കുടുംബദർശനം: മക്കളെ ഈശോയുടെ അടുക്കലേയ്ക്ക് കൊണ്ടുവരേണ്ട മാതാപിതാക്കൾ

0
120

”അവൻ തൊട്ട് അനുഗ്രഹിക്കുന്നതിനുവേണ്ടി ശിശുക്കളെ അവന്റെ അടുക്കൽ അവർ കൊണ്ടുവന്നു. ശിഷ്യന്മാരാകട്ടെ അവരെ ശകാരിച്ചു. ഇതു കണ്ടപ്പോൾ ഈശോ കോപിച്ച് അവരോടു പറഞ്ഞു. ശിശുക്കൾ എന്റെയടുത്തു വരാൻ അനുവദിക്കുവിൻ, അവരെ തടയരുത്. എന്തെന്നാൽ ദൈവരാജ്യം അവരെപ്പോലുള്ളവരുടേതാണ്… അവൻ ശിശുക്കളെ എടുത്ത്, അവരുടെമേൽ കൈകൾവച്ച് അനുഗ്രഹിച്ചു.” (മർക്കോ 10:13-16). മാതാപിതാക്കളുടെ പരമപ്രധാനമായ കടമയാണ് തങ്ങളുടെ മക്കളെ ഈശോയുടെ അടുക്കലേയ്ക്ക് എത്തിക്കുകയെന്നത്. ഇങ്ങനെ ഈശോയുടെ അടുക്കൽ എത്തിക്കുന്ന മക്കളെ ഈശോ അനുഗ്രഹിക്കുന്നു. പലപ്പോഴും ആധുനികലോകത്തിൽ തങ്ങളുടെ ഈ കടമ മാതാപിതാക്കൾ മറക്കുന്നു. തങ്ങളുടെ കുട്ടികളെ എന്തെല്ലാമോ ആക്കിത്തീർക്കണമെന്ന വ്യഗ്രതയിൽ മർമ്മപ്രധാനമായ ഈ കടമ മാതാപിതാക്കൾ മറക്കുന്നു. തങ്ങളുടെ കുട്ടികളുടെ വളർച്ചയിൽ മാതാപിതാക്കൾ ഇന്ന് കൂടുതൽ തല്പരരാണ് എന്നതു നല്ലകാര്യംതന്നെ. സാധാരണക്കാരായ മാതാപിതാക്കൾപോലും തങ്ങളുടെ മക്കളെ മുന്തിയ സ്‌കൂളുകളിൽ അയയ്ക്കുകയും നല്ല നിലവാരമുള്ള ബാഹ്യപരിചരണങ്ങൾ ഒരുക്കുന്നതിൽ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്യുന്നു. നല്ല വസ്ത്രവും ഭക്ഷണവും സുഖസൗകര്യങ്ങളും അവർക്കു നല്കാൻ മാതാപിതാക്കൾ പ്രത്യേകം തല്പരരാണ്. ഒരു കുറവുംകൂടാതെ മക്കളെ വളർത്താൻ അവർ ശ്രദ്ധിക്കുന്നു. എന്നാൽ ധാർമ്മിക ഗുണമേന്മയേക്കാൾ ഭൗതികമേന്മയ്ക്കും സംവിധാനങ്ങൾക്കും പ്രാധാന്യം കൊടുക്കുകയും മത്സരവും റാങ്കും എൻട്രൻസും ലക്ഷ്യമാവുകയും ചെയ്യുമ്പോൾ ബാല്യകൗമാരങ്ങളുടെ സന്തോഷവും സൗഹൃദവും ജിജ്ഞാസയും സാഹസികതയും മനുഷ്യത്വം പോലും പലപ്പോഴും അവർക്കു നഷ്ടമാകുന്നു. ഇതിനേക്കാൾ പ്രധാനമാണ് അവർക്കു നഷ്ടമാകുന്ന ആദ്ധ്യാത്മികവളർച്ച. ഒരു സമ്പൂർണ്ണ മനുഷ്യസൃഷ്ടിക്ക് ആവശ്യമായ പ്രകൃതിയോടൊത്തുള്ള ജീവിതം, സമൂഹത്തോട് ബന്ധപ്പെട്ടുള്ള ജീവിതം, കല, സാഹിത്യം, സംഗീതം, ഉല്ലാസം തുടങ്ങിയവ ഇന്നത്തെ കുട്ടികൾക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്നു. ബ്രോയിലർ ചിക്കനെപ്പോലെ വളർത്തിക്കൊണ്ടുവരുന്ന മോഡേൺ കുട്ടികൾക്ക് ബാല്യകൗമാരങ്ങളുടെ സൗന്ദര്യവും സന്തോഷവും നഷ്ടപ്പെടുന്നത് മാതാപിതാക്കൾ അറിയാതെപോകുന്നത് ഗൗരവമായ വീഴ്ചയാണ്. മാതാപിതാക്കളോടൊപ്പമുള്ള ജീവിതം പോലും നിഷേധിക്കപ്പെടുന്ന മക്കൾ പലവിധമായ പീഡനങ്ങൾക്ക് ഇരയാകേണ്ടിവരുന്നുണ്ട്. കുടുംബാന്തരീക്ഷംപോലും സുരക്ഷിതമല്ലാതായിരിക്കുന്ന അവസ്ഥ വേദനാജനകമാണ്. ലൈംഗികചൂഷണം, ലഹരിമരുന്നുകളുടെ ഉപയോഗം, അവസരനിഷേധം, പഠനഭാരം, ആധുനികമാധ്യമങ്ങളുടെ ദുരുപയോഗം തുടങ്ങിയ തിന്മകളിൽനിന്നും തങ്ങളുടെ മക്കളെ സംരക്ഷിക്കാൻ പല മാതാപിതാക്കളും അമ്പേ പരാജയപ്പെടന്നു. ഫലമോ, ഈശോയുടെ പക്കൽ എത്തിക്കുന്നതിനു പകരം തങ്ങളുടെ മക്കൾ സ്‌പൈഡർമാന്റെയും ശക്തിമാന്റെയും ആരാധകരാകുന്നത് കാണേണ്ടിവരുന്നു. മാഫിയാ തലവന്മാരും പ്രതികാരദാഹികളും അക്രമികളും അവർക്കു വീരന്മാരിയിത്തീരുന്നു. എളിമയും വിനയവും ക്ഷമയും സഹനവുമൊക്കെ അവർക്ക് അന്യമാകുന്നു. മാതാപിതാക്കളെ ഇരുത്തി ചിന്തിപ്പിക്കേണ്ട അവസ്ഥാവിശേഷമാണിത്. മക്കളെ ക്രൈസ്തവധാർമ്മികതയിലൂന്നിയ ആത്മീയതയിൽ വളർത്തിയാൽ മാത്രമേ അവരെ ഈശോയുടെ പക്കലേയ്ക്ക് കൊണ്ടുവരുന്നവരാകാൻ മാതാപിതാക്കൾക്ക് കഴിയൂ. എങ്കിൽ മാത്രമേ കർത്താവിന് അവരുടെമേൽ കൈകൾവച്ച് അവരെ അനുഗ്രഹിക്കാൻ സാധിക്കൂ. മക്കളുടെ ഭൗതികമായ വളർച്ചയ്ക്ക് ശ്രദ്ധിക്കുന്ന മാതാപിതാക്കൾ അവരുടെ ആത്മീയമായ വളർച്ചയ്ക്കുവേണ്ടി ശ്രദ്ധിക്കുന്നുണ്ടോ എന്ന് ആത്മശോധന ചെയ്യണം. മക്കളെ വിശ്വാസത്തിൽ വളർത്തുകയെന്നത് അവരുടെ പ്രഥമ കർത്തവ്യമാണ്; അതിന് അനുയോജ്യമായ ജീവിതസാഹചര്യങ്ങൾ ഒരുക്കുന്നതിനാണ് മാതാപിതാക്കൾ മുന്തിയ പ്രാധാന്യം നല്‌കേണ്ടത്. മക്കളോടുള്ള ഈ കടമ മറക്കുന്നവർ അക്ഷന്തവ്യമായ തെറ്റായിരിക്കും ചെയ്യുന്നത്. മക്കളെ ഈശോയുടെ പക്കലേയ്ക്ക് കൊണ്ടുവരുക എന്നതാണ് തങ്ങളുടെ പ്രഥമദൗത്യമെന്ന് മാതാപിതാക്കൾ മറക്കാതിരിക്കട്ടെ!