കുരിശാണു ശക്തി, അതു സ്‌നേഹംതന്നെ

റവ. ഫാ. മാണി പുതിയിടം

 വിശ്വാസികൾക്കിടയിലെ വിഭജനപ്രശ്‌നം കൈകാര്യം ചെയ്തപ്പോൾ ശ്ലീഹാ താനറിയാതെതന്നെ കുരിശിന്റെ ദൈവശാസ്ത്രത്തിലേക്കു കടന്നു. കുരിശിന്റെ അർത്ഥം ശരിക്കും ഗ്രഹിക്കുന്നവർ അഹങ്കാരികളാവുകയില്ല. അഹങ്കാരം വെടിഞ്ഞാൽ ഗ്രൂപ്പിസവും ഇല്ലാതാവും. എന്നാൽ നാശത്തിലൂടെ ചരിക്കുന്നവർക്കു കുരിശിന്റെ വചനം ഭോഷത്തമാണ്. അതേസമയം യഹൂദർക്കു കുരിശ് ഇടർച്ചയും.
”യഹൂദർ അടയാളങ്ങൾ ആവശ്യപ്പെടുന്നു. ഗ്രീക്കുകാർ വിജ്ഞാനം അന്വേഷിക്കുന്നു. ഞങ്ങളാകട്ടെ യഹൂദർക്കിടർച്ചയും വിജാതീയർക്കു ഭോഷത്തവുമായ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു” (1 കോറി 1, 22) വാസ്തവത്തിൽ കുരിശിന്റെ അർത്ഥം വെളിവാക്കിക്കൊടുക്കുകയെന്നത് ആദിമസഭയുടെ വലിയ വെല്ലുവിളിയായിരുന്നു. ശ്ലീഹാ അതാണു ധൈര്യപൂർവ്വം ഏറ്റെടുക്കുന്നത്. കുരിശുമരണം യഹൂദർക്ക് അഭിശപ്തമാണ്. നിയമാവർത്തനം പറയുന്നു: ”മരത്തിൽ തൂക്കപ്പെട്ടവൻ ദൈവത്താൽ ശപിക്കപ്പെട്ടവനാണെന്ന്” (നിയമ 21, 23) നൂറ്റാണ്ടുകളിലൂടെ ധരിച്ചു വച്ചിരിക്കുന്ന ഈ ചിന്ത എങ്ങനെ മാറ്റിയെടുക്കും. രക്ഷകൻ നിസ്സഹായനായി കുരിശിൽ മരിച്ചുവെന്നു കേൾക്കാൻ യഹൂദനു കഴിയുമായിരുന്നില്ല. പ്രതാപവാനായ ദാവീദുരാജാവിന്റെ വംശത്തിലാണ് അവർ രക്ഷകനെ പ്രതീക്ഷിച്ചത്. അപ്പോൾ മനസ്സിലുണ്ടായിരുന്ന ചിത്രം രാജകീയകൂട്ടായി വരുന്ന രക്ഷകനാണ്. ഈ ചിന്തയെയാണ് കുരിശുമരണം അട്ടിമറിച്ചത്. ദൈവനിവേശിതനായ ശ്ലീഹാ കുരിശുമരണത്തിൽ ഏശയ്യായുടെ പ്രവചനത്തിന്റെ സാക്ഷാൽക്കാരം ദർശിച്ചു.
”നമ്മുടെ അതിക്രമങ്ങൾക്കുവേണ്ടി അവൻ മുറിവേൽപ്പിക്കപ്പെട്ടു. നമ്മുടെ അകൃത്യങ്ങൾക്കുവേണ്ടി ക്ഷതമേൽപ്പിക്കപ്പെട്ടു. അവന്റെ മേലുള്ള ശിക്ഷ നമുക്കു രക്ഷ നല്കി. അവന്റെ ക്ഷതങ്ങളാൽ നാം സൗഖ്യം പ്രാപിച്ചു… നമ്മുടെ അകൃത്യങ്ങൾ കർത്താവ് അവന്റെ മേൽ ചുമത്തി. അവൻ മർദ്ദിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തു. എങ്കിലും അവൻ ഉരിയാടിയില്ല. കൊല്ലാൻ കൊണ്ടുപോവുന്ന കുഞ്ഞാടിനെപോലെയും രോമം കത്രിക്കുന്നവരുടെ മുമ്പിൽനിൽക്കുന്ന ചെമ്മരിയാടിനെപ്പോലെയും അവൻ മൗനം പാലിച്ചു. മർദ്ദനത്തിനും ശിക്ഷാവിധിക്കും അധീനനായി അവൻ എടുക്കപ്പെട്ടു” (ഏശ. 53, 5-8).
അങ്ങനെയാണ് രക്ഷയിലൂടെ ചരിക്കുന്നവർക്ക് കുരിശിന്റെ ശക്തിയായത്. എന്തിലാണു കുരിശിന്റെ ശക്തി അടങ്ങിയിരിക്കുന്നത്? പ്രത്യക്ഷത്തിൽ ഒരു വൈരുദ്ധ്യമായി തോന്നുന്ന കാര്യമാണിത്. നിസ്സഹായനായി ശത്രുവിനു കീഴ്‌പ്പെട്ട് മരണം വരിച്ചവൻ ശക്തിമാനാണെന്നു ലോകത്തിനു പറയാൻ കഴിയുമോ? ഇവിടെ സത്യം വേറെയാണ്. പിതാവായ ദൈവത്തിന്റെ സ്‌നേഹമാണ് പുത്രനെ നമുക്കായി പാപപ്പരിഹാരമാക്കിയത്. നാമായിരുന്നു കുരിശിൽ കയറേണ്ടിയിരുന്നത്. അതിനാൽ കുരിശിന്റെ ശക്തി സ്‌നേഹത്തിന്റെ ശക്തിയാണ് ”വിളിക്കപ്പെട്ടവർക്ക് – യഹൂദരോ ഗ്രീക്കുകാരോ ആകട്ടെ – ക്രിസ്തു ദൈവത്തിന്റെ ശക്തിയും ദൈവത്തിന്റെ ജ്ഞാനവുമാണ്” (1 കോറി1, 24).
കോറിന്തോസുകാരുടെ പ്രശ്‌നം സ്‌നേഹമില്ലായ്മയായിരുന്നു. അതാണു ഗ്രൂപ്പിസത്തിലേക്കു നയിച്ചത്. തിരിച്ചുവരവിനുള്ള മാർഗ്ഗം ശ്ലീഹാ ചൂണ്ടിക്കാണിക്കുകയാണ്. മിശിഹായുടെ കുരിശിന്റെ പാത സ്വീകരിക്കുക. അപ്പോൾ അവർ ഒറ്റശരീരമായി ഭവിക്കും.
”ശരീരം ഒന്നാണെങ്കിലും അതിൽ പല അവയവങ്ങളുണ്ട്. അവയവങ്ങൾ പലതെങ്കിലും അവയെല്ലാം ചേർന്ന് ഏകശരീരമായിരിക്കുന്നു. അതുപോലെതന്നെയാണു ക്രിസ്തുവും നമ്മളെല്ലാവരും ഒരേ ആത്മാവിൽ ഏകശരീരമാകാൻ ജ്ഞാനസ്‌നാനമേറ്റു” (1 കോറി 12,12)
വിഭജനപ്രശ്‌നം കൈകാര്യം ചെയ്യുന്ന ഒറ്റ ഖണ്ഡികയിൽതന്നെ പന്ത്രണ്ടു പ്രാവശ്യത്തോളം ശ്ലീഹാ മിശിഹായുടെ നാമം ഉപയോഗിക്കുന്നതു കാണാം. മിശിഹായാണ് ദൈവത്തിന്റെ ശക്തിയും ദൈവത്തിന്റെ ജ്ഞാനവും. മനുഷ്യദൃഷ്ടിയിൽ ഇടർച്ചയും ഭോഷത്വവുമായത് വിശ്വാസിക്ക് ശക്തിയും ജ്ഞാനവുമായി ഭവിക്കുന്നു.
നമ്മോടുള്ള സ്‌നേഹമാണ് കുരിശിലൂടെ ദൈവം പ്രകടമാക്കിയത്. സ്‌നേഹത്തെക്കാൾ വലിയശക്തി അനുഭവപ്പെടാനില്ല. റോമാക്കാർക്കെഴുതിയ ലേഖനത്തിലും ശ്ലീഹാ ഇതു വ്യക്തമാക്കി. നാം പാപികളായിരിക്കേ മിശിഹാ നമുക്കുവേണ്ടി മരിച്ചു. അങ്ങനെ നമ്മോടുള്ള സ്‌നേഹം പ്രകടമാക്കിയിരിക്കുന്നു. ”നീതിമാനുവേണ്ടിപോലും ആരെങ്കിലും മരിക്കുക പ്രയാസമാണ്. ഒരുപക്ഷേ ഒരു നല്ല മനുഷ്യനുവേണ്ടി മരിക്കാൻ ആരെങ്കിലും തുനിഞ്ഞേക്കാം. എന്നാൽ നാം പാപികളായിരിക്കെ മിശിഹാ നമുക്കുവേണ്ടി മരിച്ചു. അങ്ങനെ നമ്മോടുള്ള സ്‌നേഹം ദൈവം പ്രകടമാക്കിയിരിക്കുന്നു” (റോമ 5, 7-8).
മാമ്മോദീസായിലൂടെ നാമും ക്രിസ്തുവിനോടുകൂടി ക്രൂശിതരാവുന്നു. അപ്പോൾ നമ്മിൽ പ്രവർത്തിക്കുന്നത് ദൈവത്തിന്റെ സ്‌നേഹവും ശക്തിയുമാണ്. ”ഞാൻ ക്രിസ്തുവിനോടുകൂടി ക്രൂശിതനായിരിക്കുന്നു. ഇനിമേൽ ഞാനല്ല ജീവിക്കുന്നത് ക്രിസ്തുവാണ് എന്നിൽ ജീവിക്കുന്നത്. എന്റെ ഇപ്പോഴത്തെ ഐഹികജീവിതം എന്നെ സ്‌നേഹിക്കുകയും എനിക്കുവേണ്ടി തന്നെത്തന്നെ ബലിയർപ്പിക്കുകയും ചെയ്ത ദൈവപുത്രനിൽ വിശ്വസിച്ചുകൊണ്ടുള്ള ജീവിതമാണ്” (ഗലാ 2, 20-21).
അപ്പോൾ മനുഷ്യർ കരുതുന്ന ഭോഷത്തം ദൈവത്തിന്റെ ജ്ഞാനമാണ്. മനുഷ്യർ കരുതുന്ന ബലഹീനത ദൈവത്തിന്റെ ശക്തിയും. ”എന്തെന്നാൽ ദൈവത്തിന്റെ ഭോഷത്തം മനുഷ്യരെക്കാൾ ജ്ഞാനമുള്ളതും ദൈവത്തിന്റെ ബലഹീനത മനുഷ്യരെക്കാൾ ശക്തവുമാണ്” (1 കോറി.1, 25).
വാസ്തവത്തിൽ എല്ലാ ഗ്രൂപ്പിസത്തിനും കാരണം സ്‌നേഹമില്ലായ്മയാണെങ്കിൽ ദൈവപുത്രനിൽ വിശ്വസിച്ചുകൊണ്ടുള്ള ജീവിതത്തിൽ സ്‌നേഹം തിരിച്ചുവരുന്നു. ദൈവത്തിന്റെ സ്‌നേഹം അനുഭവിക്കുന്നവർക്കു പിണങ്ങിയിരിക്കാനാവില്ല, വിദ്വേഷം വളർത്താനുമാവില്ല; അതു ക്ഷമയും കരുതലും പ്രവഹിപ്പിക്കുന്നതായിരിക്കും; എല്ലാ വിഭജനപ്രേരണകളെയും അതിജീവിക്കുന്നതായിരിക്കും. കുരിശിലൂടെ പ്രകടമാക്കപ്പെടുന്ന ദൈവസ്‌നേഹത്തിന്റെ ചിന്ത സമൂഹത്തിൽ ഐക്യവും കൂട്ടായ്മയും വളർത്താനിടയാവും.