
ഫാ. ജസ്റ്റിൻ കാഞ്ഞൂത്തറ MCBS
മയക്കുമരുന്നിൽ നിന്ന് വെടിമരുന്നിലേക്ക് ഏറെ ദൂരമില്ല എന്ന ഉൾക്കാഴ്ചയിൽ നിന്നാവണം നാർക്കോ ടെററിസം എന്ന പദം രൂപം കൊണ്ടത്. മയക്കുമരുന്ന് കച്ചവടത്തെ തീവ്രവാദസംഘടനകൾ ധനസമ്പാദനത്തിനുള്ള മാർഗ്ഗമായി കാണുന്നു എന്ന തിരിച്ചറിവിന്റെ ഭാഗമായിരുന്നു അത്. ഈ ബോധ്യം അമേരിക്കയടക്കം അനേകം വികസിത രാജ്യങ്ങളുടെ കുറ്റാന്വേഷണ സംഘങ്ങൾക്കും ഭരണനേതൃത്വത്തിനും ലഭിക്കുകയും അവർ ഒന്നുചേർന്ന് തങ്ങളുടെ ദേശത്തെ രാജ്യദ്രോഹികളിൽ നിന്ന് രക്ഷിക്കാൻ ശ്രമം ആരംഭിക്കുകയും ചെയ്തത് വർഷ
ങ്ങൾക്കു മുൻപാണ്. അതേസമയം നാടിനെ സംരക്ഷിക്കാൻ നിയോഗിക്കപ്പെട്ട, അതിനായി തയ്യാറായി ഇറങ്ങിത്തിരിച്ചവർ തന്നെ കേരളമെന്ന ചെറിയ സംസ്ഥാനത്തെ ഭീകരവാദികളുടെ കൈകളിലേൽപ്പിക്കാൻ ഈ അവിശുദ്ധചേരിയുടെ വക്താക്കളും പ്രചാരകരും വില്പനക്കാരുമായി പ്രതിക്കൂട്ടിൽ നിൽക്കുന്ന ഇക്കാലത്ത് നമ്മുടെ നാട് അഭിമുഖീകരിക്കുന്ന ഭീകരവാദം എന്തെന്ന ദർശനത്തെ മുൻനിർത്തിയുള്ള അവലോകനമാണ് ഈ ലേഖനം.
അന്താരാഷ്ട്ര സമൂഹത്തിന്റെ തിരിച്ചറിവുകൾ നാർക്കോടെററിസം സംബന്ധിച്ച ആഗോള പ്രതിഭാസങ്ങളെ വിലയിരുത്താനും ചെറുക്കാനും 2003 മെയ് 20ന് ഒത്തുകൂടിയ അമേരിക്കൻ സെനറ്റ് സമ്മേളനത്തിൽ ഇപ്പോഴത്തെ പ്രസിഡന്റ് സ്ഥാനാർത്ഥിയായ ജോ ബൈഡൻ നൽകിയ ആദ്യ സന്ദേശത്തിൽ ഇപ്രകാരം പറഞ്ഞു, ലോകത്തിലെ ഏറ്റവും വലിയ ഓപിയം ഉൽപ്പാദകരായി ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ അഫ്ഗാനിസ്ഥാൻ മാറാൻ പോകുന്നു. കഴിഞ്ഞ വർഷം അഫ്ഗാനിസ്ഥാനിൽ 3,400 ടൺ കറുപ്പ് ഉത്പാദിപ്പിക്കപ്പെട്ടു. ഇതിൽനിന്ന് കള്ളക്കടത്തുകാർക്കും കൃഷിചെയ്തവർക്കും ലഭിച്ചത് 2.5 ബില്യൺ ഡോളറായിരുന്നു, 2002 ൽ ആഗോള സമൂഹം അഫ്ഗാനിസ്ഥാന് നൽകിയ സാമ്പത്തിക സഹായത്തിന്റെ ഇരട്ടിയിലധികമാണ് ഈ തുക. അദ്ദേഹത്തിന്റെ പ്രസംഗം അവസാനിച്ചത് ഈ വാക്കുകളോടെയാണ്, ഭീതിതമായ വിനാശകരമായ ആക്രമണങ്ങൾ മാനവരാശിക്കെതിരെ സൃഷ്ടിക്കാൻ മയക്കുമരുന്ന് കച്ചവടത്തിലൂടെ അൽഖ്വയ്ദയ്ക്ക് ഇന്ന് സാധിക്കും. അതിനാൽ തീവ്രവാദത്തെ ചെറുക്കുന്നതിനുള്ള ശ്രമങ്ങളോടൊപ്പം തീവ്രവാദത്തെ പരിപോഷിപ്പിക്കുന്ന മയക്കുമരുന്ന് കടത്തിനെയും ചെറുക്കാൻ ശ്രമങ്ങൾ നടത്താതിരിക്കുന്നത് മഠയത്തരമാണ്.
നാർക്കോതീവ്രവാദം അഥവാ നാർക്കോടെററിസം
നാർക്കോടെററിസം എന്ന പദം ആദ്യമായി ഉപയോഗിച്ചത് 1983ൽ പെറു പ്രസിഡന്റ് ആയിരുന്ന ഫെർണാൻഡോ ബെലൗന്ദേ ടെറി ആണ്. പെറുവിലെ കമ്യൂണിസ്റ്റ് പാർട്ടി
യായ സെന്തേരോ ലൂമിനോസോയുടെ മയക്കുമരുന്ന് മാഫിയാ പ്രവർത്തനങ്ങളും കുറ്റകൃത്യങ്ങളും യുവാക്കൾക്കിടയിൽ അക്രമങ്ങൾക്കും കുറ്റകൃത്യങ്ങൾക്കും പ്രവണത സൃഷ്ടിക്കുന്നു എന്നതിനാൽ, അവർ ചെയ്യുന്നത് ദേശവിരുദ്ധ
പ്രവർത്തനമാണെന്ന് ജനത്തെ ബോധ്യപ്പെടുത്താനാണ് അദ്ദേഹം ഇപ്രകാരം ചെയ്തത്. പിന്നീട് അമേരിക്കൻ രഹസ്യാന്വേഷകർ തീവ്രവാദത്തിനെതിരെയുള്ള യുദ്ധം മയക്കുമരുന്ന് കള്ളക്കടത്തിനെതിരെയുമുള്ള യുദ്ധമാണെന്ന് തിരിച്ചറിഞ്ഞു. 2001 സെപ്തംബർ 11 -ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിൽ ഇത്തരം ആക്രമണങ്ങൾക്ക് മയക്കുമരുന്ന് കള്ളക്കടത്ത് സംഘങ്ങളും സാമ്പത്തികസഹായം നൽകുന്നുണ്ടെന്ന വിവരം ലഭിച്ചു. അഫ്ഗാനിസ്ഥാ
നിൽ നിന്നും വൻതോതിൽ എത്തിച്ചേരുന്ന ഹെറോയിനും കറുപ്പും തീവ്രവാദി സംഘ
ങ്ങൾക്ക് വലിയ സാമ്പത്തിക നേട്ടം നൽകുന്നുണ്ട് എന്നും അവർ കണ്ടെത്തി.
ഹാന്ദ്വാര മയക്കുമരുന്ന് കേസ്
2020 ജൂൺ 11 ന് വടക്കൻ കാശ്മീരിലെ ഹാന്ദ്വാര ടൗണിൽ രജിസ്‌ട്രേഷൻ നമ്പർ ഇല്ലാതിരുന്ന ഒരു കാറിൽ നിന്ന് പരിശോധനയ്ക്കിടയിൽ 6 കിലോയോളം ഹെറോ
യിനും 25 ലക്ഷത്തോളം രൂപയും പോലീസ് കണ്ടെത്തി. തുടർന്ന്, അബ്ദുൽ മോമിൻ പീർ എന്ന കാർ ഡ്രൈവറുടെ ബന്ധങ്ങൾ അന്വേഷിച്ച പോലീസ് അയാളുടെ അമ്മായിയപ്പൻ ഇഫ്തിക്കർ അന്ദ്രാബിയെയും സഹോദരൻ ഇസ്ലാം ഉൽ ഹഖിനെയും അറസ്റ്റ് ചെയ്തു. ഇവരുടെ ഉടമസ്ഥതയിലുള്ള വിവിധ ഇടങ്ങളിൽനിന്നായി 1 കോടി രൂപയും 21 കിലോഗ്രാമോളം ഹെറോയിനും കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇത്. ആകെ പിടികൂടിയ ഹെറോയിന്റെ മൂല്യം 100 കോടിയോളം രൂപയായിരുന്നു.
തുടർന്ന് ദേശീയ അന്വേഷണ ഏജൻസി ഈ കേസിന്റെ ചുമതല ഏറ്റെടുക്കുകയുണ്ടായി. അവർ നടത്തിയ അന്വേഷണത്തിൽ അന്ദ്രാബിക്ക് ഭാരതത്തിന്റെ തന്ത്രപ്രധാന അതിർത്തി പ്രദേശമായ നിയന്ത്രണരേഖയുടെ പ്രദേശത്ത് താമസിക്കുന്ന ചില ബന്ധുക്കൾ ഉണ്ടെന്ന് കണ്ടെത്തി. ഹാന്ദ്വാരയിൽ നിന്ന് ഏറെ അകലെ അല്ലായിരുന്ന ഈ പ്രദേശത്ത് താമസിച്ചിരുന്ന ലഷ്‌കർ-ഇ-തോയ്ബയുമായി ബന്ധമുള്ള അവരിലൊരാൾ വഴിയാണ് അന്ദ്രാബിക്ക് മയക്കുമരുന്ന് ലഭിച്ചിരുന്നത്. ഇവയുടെ ഉറവിടം അഫ്ഗാനിസ്ഥാൻ ആയിരുന്നു. കാശ്മീരിൽ നിന്ന് ആപ്പിളോ മറ്റ് കച്ചവടസാധനങ്ങളോ കൊണ്ടു പോകുന്ന ട്രക്കുകളുടെ രഹസ്യഅറയിലാക്കി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുകയായിരുന്നു അവരുടെ രീതി. എൻ ഐ എ ഉദ്യോഗസ്ഥർക്ക് ലഭിച്ച വിവരങ്ങളനുസരിച്ച്, ഈ മയക്കുമരുന്ന് കച്ചവടത്തിൽ നിന്ന് ലഭിക്കുന്ന ഭീമമായ ലാഭം കാശ്മീരിലെ തീവ്രവാദ പ്രവർത്തനങ്ങളുടെ ആവശ്യത്തിനായാണ് ഉപയോഗിക്കപ്പെട്ടിരുന്നത്.
മയക്കുമരുന്ന് കടത്ത് കേരളത്തിലേക്ക് 2020 സെപ്തംബർ 6 ന് ആറ്റിങ്ങലിൽ എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ 21 കോടി രൂപ മൂല്യംവരുന്ന 500 കിലോഗ്രാം കഞ്ചാവ് പിടികൂടുകയുണ്ടായി. കണ്ടെടുക്കപ്പെട്ട കഞ്ചാവ് ആന്ധ്രാപ്രദേശിൽ നിന്ന് കൊണ്ടുവന്നതാകാം എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന വിവരം. ആന്ധ്രയിലെ നക്‌സൽ അധീന പ്രദേശങ്ങളിൽ ഏക്കർ കണക്കിന് കഞ്ചാവ് കൃഷിചെയ്യപ്പെടുന്നുണ്ട്. നക്‌സൽ സംഘങ്ങളും തീവ്രവാദ സംഘടനകളും തമ്മിലുള്ള ബന്ധം വളരെ വ്യക്തമാണ്. 2001 -ൽ കൊൽക്കത്തയിലെ അമേരിക്കൻ സെന്റർ ആക്രമിച്ച ലഷ്‌കർ-ഇ-തോയ്ബ പ്രവർത്തകൻ ജാർഖണ്ഡിൽ ഒരു നക്‌സലൈറ്റ് അനുഭാവിയുടെ വീട്ടിലാണ് അഭയം തേടിയത്. നിരോധിക്കപ്പെട്ട തീവ്രവാദി വിദ്യാർത്ഥി സംഘടനയായ സിമിയുമായി ഇവർ ചേർന്ന് പ്രവൃത്തിച്ച ചരിത്രവും കേരളത്തിനുണ്ട്. ഈ സൂചനകളും സമീപകാല വാർത്തകളും ചേർത്തുവച്ചാൽ കേരളം ഇപ്പോൾ എത്തിച്ചേർന്നിരിക്കുന്ന അവസ്ഥയുടെ ഭീകരത എന്താണെന്നതിന്റെ ഏകദേശ രൂപം നമുക്ക് ലഭിക്കും.
2019 ജൂൺ മാസത്തിൽ സംസ്ഥാന എക്‌സൈസ് കമ്മീഷണർ ഋഷിരാജ് സിങ്ങ്
വെളിപ്പെടുത്തിയതനുസരിച്ച് രജിസ്റ്റർ ചെയ്യപ്പെട്ട മയക്കുമരുന്ന് കേസുകളുടെ കേന്ദ്രതല ഡേറ്റായിൽ അമൃത്‌സറിന് തൊട്ടുതാഴെയായി രണ്ടാം സ്ഥാനത്താണ് കേരളം. എക്‌സൈസ് രജിസ്റ്റർ ചെയ്തിരിക്കുന്ന കേസുകളുടെ കണക്കുകൾ പരിശോധിച്ചാൽ മയക്കുമരുന്ന് ഉപയോഗത്തിന്റെ വളർച്ച വ്യക്തമാണ്. 2016ൽ
2033 കേസുകൾ രജിസ്റ്റർ ചെയ്‌തെങ്കിൽ 2017 -ൽ 5946, 2018 -ൽ 7573 എന്നിങ്ങനെയാണ് കണക്ക്. കേരളാ പോലീസ് 2016 -ൽ 6501 കേസുകൾ ആണ് രജിസ്റ്റർ ചെയ്തത്. എന്നാൽ 2017 -ൽ ഈ സംഖ്യ 9359 ആയും 2018 -ൽ 9,521 ആയും വളർന്നു. ഹാഷിഷ് ഓയിൽ പിടിച്ചെടുത്തത് 2016 -ൽ 10.79 കിലോഗ്രാം ആണ്, 2018 ൽ ഇത് 65.94 ആയി കുതിച്ചുയർന്നു. 2019 മെയ് മാസം ആയപ്പോഴേക്കും 40 കിലോ ഗ്രാം പിടികൂടിക്കഴിഞ്ഞിരുന്നു. നിട്രാസെപാം ടാബ്ലറ്റുകൾ 2016 -ൽ പിടികൂടിയത് 1500 എണ്ണമാണെങ്കിൽ 2017 -ൽ ഇവയുടെ എണ്ണം 7,800 ആയി കുതിച്ചുയർന്നു. 2018 -ൽ പിടിച്ചെടുത്തത് 10,700 ടാബ്ലറ്റുകൾ ആണ്. കഴിഞ്ഞ വർഷം സ്‌റ്റേറ്റ് അഡീഷണൽ എക്‌സൈസ് കമ്മീഷണർ സാം ക്രിസ്റ്റി പറഞ്ഞതനുസരിച്ച്, പിടികൂടിയ മയക്കുമരുന്നുകളുടെ കണക്ക് ആകെ കടത്തപ്പെടുന്ന മയക്കുമരുന്നിന്റെ ചെറിയ അംശം മാത്രമാണ്. 2019 -ൽ കേന്ദ്ര ഇന്റലിജൻസ് ഏജൻസികൾ നൽകിയ റിപ്പോർട്ട് അനുസരിച്ച് വൻ തോതിൽ അഫ്ഗാനിൽ നിന്ന് ഹെറോയിൻ കൊച്ചി കേന്ദ്രമാക്കി കടത്താൻ സാധ്യത ചൂണ്ടിക്കാണിച്ചിരുന്നു. സാധാരണയായി ഹെറോയിൻ ഇന്ത്യയിൽ എത്തുന്നത് അഫ്ഗാനിസ്ഥാനിൽ നിന്നും മ്യാന്മാറിൽ നിന്നുമാണ്.
മറ്റ് സംസ്ഥാനങ്ങളിൽ എൻഫോഴ്‌സ്‌മെൻറ് നടപടികൾ ശക്തമാവുകയും നിരവധി കേസുകൾ പിടിക്കപ്പെടുകയും അതുമൂലമായി വഴിയടയുകയും ചെയ്തതോടെ കള്ളക്കടത്തുകാർ കൊച്ചി പോലുള്ള നഗരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാമെന്ന് റിപ്പോർട്ടിൽ പറയുന്നു. കടൽ മാർഗ്ഗവും വായുമാർഗ്ഗവും കൊച്ചിയിലേക്ക് ലഹരിവസ്തുക്കൾ എത്തിക്കാൻ കഴിയും എന്നത് ആ സാധ്യതയുടെ ആഴം വർദ്ധിപ്പിക്കുന്നു.
ഒന്നിച്ചുനിൽക്കേണ്ട കേരളസമൂഹം
മയക്കുമരുന്ന് കച്ചവടത്തിന്റെയും ഉപയോഗത്തിന്റെയും തീവ്രവാദ ബന്ധമാണ് ഇവിടെ വിവരിച്ചത്. നമ്മുടെ ഭാവിതലമുറയെ മയക്കത്തിലാക്കി ശേഷി നശിപ്പിക്കുക എന്നത് മാത്രമല്ല ഈ രാജ്യത്തെ അട്ടിമറിക്കാൻ വരെ ശക്തിയുള്ള രാജ്യദ്രോഹ ഇടപാടാണ് ഇവിടെ നടക്കുന്നതെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്.
മാധ്യമങ്ങളുടെയും രാഷ്ട്രീയ നേതാക്കളുടെയും സംരക്ഷണത്തിലാണ് ഈ രാജ്യദ്രോഹ പ്രവർത്തനങ്ങൾ ഇവിടെ നടക്കുന്നത്. കേരളം തീവ്രവാദപ്രവർത്തനങ്ങളുടെ താവളമാണെന്ന് ബഹു. സേവ്യർഖാൻ വട്ടായിലച്ചനെ പോലുള്ളവർ പറഞ്ഞപ്പോഴും രാജ്യദ്രോഹികൾക്ക് സംരക്ഷണമായി മുൻപിൽ വന്നത് നമ്മുടെ മുൻനിര മാധ്യമങ്ങളായിരുന്നു എന്നത് ചിന്തനീയമാണ്. ക്രൈസ്തവദർശനത്തിൽ നിലയുറപ്പിച്ച് നമ്മുടെ യുവജനതയെ മുന്നോട്ട് നയിക്കാൻ സാധിച്ചാലേ നമുക്ക് നാടിനെയും ഭാവിതലമുറയെയും ഈ വലിയ വിപത്തിൽ
നിന്ന് രക്ഷിച്ചെടുക്കാൻ സാധിക്കുകയുളളൂ. സമ്പത്തിന്റെയും വിപണിമൂല്യത്തിന്റെയും കെട്ടുകാഴ്ചകളിൽ കുടുങ്ങിനിൽക്കുന്ന മാധ്യമങ്ങളും രാഷ്ട്രീയക്കാരും ആത്മീയ ബോധ്യങ്ങളിൽ നിന്ന് യുവാക്കളെയും വിദ്യാർത്ഥികളെയും അകറ്റിനിർത്തുന്നതിന്റെ കാരണവും ഇതിൽ നിന്ന് വ്യക്തമാണ്. ഏതാനും നാണയത്തുട്ടുകൾക്ക് വേണ്ടി പിറന്നമണ്ണിനെ വെടിമരുന്നിന്റെ വിലയ്ക്ക് ഒറ്റുകൊടുക്കാൻ മടിയില്ലാത്തവർ അധികാരത്തിന്റെയും സമ്പത്തിന്റെയും അകമ്പടിയോടെ വാഴ്ച
നടത്തുന്ന ഈ മണ്ണിൽ അകലെ നിലകൊള്ളുന്ന ഒരു സാങ്കൽപികഭീതിയല്ല ഭീകരത, നമ്മുടെ കൺമുമ്പിൽത്തന്നെയുള്ള യാഥാർത്ഥ്യമാണ്.
സമാപനം
അവരാദ്യം നമ്മുടെ പള്ളിക്കൂടങ്ങൾ തിരഞ്ഞു വന്നു, കുഞ്ഞുങ്ങളെ അവർ ലഹരിയുടെ രുചി പഠിപ്പിച്ചു. ശേഷം അവർ നമ്മുടെ യുവാക്കളെ തിരഞ്ഞുപിടിച്ചു, ശേഷിയുള്ള ഒരു തലമുറയിൽ മയക്കം സൃഷ്ടിച്ച് വളർച്ച മുരടിപ്പിച്ചു. തുടർന്ന് അവരുടെ രക്തങ്ങളിൽ അവർ മായം നിറഞ്ഞ മരുന്ന് കലർത്തി,
അത് അവരുടെ വെടിമരുന്ന് ശാലകൾ സംഭരിക്കാനുള്ള ശേഷി സമ്പാദിക്കുന്നതിനായിരുന്നു. ഇന്ന് ഈ തെരുവിൽ വിൽക്കപ്പെടുന്ന ഒരു നുള്ള് മയക്കുമരുന്നിന് നമ്മുടെ രാജ്യത്തെ ഉറക്കമിളച്ച് സേവിക്കുന്ന ദേശസ്‌നേഹിയായ ഒരു പട്ടാളക്കാരന്റെ നെറ്റിയിൽ തുളച്ച് കയറുന്ന വെടിയുണ്ടയായോ, നമ്മുടെ ദേവാലയ
ങ്ങളിലോ നഗരത്തിലോ അനേകം സ്ത്രീപുരുഷന്മാരുടെയോ നിരപരാധികളായ മാലാഖക്കുഞ്ഞുങ്ങളുടെയോ രക്തം ചിന്തുന്ന സ്‌ഫോടകവസ്തുവായോ മാറാൻ ശേഷിയുണ്ട്. അധികാരപ്രഭുത്വത്തിന്റെ അന്തപുരങ്ങളിലും മാധ്യമതേർവാഴ്ചയുടെ വെളിമ്പറമ്പുകളിലും ഇവയുടെ പ്രചാരകരുണ്ട് എന്നതിനാൽ നമ്മുടെ ദേശത്തിന്റെയും കുഞ്ഞുങ്ങളുടെയും ഭാവിതലമുറയുടെയും സംരക്ഷണ ചുമതല നമ്മുടേതുകൂടിയാണ് എന്ന് മനസ്സിലാക്കിയാൽ നന്ന്. അധികാരികളോട് ഒരുവാക്ക്. കേരളം ഒരു വലിയ വിപത്തിന്റെ മധ്യത്തിലൂടെയാണ് കടന്നുപോകുന്നത് എന്ന് ഈ കാലഘട്ടത്തിലെ വാർത്തകളും സംഭവവികാസങ്ങളും തെളിയിക്കുന്നു. മയക്കുമരുന്ന് കള്ളക്കടത്ത് തീവ്രവാദ മാഫിയകൾ എക്കാലത്തേതിലുമധികമായി ഈ നാടിനെയും, യുവജനങ്ങളെയും പിടിമുറുക്കിയിരിക്കുന്നു. നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ, എക്‌സൈസ്, പോലീസ് തുടങ്ങിയ സംവിധാനങ്ങൾ ഈ വിഷയത്തിന് കൂടുതൽ പ്രാധാന്യംകൊടുത്ത് സജീവമാകേണ്ടതുണ്ട്. കേസുകളും കേസന്വേഷണങ്ങളും നാമമാത്രമായി ഒതുങ്ങിപ്പോകുന്ന നിലവിലെ ദുരവസ്ഥ പരിഹരിച്ച്, വിഷയത്തിന്റെ ഗൗരവം പൂർണമായി ഉൾക്കൊണ്ട് ശക്തമായ നിയമനടപടികൾ നിർദ്ദേശിക്കാൻ സർക്കാർ ചങ്കൂറ്റംകാണിക്കണം. സമൂഹത്തിന്റെയും സമുദായങ്ങളുടെയും സർക്കാർ സംവിധാനങ്ങളുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനങ്ങളിലൂടെയേ ഈ വലിയ പ്രതിസന്ധിക്ക് പരിഹാരം കാണാൻ കഴിയൂ.