്ടിൽ ഇന്നും പഴയപടി തുടർന്നുകൊണ്ടേയിരിക്കുന്നു. ജനങ്ങളുടെയിടയിൽ പ്രചാരമുള്ള ഭക്തിയാണിതെന്ന ന്യായം പറഞ്ഞ് ഒഴിഞ്ഞുമാറാൻ നോക്കുന്നതു ശരിയാണെന്നു തോന്നുന്നില്ല. ഇത്തരം ഭക്തികളുടെ പ്രഭവസ്ഥലമായ പാശ്ചാത്യസഭയിൽ മാറ്റം വന്നിരിക്കയാണ്. ചുരുക്കിപ്പറഞ്ഞാൽ ശോകമൂകമായ ഒന്നല്ല, മറിച്ച്, വിശ്വാസത്തിൽ അധിഷ്ഠിതമായ ഒന്നാണ് ക്രിസ്ത്യാനിയുടെ ആദ്ധ്യാത്മികത. അപാകതകൾ വന്നുപോയിട്ടുണ്ടെങ്കിൽ അവയെ തിരുത്തുകതന്നെ വേണം.
ഇത്രയും പറഞ്ഞതിൽനിന്ന് മാതാവിനോടു ഭക്തി വേണ്ടെന്നോ അമ്മയോടു പ്രാർത്ഥിക്കരുതെന്നോ പറയുന്നതായി ആരും ധരിക്കുകയില്ലെന്നു കരുതുന്നു. അമ്മയോടു ഭക്തിയുണ്ടായേ തീരൂ. അതാണ് സുറിയാനി ക്രിസ്ത്യാനിയുടെ പാരമ്പര്യവും. എന്നാൽ ഈ ഭക്തി പുത്രനെ മറികടന്നുകൊണ്ടുള്ള ഒന്നാവരുത്. ഈ അമ്മ അമ്മയായതു പുത്രനെപ്രതിയും പുത്രനുവേണ്ടിയുമാണ് എന്നോർത്തിരിക്കണം. മനുഷ്യരൂപം സ്വീകരിച്ച ദൈവപുത്രൻ നമുക്ക് അപ്രാപ്യനെന്നു തോന്നുന്നതുകൊണ്ടായിരിക്കാം ഈശോയ്ക്കുള്ള സ്ഥാനം സ്ഥിരം മറിയത്തിനു കൊടുക്കുന്ന പ്രവണതയുള്ളതായി യുങ്മാൻ പരാതിപ്പെടുന്നത്. ഇങ്ങനെ കത്തോലിക്കർ ത്രിത്വത്തെക്കാൾ മാതാവിനെയാണ് ബഹുമാനിക്കുന്നത് എന്ന് മറ്റുള്ളവർക്കു ധാരണ കൊടുക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു (Jungmann J. A., Announcing the Word of God, 93-94). മാതാവിനു നടത്തുന്ന പ്രതിഷ്ഠകളും മറ്റുമായിരിക്കാം ഇത്തരം ധാരണയ്ക്ക് ഇടം കൊടുക്കുന്നത്. ഇപ്പോൾ നടക്കുന്ന പ്രതിഷ്ഠകൾവഴി മാതാവിന്റെ സംരക്ഷണത്തിനു ഏല്പിക്കുക മാത്രമാണു ചെയ്യുന്നതെന്നു തോന്നുന്നു. കൃത്യമായി പറഞ്ഞാൽ, പ്രതിഷ്ഠവഴി ഒരാൾ തന്നെത്തന്നെ പൂർണ്ണമായും സമർപ്പിക്കുകയാണു ചെയ്യുന്നത്. ദൈവത്തിന്റെ അടിമയായിത്തീരുന്നു എന്നർത്ഥം. പരിശുദ്ധ ത്രിത്വത്തിനു മാത്രം നല്‌കേണ്ട ഒന്നാണ് ഇങ്ങനെയുള്ള അർപ്പണം (Idem 55).
രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ സഭയെക്കുറിച്ചുള്ള രേഖയിൽ മാതാവിനെപ്പറ്റി പറയുന്ന താഴെക്കൊടുക്കുന്ന വാക്കുകൾ ഈ സന്ദർഭത്തിൽ പ്രസക്തമാണ്. കൗൺസിൽ ഇങ്ങനെ പറയുന്നു: ”ദൈവമാതാവിന്റെ അതുല്യ മാഹാത്മ്യത്തെക്കുറിച്ചു പ്രതിപാദിക്കുമ്പോൾ തെറ്റായ അതിശയോക്തികളും ഇടുങ്ങിയ മനസ്ഥിതിയും ദൈവശാസ്ത്രജ്ഞന്മാരും തിരുലിഖിത പ്രഘോഷകരും ശ്രദ്ധാപൂർവം വർജ്ജിക്കണമെന്ന് സിനഡ് ജാഗ്രതയോടെ ഉപദേശിക്കുന്നു. വിശുദ്ധഗ്രന്ഥം. സഭാപിതാക്കന്മാരുടെയും ദൈവശാസ്ത്രജ്ഞന്മാരുടെയും പ്രബോധനങ്ങൾ, തിരുസ്സഭയുടെ ആരാധനക്രമങ്ങൾ എന്നിവ പഠിച്ചുകൊണ്ട് സഭയിലെ പ്രബോധനാധികാരത്തിന്റെ നിയന്ത്രണത്തിനു കീഴ്‌പെട്ടു, പരിശുദ്ധ കന്യകാമറിയത്തിന്റെ വിവിധ ജോലികളെയും പ്രത്യേകാനുകൂല്യങ്ങളെയുംപറ്റി ശരിയായ വിശദീകരണം അവർ നല്കണം. ഇവ എല്ലാ സത്യത്തിന്റെയും വിശുദ്ധിയുടെയും ഭക്തിയുടെയും ഉറവിടമായ മ്ശിഹായുമായി ബന്ധപ്പെട്ടവയാണല്ലോ. വേർപെട്ടു നില്ക്കുന്ന സഹോദരങ്ങൾക്കോ മറ്റാർക്കെങ്കിലുമോ സഭയുടെ സിദ്ധാന്തങ്ങളെക്കുറിച്ച് തെറ്റിദ്ധാരണയ്ക്കിടം കൊടുക്കാവുന്ന വാക്കോ പ്രവൃത്തിയോ ഉണ്ടാകാതിരിക്കാൻ അവർ ഉത്സാഹപൂർവ്വം ശ്രദ്ധിക്കണം. യഥാർത്ഥഭക്തി പ്രയോജനമില്ലാത്തതും താല്ക്കാലികവുമായ വികാരത്തിലോ കേൾക്കുന്നതെല്ലാം അതേപടി വിശ്വസിക്കുന്നതിലോ (credulity) അല്ല അടങ്ങിയിരിക്കുന്നത് എന്ന് വിശ്വാസികളും ഓർത്തിരിക്കട്ടെ; മറിച്ചു യഥാർത്ഥ വിശ്വാസത്തിൽനിന്നാണുണ്ടാകുന്നത്. അതുവഴി മാതാവിന്റെ മാഹാത്മ്യമറിയുവാനും അമ്മയുടെ നേർക്കു മക്കൾക്കു ചേർന്ന സ്‌നേഹമുണ്ടായി അവളുടെ സുകൃതങ്ങൾ അനുകരിക്കുവാനും നമുക്കു സാധിക്കുന്നു.” (Vatican II, Lumen gentium n.67).