ചിന്താസൗരഭം കാടുകയറുന്ന നിയമ പരിഷ്‌ക്കരണം

പ്രൊഫ. തോമസ് കണയംപ്ലാവന്‍

രാഷ്ട്രതന്ത്രത്തിലെ മൗലികപ്രാധാന്യമുള്ള ഒരാശയമാണു പരമാധികാരം. രാഷ്ട്രത്തിന്റെ നിര്‍വചനത്തിന്റെ തന്നെ ഒരു ഭാഗമാണത്. ഒരു നിശ്ചിത ഭൂപ്രദേശത്ത് ഒരു ഗവണ്മെന്റിന്റെ കീഴില്‍ ജീവിക്കുന്ന പരമാധികാരമുള്ള ഒരു ജനതയ്ക്കാണ് രാഷ്ട്രമെന്നു പറയുന്നത്. അപ്പോള്‍ പരമാധികാരം ജനതയ്ക്കാണ്. ഇതു ജനാധിപത്യസങ്കല്പമാണ്. ഈ പരമാധികാരം പ്രാവര്‍ത്തികമാക്കുന്ന ഏജന്‍സിയാണു ഗവണ്മെന്റ്. പരമാധികാരത്തിന്റെ അര്‍ത്ഥമെന്ത്? ജനജീവിതത്തെ നിയന്ത്രിക്കാനുള്ള നിയമങ്ങള്‍ നിര്‍മ്മിക്കാനുള്ള അധികാരമാണ് രാഷ്ട്രത്തിന്റെ പരമാധികാരം. സൈദ്ധാന്തികമായിപ്പറഞ്ഞാല്‍ ഈ അധികാരം അപരിമിതമാണ്. അതായത്, എന്തിനെപ്പറ്റിയും എന്തു നിയമവും നിര്‍മ്മിക്കുന്നതില്‍നിന്ന് ഒരു നിയമനിര്‍മ്മാണസഭയെ തടയാന്‍ നൈയാമികമായി ഒരു ശക്തിയുമില്ലെന്നാണ് അതിന്റെയര്‍ത്ഥം. ഉദാഹരണത്തിന്, ഒരു രാജ്യത്തെ ജനങ്ങളോട് പരസ്പരം കൊല്ലാന്‍ ആവശ്യപ്പെടുന്ന ഒരു നിയമം പാസാക്കാന്‍ പാര്‍ലമെന്റിനു കഴിയും. എന്നാല്‍ ഇത്തരമൊരു നിയമം അസംബന്ധമാണ്, യുക്തിവിരുദ്ധമാണ്, ജനമനസ്സാക്ഷിയുടെ നിരാകരണമാണ്. അതിനാല്‍ ആ നിയമം ആരും അനുസരിക്കുകയില്ല. അപ്പോള്‍ നിയമനിര്‍മ്മാണത്തില്‍ രാഷ്ട്രത്തിന്റെ കൈയ്ക്കുപിടിക്കാന്‍ സൈദ്ധാന്തികമായി ആരുമില്ലെങ്കിലും, പ്രയോഗത്തില്‍ ജനങ്ങളുടെ ധര്‍മ്മബോധമുണ്ട്, യുക്തിബോധമുണ്ട്. അതുകൊണ്ടാണ് രാഷ്ട്രത്തിന്റെ പരമാധികാരത്തിന് ധാര്‍മ്മികമായ പരിധികള്‍ ഉണ്ടെന്ന് പ്രശസ്തരായ രാഷ്ട്രതത്ത്വചിന്തകന്മാര്‍ പറഞ്ഞുവച്ചത്. ഇതു ശരിയാണുതാനും. കാരണം അരിസ്റ്റോട്ടില്‍ പറഞ്ഞതുപോലെ മനുഷ്യന്‍ പ്രാഥമികമായി ഒരു ധാര്‍മ്മികജീവിയാണ്. രാഷ്ട്രവും അതിന്റെ പരമാധികാരവുമെല്ലാം മനുഷ്യന്റെ നന്മയ്ക്കുവേണ്ടിയാണ് മനുഷ്യരെ നശിപ്പിക്കാനല്ല.
ഈ യാഥാര്‍ത്ഥ്യത്തെ അവഗണിച്ചുകൊണ്ടുള്ള ഒരു നിയമപരിഷ്‌ക്കരണ പരിപാടിയാണ് പുരോഗമനത്തിന്റെ പേരില്‍ കേരളത്തില്‍ നടപ്പാക്കുന്നതിനുവേണ്ടി ഇന്നു മുന്നോട്ടുവയ്ക്കപ്പെട്ടിട്ടുള്ളത്. ഒരു നിയമപണ്ഡിതനായി അറിയപ്പെടുന്ന ശ്രീ വി. ആര്‍. കൃഷ്ണയ്യരുടെ അദ്ധ്യക്ഷതയിലുള്ള നിയമപരിഷ്‌ക്കരണക്കമ്മിറ്റിയാണ് ഈ പരിപാടികള്‍ ശിപാര്‍ശ ചെയ്തിട്ടുള്ളതെന്ന വസ്തുത വൈരുദ്ധ്യാത്മകമാണ്. ഏതായാലും ഈശ്വരവിശ്വാസികള്‍ക്കും ധാര്‍മ്മികബോധമുള്ള സകലമനുഷ്യര്‍ക്കും തങ്ങളുടെ ചിന്താസ്വാതന്ത്ര്യം പണയപ്പെടുത്തിയിട്ടില്ലാത്തവര്‍ക്കും അസ്വീകാര്യമായ നിയമപരിഷ്‌ക്കാരങ്ങളാണ് ഈ സമിതി മുന്നോട്ടുവച്ചിട്ടുള്ളത്. മതം കറുപ്പാണെന്നു കരുതുന്ന, ലക്ഷ്യസാധ്യത്തിനായി ഏതു മാര്‍ഗ്ഗവും സ്വീകരിക്കാമെന്നു വിശ്വസിക്കുന്ന, നിരീശ്വരത്വം ഒളിഞ്ഞും തെളിഞ്ഞും പ്രചരിപ്പിക്കാന്‍ നിരന്തരം പരിശ്രമിക്കുന്ന ഒരു സര്‍ക്കാരിന്റെ കൈകളിലേയ്ക്കാണ് ഈ പരിഷ്‌ക്കരണ പരിപാടികള്‍ സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്.
‘യൂത്തനെയ്‌സിയ’ (Euthanasia) എന്ന പേരില്‍ ഇംഗ്ലീഷില്‍ അറിയപ്പെടുന്ന ദയാവധത്തിന് (കാരുണ്യവധത്തിന്) നിയമസംരക്ഷണം നല്കാനാണ് പ്രധാനപ്പെട്ട ഒരു ശിപാര്‍ശ. ഇതിനുള്ള ബില്ല് ‘Indian Penal Code (Kerala) Amendment Bill’ എന്ന പേരിലാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതനുസരിച്ച് ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ സെക്ഷന്‍ 309 വിട്ടുകളഞ്ഞ് ദയാവധത്തിന് നിയമസംരക്ഷണം നല്കും. അതോടെ ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ സെക്ഷന്‍ 300 അനുസരിച്ച് ഇന്ന് കൊലപാതകത്തിന്റെ പരിധിയില്‍ വരുന്ന ദയാവധം അതില്‍നിന്നൊഴിവാക്കപ്പെടുകയും ശിക്ഷാര്‍ഹമല്ലാതാവുകയും ചെയ്യും. (ഇന്ത്യന്‍ ശിക്ഷാനിയമത്തിന് ഇപ്രകാരം ഭേദഗതിവരുത്താന്‍ ഒരു സംസ്ഥാനനിയമസഭയ്ക്ക് അധികാരമില്ലെന്നു കരുതുന്ന നിയമപണ്ഡിതന്മാരുണ്ടെന്ന കാര്യവും ഇവിടെ പ്രസ്താവ്യമാണ്).
തീവ്രവേദനയനുഭവിക്കുന്നവരും ഡോക്ടര്‍മാരുടെ വീക്ഷണത്തില്‍ രക്ഷപ്പെടാന്‍ സാധ്യതയില്ലാത്തവരുമായ രേഗികളെയും പ്രായാധിക്യംകൊണ്ടു ക്ലേശിക്കുന്ന വൃദ്ധജനങ്ങളെയും കൊല്ലുന്നത് ഒരു കാരുണ്യപ്രവൃത്തിയാണെന്ന് (വൈകാരികമായി) ചിലര്‍ക്ക് തോന്നാമെങ്കിലും അത് പൈശാചികമായ ക്രൂരതയാണ്, ‘നിര്‍ദ്ദയാവധ’മാണ്. രോഗംകൊണ്ടോ പ്രായാധിക്യം മൂലോ ക്ലേശിക്കുന്നവരെ കൊല്ലാന്‍ ആര്‍ക്കും അവകാശമില്ല. കാരണം ജീവന്‍ ദൈവത്തിന്റെ ദാനമാണ്. ആ ജീവനെ ആത്മഹത്യയിലൂടെയോ ദയാവധത്തിലൂടെയോ നശിപ്പിക്കാന്‍ ഒരു മനുഷ്യനും(രാഷ്ട്രത്തിനും) അവകാശമില്ല. അതു യുക്തിവിരുദ്ധമാണ,് മനുഷ്യാവകാശധ്വംസനമാണ്. ജീവനെ രക്ഷിക്കാനാണ്, നശിപ്പിക്കാനല്ല നമുക്ക് അവകാശമുള്ളത്. ‘കൊല്ലരുത്’ എന്ന ദൈവകല്പനയുടെ ലംഘനമാണത്. അബോര്‍ഷന്‍ (ഭ്രൂണഹത്യ) പോലെതന്നെ ദയാവധവും ഗൗരവതരമായ തിന്മയാണെന്ന് സഭ അസന്ദിഗ്ദ്ധമായി പഠിപ്പിക്കുന്നു. വേദനയും ക്ലേശങ്ങളും അനുഭവിക്കുന്നവരെ സ്‌നേഹിക്കുകയും അവരെ ശുശ്രൂഷിക്കുകയുമാണു വേണ്ടതെന്നും സഭ പ്രബോധിക്കുന്നു. ഇതുതന്നെയാണല്ലോ പുണ്യചരിതയായ മദര്‍ തെരേസ ചെയ്തതും. കുരിശില്‍ പീഡകളേറ്റു മരിച്ച ഈശോയെ അനുസ്മരിച്ചുകൊണ്ട് സഹനത്തിന്റെ രക്ഷാകരമൂല്യത്തെപ്പറ്റിയും സഭ പഠിപ്പിക്കുന്നു.
പുരാതന ഗ്രീക്കുകാരുടെ ഇടയിലും മറ്റും നിലവിലിരുന്നതും ഇന്ന് ലോകത്തിലെ നാലോ അഞ്ചോ രാജ്യങ്ങളില്‍ നിയമസാധുത ലഭിച്ചിട്ടുള്ളതുമായ ഈ കിരാതപ്രവൃത്തിയെ സാധൂകരിക്കാനുള്ള നീക്കത്തിനെതിരെ മനസ്സാക്ഷിയുള്ള സകല മനുഷ്യരും ജാതിമതഭദമെന്യേ ഉണര്‍ന്നു പ്രതികരിക്കേണ്ട സമയമാണിത്. മരണസംസ്‌കാരം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സാംസ്‌കാരിക ജീര്‍ണ്ണതയില്‍നിന്ന് ലോകത്തെ രക്ഷിക്കാന്‍ നാം സ്‌നേഹസംസ്‌കാരം പടുത്തുയര്‍ത്തണം.
പ്രസിഡന്റിന്റെ അനുമതി ലഭിച്ചതിനുശേഷം കേരളസര്‍ക്കാര്‍ തീരുമാനിക്കുന്ന തീയതിയില്‍ ഗസറ്റിലെ നോട്ടിഫിക്കേഷനോടു കൂടി ഈ ബില്ല് നിയമമായി പ്രാബല്യത്തില്‍ വരുമെന്നാണ് ശിപാര്‍ശയില്‍ പറയുന്നത്. അഭിപ്രായസമന്വയത്തോടെ നിയമപരിഷ്‌ക്കരണം നടത്തുമെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും ആ വാഗ്ദാനത്തിനു വലിയ വില കല്പിക്കേണ്ടതില്ല.
നിയമപരിഷ്‌ക്കരണക്കമ്മറ്റിയുടെ മറ്റൊരു ശിപാര്‍ശയാണ് ‘The Population Planning for Family Well-Being and Children’s Development Bill’എന്ന പേരിലുള്ള ബില്‍. ഈ ബില്ലില്‍ സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തെപ്പറ്റി പറയുന്നുണ്ടെങ്കിലും സൂക്ഷ്മവിശകലനത്തില്‍ ഇവിടെയും അവകാശധ്വംസനമുണ്ട്. സ്വന്തം ജീവിതസാഹചര്യങ്ങളും സാമൂഹ്യ സാഹചര്യങ്ങളും കണക്കിലെടുത്തു കൊണ്ട് ഉത്തരവാദിത്വത്തോടെ തങ്ങള്‍ക്ക് എത്ര കുട്ടികള്‍ വേണമെന്നു തീരുമാനിക്കാനുള്ള ദമ്പതികളുടെ മൗലികമായ അവകാശത്തെയാണ് ഈ ബില്‍ ലംഘിക്കുന്നത്. രണ്ടു മക്കളില്‍ കൂടുതലായാല്‍ അവര്‍ക്കു ജയിലും പിഴയുമൊക്കെ വിധിക്കാന്‍ സര്‍ക്കാരിന് എന്തവകാശമാണുള്ളത്? ഉത്തരവാദിത്വമുള്ള പിതൃത്വത്തിനും സ്വാഭാവികമാര്‍ഗ്ഗങ്ങളിലൂടെയുള്ള കുടുംബാസൂത്രണത്തിനും സഭ ഒരിക്കലും എതിരില്ല. എന്നാല്‍ ഗര്‍ഭനിരോധനമനോഭാവവും കൃത്രിമ ജനനനിയന്ത്രണവും മനുഷ്യന്റെ യഥാര്‍ത്ഥനന്മയ്ക്ക് ഹാനികരമാണെന്നും അബോര്‍ഷന്‍ കൊലപാതകമാണെന്നും സഭ ഉറക്കെ പ്രഖ്യാപിക്കുന്നു. കണ്ണടച്ച് ഇരുട്ടാക്കിയാല്‍ സൂര്യപ്രകാശം ഇല്ലാതാകുമോ? ഒരിക്കലുമില്ല. സത്യം മറയ്ക്കപ്പെടാം, എന്നാല്‍ അത് അസ്തമിക്കുന്നില്ല.
കേരളത്തിലെ ക്രിസ്തീയസഭയുടെ ഭൗതികകാര്യങ്ങളുടെയും സ്വത്തിന്റെയും ജനാധിപത്യപരവും കാര്യക്ഷമവും നീതിയുക്തവുമായ ഭരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനു ലക്ഷ്യമിടുന്നതാണ്. ‘The Kerala Christian Church Properties and Institutions Trust Bill’എന്നു പറയുന്നുണ്ടെങ്കിലും ഇവിടെയും നിഗൂഢലക്ഷ്യങ്ങള്‍ പതിയിരിപ്പുണ്ടെന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.
ഒരു ജനാധിപത്യരാജ്യത്ത് ജനാധിപത്യമാര്‍ഗ്ഗങ്ങളിലൂടെ അനഭിലഷണീയമായ നിയമനിര്‍മ്മാണത്തെ ചെറുക്കാനും, യുക്തിവിരുദ്ധവും അവകാശധ്വംസകവുമായ നിയമങ്ങള്‍ റദ്ദ് ചെയ്യിക്കാനും ജനങ്ങള്‍ക്ക് അവസരമുണ്ട്, കടമയുണ്ട്. ഈ അവസരം നാം വേണ്ടപോലെ ഉപയോഗപ്പെടുത്തണം. നിത്യമായ ജാഗ്രതയാണ് സ്വാതന്ത്ര്യത്തിന്റെ വില (Eternal vigilence is the price of liberty)എന്ന സത്യം നാം ഓര്‍ത്തിരിക്കണം.