ജീവൻ സംരക്ഷിക്കുന്ന രംഗത്തെ ചില പ്രശ്‌നങ്ങൾ
അടിസ്ഥാനനന്മ
മനുഷ്യജീവനെ അതിന്റെ ഒരവസ്ഥയിലും നിഹനിക്കാൻ ആർക്കും അവകാശമില്ല. അത് നിയമവിധേയമാക്കാനോ, നിർബന്ധിതമാക്കാനോ ഒരധികാരിക്കും അവകാശവുമില്ല എന്നതാണ് ക്രൈസ്തവ കാഴ്ചപ്പാട്. ‘നീ കൊല്ലരുത്’ എന്നതു ദൈവകല്പനയാണ്. അതു മനുഷ്യഹൃദയത്തിൽ എഴുതപ്പെട്ട പ്രകൃതിനിയമവുമാണ്. അതുകൊണ്ടുതന്നെയാണ് എല്ലാ മതവിശ്വാസങ്ങളും നിരപരാധികളെ വധിക്കുന്നത് നിഷിദ്ധമെന്നു കരുതുന്നത്. മനുഷ്യജീവന്റെ ആത്യന്തികമായ മൂല്യമാണ് ഈ നിരോധനത്തിനു പിന്നിലുള്ള സത്യം എന്നു നാം കണ്ടുകഴിഞ്ഞു. പ. പിതാവ് ജോൺ പോൾ മാർപാപ്പാ എവുത്തനേസിയ ദൈവനിയമത്തിന്റെ ഗൗരവമായ ലംഘനമാണെന്നു പ്രഖ്യാപിച്ചത് ഈയവസരത്തിൽ ഓർമ്മിക്കാവുന്നതാണ്.
‘ദയാവധ’ത്തിനു ന്യായീകരണമായി പറയുന്നത്, അതിന് അസഹ്യമായ വേദനയും, യാതൊരു പ്രതീക്ഷയുമില്ലാതെ കൃത്രിമമായി ജീവൻ നീട്ടിക്കൊണ്ടുപോകുന്ന സ്ഥിതിവിശേഷവും തടയാനാകുമെന്നുള്ളതാണ്. ഇന്ന് വേദന സഹിക്കാൻ മനുഷ്യൻ സന്നദ്ധനാകുന്നില്ല. വിശ്വാസത്തിന്റെ കാഴ്ചപ്പാടിൽ അതിനെ മനസ്സിലാക്കാൻ മിക്കവർക്കും കഴിയുന്നില്ല. സഹനത്തിന്റെ മൂല്യം മനസ്സിലാകാത്ത സാഹചര്യത്തിലാണു പലരും അതിൽനിന്നു രക്ഷ നേടാനായി ദയാവധത്തെ കുറുക്കുവഴിയായി കാണുന്നത്. മരണാവസ്ഥയെക്കുറിച്ചുള്ള ഭയപ്പാടിൽ മാനസികവ്യഥകൊണ്ട് ഒരാൾ ദയാവധത്തിനായി താല്പര്യപ്പെട്ടെന്നിരിക്കാം. സഹനത്തിന്റെ മൂല്യം തെളിയിച്ചു കാണിച്ചുകൊടുക്കാൻ ഇന്ന് നാം കൂടുതൽ ശ്രമിക്കേണ്ടതാണ്.
മരുന്നും ചികിത്സാരീതികളും എത്രടംവരെ
അതുപോലെ മറ്റൊരു സാഹചര്യം. ഇന്ന് ചികിത്സാസമ്പ്രദായങ്ങളിലും മരുന്നുകളുടെ ഉപയോഗത്തിലും ഏറെ പുരോഗതിയുണ്ടായിട്ടുണ്ട്. അതിനാൽ മനുഷ്യജീവിതം കൃത്രിമമായി കൂടുതൽ നീട്ടിക്കൊണ്ടുപോകാൻ കഴിയും. സ്ഥായിയായി യാതൊരു ഫലവുമുണ്ടായില്ല എന്നു കരുതിയാലും ജീവനെ ഒരുവിധത്തിൽ നിലനിറുത്താൻ ആധുനിക ഉപാധികൾ സഹായകമാകാം. അതുപോലെതന്നെ വേദനസംഹാരികളും കൂടിയിട്ടുണ്ട്. അതേസമയം ഈ മരുന്നുകൾക്ക് പാർശ്വഫലങ്ങൾ ഉണ്ടാകാം. അവ ചിലപ്പോൾ ജീവനെ നഷ്ടപ്പെടുത്തുകയോ മരണത്തിനിടയാക്കുകയോ ചെയ്തുവെന്നു വരാം. മനുഷ്യജീവനെ നിലനിർത്താൻ ചെലവേറിയ ഉപാധികൾ ഏതിടംവരെ ഉപയോഗിക്കണം എന്നുള്ള ചില പ്രശ്‌നങ്ങളും ഇതോടു ബന്ധപ്പെടുത്തി ചോദിക്കാവുന്നതാണ്. സഹനത്തിനു സന്നദ്ധനല്ല എന്ന പേരിൽ ജീവനൊടുക്കാൻ സഹായിക്കുക നീതീകരിക്കാനാവില്ല. വേദന സഹിക്കുന്നയാളെ കഴിയുന്നത്ര ആശ്വസിപ്പിക്കാനാണു നാം ശ്രമിക്കേണ്ടത്. കഠിനമായ രോഗാവസ്ഥയിലാകുന്ന ആളിന് ആശ്വാസമേകുന്നത് സ്‌നേഹപൂർവമായ പരിചരണമാണ്. സ്‌നേഹത്തിന് വേദനയുടെ കാഠിന്യം കുറയ്ക്കാനിടയാകും. മറിച്ച്, വേദന സഹിക്കാൻ പ്രയാസമായതുകൊണ്ട് വധിച്ചുകളയാം എന്നു കരുതുന്നത് ക്രൂരമായിരിക്കും. മറ്റൊരു കാര്യം അബോധാവസ്ഥയിലും മറ്റും ആയിരിക്കുന്ന ഒരാൾ സാധാരണ ആരോഗ്യവാനായ ഒരാൾക്ക് എന്നതുപോലെ വേദന അനുഭവപ്പെടുന്നുണ്ടോ എന്നുള്ളതാണ്. ഏതവസ്ഥയിലും ഒരാൾ പ്രാർത്ഥനകൊണ്ടോ മരുന്നുകൊണ്ടോ സുഖം പ്രാപിച്ചുവെന്നു വരാം. അതിനാൽ അങ്ങനെയൊരാളെ വധിക്കുന്നത് നീതീകരിക്കാനാവില്ല. ഏതവസ്ഥയിലും മനുഷ്യൻ അടിസ്ഥാനപരമായ ജീവൻ നിലനിർത്താനാണല്ലോ ആഗ്രഹിക്കുക. മറ്റുവിധത്തിൽ സാധിക്കുന്നില്ലെങ്കിൽ വേദന കുറയുന്നതിനുള്ള മരുന്നുകൾ, ദീർഘകാലയളവിൽ ദോഷം ചെയ്യുന്നതാണെങ്കിലും വിവേകപൂർവം ഉപയോഗിക്കാവുന്നതാണ്. ഇങ്ങനെയൊരു കാര്യത്തിൽ ഉദ്ദേശശുദ്ധിയാണു പ്രധാനം. ജീവനു സ്വസ്ഥത നൽകുകയാണല്ലോ ലക്ഷ്യം. എന്നാൽ വേദന കുറയ്ക്കാൻ ഒരാളെ അബോധാവസ്ഥയിലാക്കുന്നത് നീതീകരിക്കാനാവില്ല.
ഇതിനോടു ബന്ധപ്പെട്ട പ്രശ്‌നമാണല്ലോ ജീവനെ നിലനിർത്താൻ എന്തുമാത്രം മരുന്നുകളും യന്ത്രങ്ങളുമെല്ലാം ഉപയോഗിക്കാമെന്നത്. ജീവനെ സംരക്ഷിക്കാൻ അത്യാവശ്യമെന്നു തോന്നിയാൽ പരീക്ഷണഘട്ടത്തിലിരിക്കുന്ന മരുന്നുകൾ ഉപയോഗിക്കുക ചില സാഹചര്യങ്ങളിൽ അനുവദനീയമാണ്. പക്ഷേ ദുർവഹമായ ചെലവു ചെയ്താൽ അതിൽ ആനുപാതികമായ ഫലമുണ്ടാവുമെന്ന് പ്രതീക്ഷയില്ലായെങ്കിൽ അത്തരം മരുന്നുകളോ യന്ത്രങ്ങളോ ഉപയോഗിക്കാൻ ഒരാൾക്കു കടമയില്ല. ഉപയോഗിക്കേണ്ട മരുന്നിന്റെയും ചികിത്സയുടെയും സ്വഭാവം, അപകടസാധ്യത, വരുന്ന സാമ്പത്തികഭാരം, രോഗിയുടെ സ്ഥിതി, പ്രതീക്ഷിക്കാവുന്ന ഫലം ഇവയെല്ലാം കണക്കിലെടുത്തുവേണം, വളരെ കടുത്ത രീതികൾ ഉപയോഗിക്കണമോ എന്ന് ഇങ്ങനെയുള്ള സങ്കീർണ്ണസാഹചര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത്. ഇങ്ങനെ അർഹമായ ആനുപാതികത്വം (due proportionality) എന്ന തത്ത്വം ഉപയോഗിച്ചു തീരുമാനമെടുക്കുമ്പോൾ ജീവനെ ഹനിക്കുക ലക്ഷ്യമായി വരുന്നില്ല. പ്രത്യക്ഷമായി ജീവനെ ഹനിക്കുവാനുദ്ദേശിച്ച് പ്രവർത്തിക്കുന്നതോ, ജീവനെ നിലനിർത്തുന്ന മരുന്നുകളും സംവിധാനങ്ങളും ഉപേക്ഷിക്കുന്നതോ ഒരിക്കലും അനുവദനീയമല്ല. അതിനെയാണല്ലോ നാം എവുത്തനേസ്യ എന്നു വിളിക്കുന്നത്. അത് ഗൗരവമായ പാപമാണ്. അതുകൊണ്ട് രോഗഗ്രസ്തരോ, വയോധികരോ ആയി ജീവിതാന്ത്യത്തിലെത്തിയെന്നു തോന്നുന്ന സാഹചര്യങ്ങളിലും അവർക്ക് ആശ്വാസം പകരുന്ന ശുശ്രൂഷ നൽകാനാണ് സമൂഹം ശ്രദ്ധിക്കേണ്ടത്.
നിയമനിർമ്മാണത്തിന്റെ ഭവിഷ്യത്തുകൾ
‘ദയാവധം’ എന്ന ഓമനപ്പേരിട്ടു നടത്തുന്ന വധം നിയമാനുസൃതമാക്കുന്നത് തികച്ചും അപകടകരമായിരിക്കും. സാധാരണ മനുഷ്യൻ ജീവിക്കാനാണാഗ്രഹിക്കുക; അതിനു വേണ്ടിയാണ് പണിപ്പെടുന്നതും. ആതുരാലയങ്ങൾ നടത്തുന്നതും ട്രാഫിക് നിയമങ്ങൾ നടപ്പാക്കുന്നതുംപോലെയുള്ള ക്രമീകരണങ്ങളെല്ലാം ജീവനെ സംരക്ഷിക്കാനുള്ള സംവിധാനങ്ങളാണ്. അതെല്ലാം ജീവിക്കാനുള്ള മനുഷ്യന്റെ മൗലികാവകാശം കണക്കിലെടുത്തുള്ള സുരക്ഷാനടപടികളാണ്. ഒരു മനുഷ്യന്റെ അടിസ്ഥാന പരമായ അവകാശം ജീവിക്കാനുള്ള അവകാശമാണ്. നിയമങ്ങളെല്ലാം പൊതുനന്മയ്ക്കായിരിക്കണമല്ലോ? എങ്കിൽ ജീവനെ രക്ഷിക്കുക നിയമത്തിന്റെ മൗലികബാദ്ധ്യതയാണ്. അതേസമയം, നിസ്സഹായാവസ്ഥയിലായിരിക്കുന്ന ഒരാളെ വധിക്കുന്നതു നിയമപരമാക്കുന്നത് നിർഭാഗ്യകരമായ ഒരു വൈരുദ്ധ്യമായിരിക്കും. നിയമനിർമ്മാണസഭയും കോടതിയുമെല്ലാം ശരിവച്ചാലും ഈ ഹിംസയുടെ അധാർമ്മികത നിലനില്ക്കും. നേരത്തെ ചൂണ്ടിക്കാണിച്ചതുപോലെ ഇങ്ങനെ നിയമനിർമ്മാണം നടത്തിയാൽ ഇതിന്റെ വ്യാപ്തിപടിപടിയായി വർദ്ധിപ്പിക്കാൻ കഴിയും. ഇന്ന് ഭേദമാകാത്തതും കഠിനവേദനയുമുള്ള ശാരീരികരോഗം ബാധിച്ചവരുടെ വധത്തിന് അംഗീകാരം നല്കിയാൽ അതു പിന്നീട് കടുത്ത മാനസികരോഗികൾക്കും ബാധകമാക്കാം. ഡോക്ടർമാർ ലാഘവത്തോടെ വധമാകാമെന്ന നിലപാെടടുത്താൽ വധിക്കപ്പെടുന്നവരുടെ എണ്ണം കുത്തനെ വർദ്ധിക്കും. അങ്ങനെയാണ് ദയാവധം നടപ്പിലാക്കിയ ചില ചെറുരാജ്യങ്ങളിൽ സംഭവിച്ചത്. മാത്രമല്ല, ഗർഭഛിദ്രകാര്യത്തിൽ ചിലയിടങ്ങളിൽ സംഭവിച്ചതുപോലെ ദയാവധം ഒരാളുടെ അവകാശമായി പ്രഖ്യാപിക്കാനായിരിക്കും അടുത്ത നീക്കം. അങ്ങനെ വന്നാൽ ഈ അവകാശം നടത്തിക്കൊടുക്കാൻ ഡോക്ടർമാരെ/സ്ഥാപനത്തെ നിർബന്ധിക്കാനും ദയാവധത്തെ എതിർക്കുന്നവർക്കും അത് അധാർമ്മികമെന്നു കരുതുന്നവർക്കും അവർ നടത്തുന്ന സ്ഥാപനങ്ങൾക്കും വലിയ വിനയായിരിക്കുകയും ചെയ്യും. അതവരുടെ മനസ്സാക്ഷി സ്വാതന്ത്ര്യത്തിലുള്ള വലിയ കൈയേറ്റമായിരിക്കും. പോരെങ്കിൽ മനുഷ്യജീവനെ നിസ്സാരവൽക്കരിക്കുന്ന ഒരു മനോഭാവം വളർത്താനും ഇത് ഇടയാക്കും. ഏതു കാര്യത്തിനും മനുഷ്യജീവനെ ഒടുക്കാമെന്നു വന്നാൽ യാതൊരു മൂല്യവുമില്ലാത്ത ഒന്നായി അതു മാറും. അങ്ങനെയൊരു സംസ്‌കാരത്തിൽ സർവാധിപത്യത്തിന്റെ വേലിയേറ്റമുണ്ടാകാനാണു സാധ്യത. വർഗ്ഗത്തിന്റെ സമഗ്രാധിപത്യം ലക്ഷ്യംവയ്ക്കുന്നവർക്ക് ഇതൊരു ശക്തമായ പിടിവള്ളിയായിരിക്കും. ഇതെല്ലാം മുൻപിൽ കണ്ട് ദയാവധം അംഗീകരിച്ച് നിയമനിർമ്മാണം നടത്താനുള്ള ശ്രമത്തെ ശക്തമായി എതിർക്കാൻ എല്ലാവരും തയ്യാറാകേണ്ടതുണ്ട്. സാമൂഹ്യജീവിതത്തിന്റെ മൗലികഭാവങ്ങൾ തകർക്കുന്ന ഇത്തരം നീക്കങ്ങളെ മനുഷ്യസ്‌നേഹികളെല്ലാം ചെറുക്കുകതന്നെ വേണം.