ജനാഭിമുഖ കുര്‍ബാന ലത്തീന്‍സഭയിലെ സംഭവവികാസങ്ങള്‍

മാര്‍ ഏബ്രഹാം മറ്റം

സീറോമലബാര്‍സഭയില്‍ കുര്‍ബാനക്രമം സംബന്ധിച്ച്, അഭിപ്രായവ്യത്യാസം ആരംഭിച്ചിട്ട് അരനൂറ്റാണ്ടു കഴിഞ്ഞു. കുര്‍ബാനയുടെ പ്രാര്‍ത്ഥനകളുടെ കാര്യത്തിലും കര്‍മ്മാനുഷ്ഠാനങ്ങളുടെ കാര്യത്തിലും ഭിന്നാഭിപ്രായമാണ്. ഈ സ്ഥിതി സഭയ്ക്കു വളരെ ദോഷം ചെയ്യുന്നുണ്ട്. ബലി അര്‍പ്പിക്കുന്ന പുരോഹിതനും ജനങ്ങളും ഒരേ ദിശയിലേക്കു തിരിഞ്ഞു നില്ക്കണമോ, അതോ പുരോഹിതന്‍ ജനാഭിമുഖം അര്‍പ്പിക്കണമോ എന്നതാണ് ഒരു പ്രധാന വിവാദവിഷയം. 1970 വരെ പുരോഹിതന്‍ ബലിപീഠത്തിലേക്കു (കിഴക്കോട്ട്) തിരിഞ്ഞു കുര്‍ബാന അര്‍പ്പിക്കുന്ന പാരമ്പര്യമാണ് ലത്തീന്‍ റീത്തിലും പൗരസ്ത്യറീത്തുകളിലും നിലനിന്നിരുന്നത്.
വത്തിക്കാന്‍ കൗണ്‍സിലിനുശഷം 1970-ല്‍ പുതിയ ലത്തീന്‍ മിസാള്‍ നടപ്പിലാക്കിയതോടുകൂടി ജനാഭിമുഖം കര്‍ബാന അര്‍പ്പിക്കുന്ന രീതി തുടങ്ങി. സീറോ മലബാര്‍ സഭയിലും ഈ ക്രമം നടപ്പിലാക്കണമെന്നു ചിലര്‍ക്കു തോന്നി. ഔദ്യോഗിക നിര്‍ദ്ദേശമൊന്നുമില്ലാതെ ചില സ്ഥലങ്ങളില്‍ അങ്ങനെ നടപ്പിലാക്കുകയും ചെയ്തു. അതാണ് വിവാദത്തിന്റെ ആരംഭം. മറ്റ് ഒരു പൗരസ്ത്യറീത്തിലും ഔദ്യോഗികമായി ഈ ക്രമം അംഗീകരിച്ചിട്ടില്ലെന്നും ഓര്‍മ്മിക്കണം.
പലരും ധരിച്ചുവച്ചിരിക്കുന്നത്, ജനാഭിമുഖ കുര്‍ബാനസമര്‍പ്പണം രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ സ്വീകരിച്ച പുരോഗമനപരമായ ഒരു ചുവടുവയ്പാണെന്നാണ്. വാസ്തവത്തില്‍ കൗണ്‍സില്‍ ഇതേപ്പറ്റി ഒരു വാക്കുപോലും പറഞ്ഞിട്ടില്ല. ഈ വിഷയത്തെപ്പറ്റി കര്‍ദ്ദിനാള്‍ റാറ്റ്‌സിംഗര്‍ (ബനഡിക്ട് 16-ാം പാപ്പാ) 2000-ത്തില്‍ പ്രസിദ്ധം ചെയ്ത ”ലിറ്റര്‍ജിയുടെ ചൈതന്യം” (The Spirit of the Liturgy) എന്ന ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നുണ്ട്, അദ്ദേഹം എഴുതുന്നു: ”ഈ ന്യായങ്ങള്‍ (സജീവ ഭാഗഭാഗിത്വവും മറ്റും) സ്വീകാര്യമായി. വത്തിക്കാന്‍ കൗണ്‍സിലിനുശേഷം എല്ലായിടത്തും പുതിയ അള്‍ത്താരകള്‍ നിര്‍മ്മിച്ച്, ജനങ്ങള്‍ക്കു നേരെ തിരിഞ്ഞു കുര്‍ബാന അര്‍പ്പിച്ചുതുടങ്ങി. ഇന്ന് അത് വത്തിക്കാന്‍ കൗണ്‍സിലിന്റെ ആരാധനക്രമ നവീകരണത്തിന്റെ ഫലമാണെന്നു കരുതിപ്പോരുന്നു. എന്നാല്‍, കൗണ്‍സില്‍ ‘ജനാഭിമുഖ’ത്തെപ്പറ്റി യാതൊന്നും പറയുന്നില്ല…”
”എല്ലാവരും (പുരോഹിതനും ജനങ്ങളും) കിഴക്കോട്ടു തിരിഞ്ഞു നില്ക്കുക എന്നത് ‘ജനങ്ങള്‍ക്കു പുറം തിരിഞ്ഞു നില്ക്കുക’, ‘ഭിത്തിയിലേക്കു തിരിഞ്ഞു നില്ക്കുക’ എന്നല്ല മനസ്സിലാക്കേണ്ടത്. പുരോഹിതനെ അത്ര ഗൗരവമായി കരുതിയില്ല. സിനഗോഗുകളില്‍ എല്ലാവരും ജറൂസലേമിന്റെ നേര്‍ക്കു തിരിയുന്നുതുപോലെ, ക്രിസ്തീയ ആരാധനക്രമത്തില്‍ ”കര്‍ത്താവിന്റെ പക്കലേക്കു തിരിയുന്നു. ഒരുമിച്ച് ഒരു പ്രദക്ഷിണമായി കര്‍ത്താവിന്റെ പക്കലേക്കു നീങ്ങുന്നു… തീര്‍ത്ഥയാത്ര കഴിക്കുന്ന ദൈവജനം എന്നപോലെ, കിഴക്കുനിന്നു ആഗതനാകുന്ന കര്‍ത്താവിനെ എതിരേല്ക്കുവാന്‍ പോകുന്നു…” കിഴക്കുദിശയിലേക്കു ഒരുമിച്ചു തിരിയുവാന്‍ സാധിക്കാത്തപ്പോള്‍, കുരിശ് വിശ്വാസദൃഷ്ട്യാ ‘കിഴക്കിനെ’ (മനുഷ്യപുത്രന്റെ അടയാളത്തെ) പ്രതിനിധാനം ചെയ്യും” (Spirit of Liturgy pp.77, 80, 83).
വി. മത്തായിയുടെ സുവിശേഷത്തില്‍ ലോകാന്ത്യത്തെ വിവരിക്കുന്നത് ഇപ്രകാരമാണല്ലോ: ”കിഴക്കുനിന്നു പടിഞ്ഞാറോട്ടു പായുന്ന മിന്നല്‍പോലെ ആയിരിക്കും മനുഷ്യപുത്രന്റെ ആഗമനം” (മത്താ 24:27).
ബനഡിക്ട് പാപ്പാ സ്വകാര്യകപ്പേളയില്‍ ബലി അര്‍പ്പിക്കുന്നത് കിഴക്കിനെ അഭിമുഖീകരിച്ചാണ്.
2008 ജനുവരിയില്‍ പരിശുദ്ധ പിതാവ് കര്‍ത്താവിന്റെ മാമ്മോദീസാത്തിരുനാള്‍ ആഘോഷിച്ചത് സിസ്റ്റൈന്‍ ചാപ്പലിലെ പഴയ അള്‍ത്താരയിലാണ്. ആ അവസരത്തില്‍ ബലി അര്‍പ്പിച്ചതും കിഴക്കോട്ട് അള്‍ത്താരയിലേക്കു) തിരിഞ്ഞ് ആയിരുന്നു. ഇറ്റാലിയന്‍ഭാഷയിലുള്ള പുതിയ മിസാള്‍ ആണ് ഉപയോഗിച്ചത്.
2008-ലെ ക്രിസ്മസിനും തുടര്‍ന്ന് ജനുവരിയില്‍ കര്‍ത്താവിന്റെ ദനഹാ, മാമ്മോദീസാ തിരുനാളുകള്‍ക്കും പരിശുദ്ധ പിതാവ് തിരുക്കര്‍മ്മങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു. മാര്‍പാപ്പായുടെ കര്‍മ്മാനുഷ്ഠാനങ്ങള്‍ക്കു നേതൃത്വം വഹിക്കുന്ന മോണ്‍സിഞ്ഞോര്‍ മരീനി ഡിസംബര്‍ 23 ന് വത്തിക്കാന്‍ ദിനപ്പത്രമായ ഒസ്സര്‍വത്തോരെ റൊമാനോയ്ക്കു നല്‍കിയ ഒരഭിമുഖത്തില്‍ ഈ മാറ്റങ്ങളെ വിശദീകരിച്ചു. അതില്‍ ഇപ്രകാരം പ്രസ്താവിച്ചു:
”കഴിഞ്ഞ കൊല്ലത്തെപ്പോലെ ഇക്കൊല്ലവും കര്‍ത്താവിന്റെ മാമ്മോദീസാത്തിരുനാളിന് പരിശുദ്ധ കുര്‍ബാന ആഘോഷിക്കുന്നത് സിസ്റ്റൈന്‍ ചാപ്പലിലായിരിക്കും. കുര്‍ബാനയുടെ ഇടയ്ക്ക് ചില അവസരങ്ങളില്‍ (അനാഫൊറാ) പരിശുദ്ധ പിതാവ് വിശ്വാസികളോടൊപ്പം കുരിശുരൂപത്തിലേക്കു തിരിഞ്ഞായിരിക്കും കര്‍മ്മങ്ങള്‍ ആചരിക്കുക… ദിവ്യബലി അര്‍പ്പിക്കുന്നതിനുള്ള ശരിയായ ദിശ ഏതെന്നു ധ്വനിപ്പിക്കുന്നതിനാണിത്. അതായത് കര്‍ത്താവിന്‍ പക്കലേക്ക് തിരിഞ്ഞ് എന്ന്.”
കുര്‍ബാനയ്ക്ക് ഉപയോഗിക്കുന്ന ഭാഷയെപ്പറ്റിയും മോണ്‍. മരീനി സംസാരിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഭാഗഭാക്കുകളാണെന്നു വ്യഞ്ജിപ്പിച്ചുകൊണ്ട് ”വായനകളും വിശ്വസികളുടെ പ്രാര്‍ത്ഥനകളും (കാറോസൂസാ) പല ഭാഷകളിലായിരിക്കും നടത്തുക. കുര്‍ബാനസമര്‍പ്പണത്തിന് ലത്തീന്‍ ഭാഷയായിരിക്കും ഉപയോഗിക്കുക. വൈവിധ്യത്തില്‍ ഉള്‍ക്കൊള്ളുന്ന ഏകത്വവും സാര്‍വത്രികതയും ഇതു ധ്വനിപ്പിക്കും.”
ലത്തീന്‍ റീത്തിലെ ദൈവാരാധനക്രമം സംബന്ധിച്ച് ബനഡിക്ട് പാപ്പാ 2008 ജൂലൈ 7-ാം തീയതി പുറപ്പെടുവിച്ച ”സുമ്മോരും പെന്തിഫിക്കും” (Summorum Pontificum) എന്ന ശ്ലൈഹികലേഖനം വളരെ അപ്രതീക്ഷിതമായിരുന്നു. അതനുസരിച്ച്, ലത്തീന്‍ റീത്തില്‍പെട്ട ഓരോ വൈദികനും തനിച്ചു കുര്‍ബാന അര്‍പ്പിക്കുമ്പോള്‍ നാലു നൂറ്റാണ്ടുകള്‍ക്കുമുമ്പ് ത്രെന്തോസ് സൂനഹദോസിന്റെ തീരുമാനപ്രകാരം 1570-ല്‍ വി. അഞ്ചാം പീയൂസ് പാപ്പാ നടപ്പിലാക്കിയ റോമന്‍ക്രമം ഉപയോഗിക്കാവുന്നതാണ്. 1962-ല്‍ വാഴ്ത്തപ്പെട്ട ജോണ്‍ 23-ാമന്‍ പാപ്പാ പുനഃപ്രസിദ്ധീകരിച്ച റോമന്‍ മിസാളാണ് ഉപയോഗിക്കേണ്ടത്. സ്വമേധയാ അതില്‍ സംബന്ധിക്കുന്നതിന് ആഗ്രഹിക്കുന്ന വിശ്വാസികള്‍ക്ക് അതില്‍ ഭാഗഭാക്കുകളാകാം. വിശ്വസികള്‍ പങ്കെടുക്കുമ്പോള്‍ വായനകള്‍ പ്രാദേശികഭാഷകളിലാകാം. കുര്‍ബാന സമര്‍പ്പണം ലത്തീന്‍ഭാഷയിലായിരിക്കണം. ആ റോമന്‍ മിസാളിലെ ക്രമമനുസരിച്ച് പുരോഹിതന്‍ അള്‍ത്താരയിലേക്കു തിരിഞ്ഞാണ് ബലി സമര്‍പ്പിക്കേണ്ടത്.
ചില കര്‍ദ്ദിനാളന്മാരും പല മെത്രാന്മാരും ഈ നടപടിയെ ആശങ്കയോടെയാണ് വീക്ഷിച്ചത്. ”ഇത് പിന്നോട്ടുള്ള ഒരു പോക്കല്ലേ? വത്തിക്കാന്‍ കൗണ്‍സിലിനെ അവഗണിക്കയല്ലേ? സഭയില്‍ ഭിന്നിപ്പ് ഉളവാക്കുകയില്ലേ?” എന്നെല്ലാമായിരുന്നു അവരുടെ സന്ദേഹം.
ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായാണ് ഈ നീക്കത്തിന് ആരംഭമിട്ടത്. പുരാതന റോമന്‍ മിസാള്‍ പരിമിതമായ തോതില്‍ ഉപയോഗിക്കുന്നതിന് അദ്ദേഹം 1984-ല്‍ അനുമതി നല്കിയിരുന്നു. അത് ഒരു പ്രത്യേക സാഹചര്യത്തിലായിരുന്നു. വത്തിക്കാന്‍ കൗണ്‍സിലിന്റെ ചില പ്രമേയങ്ങളെയും 1970-ല്‍ പ്രാബല്യത്തില്‍ വന്ന പുതിയ റോമന്‍ മിസാളിനെയും അംഗീകരിക്കാതെ ലെഫേബര്‍ എന്ന ഫ്രഞ്ചു മെത്രാപ്പോലീത്തായുടെ നേതൃത്വത്തില്‍ ഒരു ചെറിയ സമൂഹം വിട്ടുനിന്നിരുന്നു. അദ്ദേഹം ‘വി. പത്താം പീയൂസിന്റെ വൈദികസമൂഹം’ എന്ന പേരില്‍ ഒരു സംഘവും സ്ഥാപിച്ചു. ജോണ്‍ പോള്‍ രണ്ടാമന്‍ അവരെ പരിശുദ്ധ സിംഹാസനവുമായി പൂര്‍ണ്ണഐക്യത്തിലേക്കു കൊണ്ടുവരാന്‍ ദീര്‍ഘമായ ചര്‍ച്ചകള്‍ നടത്തി. അവരുടെ പ്രധാനമായ ഒരാവശ്യം തങ്ങള്‍ക്കു പ്രിയങ്കരമായ പഴയ കുര്‍ബാനക്രമം ഉപയോഗിക്കാന്‍ അനുവദിക്കണമെന്നതായിരുന്നു. 1984-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ അതിന് അനുമതി നല്‍കി.
എന്നാല്‍ ലെഫേബറിനെ അനുഗമിച്ചിരുന്ന വൈദികരും വിശ്വാസികളും മാത്രമല്ല, മറ്റു പലരും തങ്ങള്‍ ചെറുപ്പം മുതല്‍ പരിശീലിച്ചിരുന്നതും തങ്ങളുടെ ആദ്ധ്യാത്മികപോഷണത്തിന് ഏറെ പര്യാപ്തവുമായിരുന്ന പഴയ കുര്‍ബാനക്രമം തുടരുന്നതിന് ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് തിരുസിംഹാസനത്തെ സമീപിച്ചിരുന്നു. അനുഭാവപൂര്‍വ്വം അതു പരിഗണിച്ചുകൊണ്ട് ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പാ 1988 ജലൈ 2-ന് ”എക്ലേസിയാ ദേയി” (Ecclesia Dei) എന്ന ശ്ലൈഹികലേഖനം പുറപ്പെടുവിച്ചു. അതുവഴി പഴയക്രമം ഉപയോഗിക്കുന്നതിന് ഉദാരമായി അനുവദിക്കുവാന്‍ മെത്രാന്മാരെ അധികാരെപ്പടുത്തി. പക്ഷെ അനുവാദം നല്കുന്നതിനുള്ള വ്യവസ്ഥകള്‍ സ്പഷ്ടമായിരുന്നില്ല. പല മെത്രാന്മാരും തങ്ങളുടെ ചിന്താഗതിയനുസരിച്ച് അനുമതി നല്കുന്നതിനു പലപ്പോഴും വിമുഖരായിരുന്നു. ആ സാഹചര്യത്തിലാണ് പുരാതന ആരാധനക്രമം കൂടുതല്‍ വിപുലമായി ഉപയോഗിക്കുന്നതിനുള്ള നിയമവ്യവസ്ഥകളും വ്യക്തമായ നിര്‍ദ്ദേശങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ട് 16-ാം ബനഡിക്ട് പാപ്പാ ”സുമ്മോരും പൊന്തിഫിക്കും” എന്ന ശ്ലൈഹികലേഖനം 2007 ജൂലൈ 7-ാം തീയതി പ്രസിദ്ധീകരിച്ചത്.
കര്‍ദ്ദിനാള്‍സംഘത്തിന്റെ അഭിപ്രായം ആരായുകയും ഈ വിഷയത്തിന്റെ എല്ലാവശങ്ങളും ആഴമായി ചിന്തിക്കുകയും പരിശുദ്ധാരൂപിയുടെ പ്രകാശത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്ത ശേഷം ദൈവസഹായത്തില്‍ ആശ്രയിച്ചുകൊണ്ട് ഈ നിശ്ചയം എടുക്കുന്നു എന്ന് ആമുഖത്തില്‍ പറയുന്നുണ്ട്.
ഈ ലേഖനത്തിന് ആകെ 12 വകുപ്പുകളാണുള്ളത്. പലതിനും ഉപവകുപ്പുകളും ഉണ്ട്. പ്രധാന വകുപ്പുകള്‍ നോക്കാം.
1: പോള്‍ 6-ാമന്‍ മാര്‍പാപ്പാ നടപ്പിലാക്കിയ (1970) റോമന്‍ മിസാള്‍ ലത്തീന്‍ റീത്തില്‍പെട്ട കത്തോലിക്കാസഭയുടെ ‘പ്രാര്‍ത്ഥനാപ്രമാണ’ത്തിന്റെ (Law of Prayer Lexonandi) സാധാരണരൂപം (Ordinary expression) ആണ്. എന്നാല്‍, വി. 5-ാം പീയൂസ് പ്രാബല്യത്തില്‍ വരുത്തിയതും (1570) വാഴ്ത്തപ്പെട്ട 23-ാം ജോണ്‍ പാപ്പാ പുനഃപ്രസിദ്ധീകരിച്ചതുമായ (1962) റോമന്‍ മിസാള്‍ അതേ ‘പ്രാര്‍ത്ഥനാപ്രമാണ’ത്തിന്റെ അസാധാരണരൂപം ആയി കരുതണം; പുരാതനവും ആദരണീയവുമായ ഈ ഉപയോഗരീതിക്ക് അര്‍ഹമായ പ്രാമാണ്യം നല്‌കേണ്ടതാണ്. ഇപ്രകാരം ‘പ്രാര്‍ത്ഥനാപ്രമാണ’ത്തിന്റെ രണ്ടു രൂപങ്ങള്‍ ഉണ്ടായിരിക്കുന്നത് സഭയുടെ ‘വിശ്വാസത്തിന്റെ പ്രമാണ’ത്തില്‍ (Law of Belief – Lex Credendi) ഒരുവിധത്തിലും ഭിന്നതയ്ക്കു കാരണമാകുന്നില്ല. യഥാര്‍ത്ഥത്തില്‍ അവ റോമന്‍ റീത്തിന്റെ രണ്ട് ഉപയോഗരീതികള്‍ ആണ്.
അതിനാല്‍ 1962-ല്‍ വാഴ്ത്തപ്പെട്ട 23-ാം മാര്‍പാപ്പാ പ്രസിദ്ധപ്പെടുത്തിയ റോമന്‍ മിസാളിന്റെ ഔദ്യോഗികപതിപ്പ് അനുസരിച്ച് (ഇത് ഒരിക്കലും അസാധു ആക്കിയിട്ടില്ല). സഭയുടെ ആരാധനക്രമത്തിന്റെ അസാധാരണരൂപം എന്ന നിലയില്‍ കുര്‍ബാന അര്‍പ്പിക്കുക അനുവദനീയമാണ്.
2 -ലത്തീന്‍ റീത്തില്‍ പെട്ട ഏതൊരു വൈദികനും ഇടവക വൈദികനും സന്ന്യാസവൈദികനും വിശ്വാസികളില്ലാതെ തനിച്ചു ബലി അര്‍പ്പിക്കുമ്പോള്‍, വാഴ്ത്തപ്പെട്ട 23-ാം ജോണ്‍ മാര്‍പാപ്പാ 1962-ല്‍ പ്രസിദ്ധപ്പെടുത്തിയതും അസാധു ആക്കിയിട്ടില്ലാത്തതുമായ റോമന്‍ മിസാളോ 1970-ല്‍ 6-ാം പോള്‍ മാര്‍പാപ്പാ നടപ്പിലാക്കിയ റോമന്‍ മിസാളോ ഉപയോഗിക്കാം… അതിനു പരിശുദ്ധ സിംഹാസനത്തിന്റെയോ മെത്രാന്റെയോ പ്രത്യേക അനുവാദം ആവശ്യമില്ല.
3 – സന്ന്യാസസഭകളിലും ശ്ലൈഹികസമൂഹങ്ങളിലുംപെട്ട വൈദികര്‍ക്ക് അവരുടെ പ്രാര്‍ത്ഥനാലയങ്ങളില്‍ 1962-ലെ റോമന്‍ മിസാള്‍ സമൂഹമായി ചൊല്ലുന്നതിനു പാടുണ്ട്…
വകുപ്പ് 4 വകുപ്പു 2-ല്‍ പറഞ്ഞിരിക്കുന്ന കുര്‍ബാനകളില്‍ സ്വമേധയാ ആഗ്രഹിക്കുന്ന വിശ്വാസികള്‍ക്കും – മറ്റു നിയമങ്ങള്‍ക്കു വിധേയമായി പങ്കെടുക്കാം.
5 1 – ഇടവകകളില്‍ സ്ഥായിയായി ഒരുവിഭാഗം പുരാതന ആരാധനക്രമപാരമ്പര്യം പിന്തുടരാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവരുടെ അപേക്ഷ സസന്തോഷം സ്വീകരിച്ച് 1962-ല്‍ പ്രസിദ്ധം ചെയ്ത മിസാള്‍ അനുസരിച്ച് കുര്‍ബാന ചൊല്ലിക്കൊടുക്കുവാന്‍ ഇടവക വികാരിമാര്‍ ശ്രദ്ധിക്കേണ്ടതാണ്. ഇടവകയില്‍ അത് വിഭാഗീയത ഉളവാക്കാതെ സൂക്ഷിച്ചകൊണ്ടു ചെയ്യണം.
6 – വാഴ്ത്തപ്പെട്ട 23-ാം ജോണ്‍ പാപ്പായുടെ മിസാള്‍ അനുസരിച്ച് ജനങ്ങളുടെ സാന്നിദ്ധ്യത്തില്‍ ദിവ്യബലി അര്‍പ്പിക്കുമ്പോള്‍ വായനകള്‍ പ്രാദേശികഭാഷകളില്‍ ആകാം. പരിശുദ്ധ സിംഹാസനം അംഗീകരിച്ചിട്ടുള്ള പതിപ്പുകളില്‍നിന്നായിരിക്കണം വായനകള്‍.
10 – ഏതെങ്കിലും ഒരു പ്രദേശത്ത് പുരാതന റോമന്‍ റീത്തനുസരിച്ച് ആരാധനക്രമം ആചരിക്കുന്നതിന് ആവശ്യമെന്നു തോന്നുന്നപക്ഷം സ്ഥലത്തെ മെത്രാന്, സമൂഹത്തിനുവേണ്ടി കാനന്‍ 18 പ്രകാരം ഒരു ‘പേര്‍സനല്‍ പാരീഷ്’ സ്ഥാപിക്കയോ ഒരു കപ്ലോനെ നിയമിക്കുകയോ ചെയ്യാവുന്നതാണ്.
‘സുമ്മോരും പൊന്തിഫിക്കും’ എന്ന ശ്ലൈഹികലേഖനത്തോടൊപ്പം പരിശുദ്ധ പിതാവ് മെത്രാന്മാര്‍ക്ക് ഒരു കത്ത് അയച്ചിരുന്നു. അതില്‍ ഈ രേഖ പുറപ്പെടുവിക്കുന്നതിനുള്ള സാഹചര്യവും കാരണങ്ങളും വിശദീകരിക്കുന്നുണ്ട്. ലേഖനത്തിനെതിരേ ഉന്നയിക്കപ്പെടുന്ന ഭയാശങ്കകള്‍ക്കു സമാധാനവും നല്കുന്നു.
പ്രധാനമായി രണ്ട് ആരോപണങ്ങളാണ് ഉളവായിട്ടുള്ളത്. ഒന്ന്, വത്തിക്കാന്‍ കൗണ്‍സിലിന്റെ ആധികാരികതയെ അത് അവഗണിക്കുന്നു. രണ്ട്, അതു സഭയില്‍ ഭിന്നിപ്പും ചിന്താക്കഴപ്പങ്ങള്‍ക്കും ഇടയാക്കും.
വത്തിക്കാന്‍ കൗണ്‍സിലിന്റെ ആധികാരികതയെയും ലിറ്റര്‍ജി സംബന്ധിച്ച തീരുമാനങ്ങളെയും അവഗണിക്കുന്നു എന്ന ആശങ്ക അസ്ഥാനത്താണെന്ന് പരിശുദ്ധ പിതാവു വ്യക്തമാക്കുന്നു:
”ഈ ഭീതി അടിസ്ഥാനരഹിതമാണ്. ഇതെ സംബന്ധിച്ചിടത്തോളം 6-ാം പൗലോസ് പാപ്പാ പ്രസിദ്ധീകരിച്ച മിസാള്‍ പരിശുദ്ധ കുര്‍ബാന ആഘോഷത്തിന്റെ സാധാരണരൂപമായി തുടരും. ജോണ്‍ 23-ാമന്‍ മാര്‍പാപ്പാ 1962-ല്‍ പ്രസിദ്ധപ്പെടുത്തിയതും കൗണ്‍സിലില്‍ ഉപയോഗിച്ചിരുന്നതുമായ മിസാള്‍ ഇപ്പോള്‍ ദൈവാരാധനക്രമത്തിന്റെ അസാധാരണരൂപമായി ഉപയോഗിക്കുവാന്‍ കഴിയും. ഇവ രണ്ടു റീത്തുകളല്ല, ഒരേ റീത്തിന്റെ രണ്ട് ഉപയോഗരൂപങ്ങളാണ്.
”1962-ലെ മിസാളിനെ സംബന്ധിച്ചിടത്തോളം അത് ഒരിക്കലും നിയമപരമായി നിരോധിച്ചിട്ടില്ലെന്നും തന്മൂലം നിയമദൃഷ്ട്യാ അനുവദനീയമായിരുന്നു എന്ന കാര്യവും ശ്രദ്ധിക്കേണ്ടതാണ്.”
പുതിയ റോമന്‍ മിസാള്‍ (1970) പ്രസിദ്ധപ്പെടുത്തിയപ്പോഴുണ്ടായ പ്രതികരണത്തെപ്പറ്റി പ്രസ്താവിക്കുന്നു: ”വത്തിക്കാന്‍ കൗണ്‍സിലിനെ അംഗീകരിക്കുകയും പരിശുദ്ധ സിംഹാസനത്തോടു വിശ്വസ്തത പുലര്‍ത്തുകയും ചെയ്യുന്ന വളരെയധികം വിശ്വാസികള്‍തന്നെ തങ്ങള്‍ക്കു പ്രിയങ്കരമായിരുന്ന ആരാധനക്രമം സമുദ്ധരിക്കുവാന്‍ ആഗ്രഹിച്ചു. ഇതിനു പ്രധാന കാരണം, പല സ്ഥലങ്ങളിലും പുതിയ മിസാളില്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ തിരുക്കര്‍മ്മങ്ങള്‍ ആഘോഷിച്ചു എന്നതാണ്. പുതിയ മിസാള്‍, ബലിയര്‍പ്പിക്കുന്നതില്‍ ഓരോരുത്തര്‍ക്കും അവരുടെ ഭാഗത്തുനിന്നു ക്രിയാത്മകത (Creativity) അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതായി തെറ്റിദ്ധാരണ ഉണ്ടായി. തല്‍ഫലമായി, പലപ്പോഴും വളരെ ഖേദകരമായവിധം ആരാധനക്രമത്തെ വികലമാക്കി. എന്റെ അനുഭവത്തില്‍നിന്നാണ് ഞാനിതു പറയുന്നത്. എന്നിലും ആ കാലഘട്ടത്തിന്റെ ശുഭപ്രതീക്ഷകളും ആശയക്കുഴപ്പങ്ങളും കടന്നുവന്നതാണ്. ഇപ്രകാരം ആരാധനക്രമത്തെ യഥേഷ്ടം വികല്പമാക്കുന്നത് സഭയുടെ വിശ്വാസത്തില്‍ അടിയുറച്ചു നില്ക്കുന്ന വ്യക്തികളെ എത്രമാത്രം വേദനിപ്പിച്ചു എന്നു നിര്‍ദ്ദേശിക്കുകയുണ്ടായി…”
”വത്തിക്കാന്‍ കൗണ്‍സില്‍ കഴിഞ്ഞയുടനെ (പുതിയ റോമന്‍ മിസാള്‍ പ്രാബല്യത്തിലാക്കിയപ്പോള്‍) തുടര്‍ന്നും 1962-ലെ മിസാള്‍ ഉപയോഗിക്കുന്നതിന് അപേക്ഷിക്കുന്നവര്‍ പഴയ തലമുറയില്‍പെട്ട വയസായവര്‍ മാത്രമായിരിക്കുമെന്നാണ് സങ്കല്പിച്ചത്. എന്നാല്‍ താമസിയാതെ ചെറുപ്പക്കാര്‍പോലും (പുരാതനമായ) ഈ ആരാധനക്രമരീതിയാല്‍ ആകൃഷ്ടരാകുകയും പരിശുദ്ധ എന്ന രഹസ്യവുമായുള്ള സമാഗമത്തില്‍ അതു തങ്ങള്‍ക്ക് ഏറ്റം അനുയോജ്യമാണെന്നു ദര്‍ശിക്കുന്നു എന്നും സ്പഷ്ടമായി.”
ഈ സാഹചര്യത്തിലാണ് 1988-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ ”എക്ലേസിയാ ദേയി” എന്ന ശ്ലൈഹികലേഖനം പുറപ്പെടുവിച്ചത്. അതു പ്രായോഗികമാക്കുന്നതിന് കൂടുതല്‍ വ്യക്തവും നിയമപരവുമായ നിര്‍ദ്ദേശങ്ങള്‍ ആവശ്യമായി എന്നും ബനഡിക്ട് പാപ്പാ രേഖപ്പെടുത്തുന്നു.
രണ്ടാമത്തെ ആശങ്ക ”1962-ലെ മിസാളിന്റെ വ്യാപകമായ ഉപയോഗം ഇടവകസമൂഹങ്ങളില്‍ ഭിന്നതകളും ക്രമക്കേടുകളും ഉണ്ടാകുമെന്നത് അടിസ്ഥാനരഹിതമാണെന്നു കരുതുന്നു. പഴയക്രമം ഉപയോഗിക്കുന്നതിന് ലിറ്റര്‍ജിയെ സംബന്ധിച്ച് വേണ്ടത്ര പരിശീലനവും ലത്തീന്‍ ഭാഷയെപ്പറ്റി സാമാന്യ പരിജ്ഞാനവും ആവശ്യമാണ്. പുതിയ മിസാള്‍ തീര്‍ച്ചയായും ലത്തീന്‍ റീത്തിന്റെ സാധാരണരൂപമായിരിക്കുമെന്നു സ്പഷ്ടമാണ്… റോമന്‍ റീത്തിന്റെ ഇരു രൂപങ്ങളിലുള്ള ഉപയോഗം പരസ്പരം സമ്പന്നമാക്കുവാന്‍ സഹായകമാകും.”
റോമന്‍ റീത്തിന്റെ രണ്ടു രൂപങ്ങള്‍ ആചരിക്കുക എന്നത് പരസ്പരവിരുദ്ധമല്ലെന്ന് പരിശുദ്ധ പിതാവ് അംഗീകരിക്കുന്നു: ലിറ്റര്‍ജിയുടെ ചരിത്രത്തില്‍ വളര്‍ച്ചയും പുരോഗതിയും കാണാവുന്നതാണ്. എന്നാല്‍ ഒരു സംഘട്ടനം ഇല്ല. മുന്‍ തലമുറകള്‍ പരിശുദ്ധമായി കരുതിയിരുന്നത് നമുക്കും പരിശുദ്ധവും മഹത്തും ആണ്. അത് ഉടനടി പൂര്‍ണ്ണമായി നിരോധിക്കാനോ ഉപദ്രവകരമെന്നു കരുതുവാനോ പാടില്ല. സഭയുടെ വിശ്വാസത്തിലും പ്രാര്‍ത്ഥനയിലും ഉളവായിട്ടുള്ള സമ്പത്തിനെ സംരക്ഷിക്കുകയും അവയ്ക്ക് അര്‍ഹമായ സ്ഥാനം നല്കുകയും ചെയ്യുക നമ്മുടെ കടമയാണ്.
ബനഡിക്ട് മാര്‍പാപ്പാ 2007 ജൂലൈ മാസത്തില്‍ ‘സുമ്മോരും പൊന്തിഫിക്കും’ എന്ന ശ്ലൈഹികലേഖനം പ്രസിദ്ധപ്പെടുത്തിയതിനുശേഷമുള്ള വിവരങ്ങള്‍ തുടര്‍ന്നു പരിശോധിക്കാം.
(തുടരും)