Home / നസ്രാണിമക്കള്‍ക്ക്‌ / ആത്മാവില്ലാത്ത സാലിമോള്‍
sad-girl-ftr

ആത്മാവില്ലാത്ത സാലിമോള്‍

കരഞ്ഞുകലങ്ങിയ കണ്ണുകളുമായി വീട്ടിലേയ്ക്ക് ശരവേഗത്തില്‍ ഓടിക്കയറിയ സാലിമോളെക്കണ്ട് എല്ലാവരും പകച്ചുനിന്നു. അറിയപ്പെടുന്ന ഒരു വനിതാ കോളേജിലാണ് സാലിമോള്‍ ബിരുദപഠനം നടത്തുന്നത്. കത്തോലിക്കാ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി കോളേജ് അധികൃതര്‍ മൂന്നുദിവസത്തെ ധ്യാനം ക്രമീകരിച്ചിരുന്നു. തൊട്ടടുത്തുതന്നെയുള്ള ഒരു ധ്യാനകേന്ദ്രത്തില്‍ മൂന്നു ദിവസം താമസിച്ചുള്ള ധ്യാനം. കേരളത്തിലും വിദേശത്തും അറിയപ്പെടുന്ന ഒരു വചനപ്രഘോഷകന്റെ നേതൃത്വത്തിലുള്ള ടീമാണ് ധ്യാനചിന്തകള്‍ക്കു വിത്തുപാകിയത്. ധ്യാനടീമിന്റെ നേതൃത്വമുള്ള വൈദികനാണ് ആദ്യദിവസത്തെ ഉച്ചവരെയുള്ള വചനപ്രഘോഷണം നടത്തിയത്. ആത്മാഭിഷേകധ്യാനം എന്ന പേരു നല്കിയിരുന്ന പ്രസ്തുത ധ്യാനപരിപാടിയുടെ തുടര്‍ന്നുള്ള ഭാഗങ്ങള്‍ അദ്ദേഹത്തിന്റെ ടീമിലുള്ള ഏതാനും അത്മായരും സിസ്റ്റേഴ്സും ചേര്‍ന്നാണ് നടത്തിയത്. മറ്റു സ്ഥലങ്ങളിലും അദ്ദേഹത്തിനു വചനം പ്രഘോഷിക്കേണ്ടിയിരുന്നതിനാല്‍ നല്ല തിരക്കുണ്ടായിരുന്നു. എല്ലാവരും അഭിഷിക്തരാകുന്ന ഒരു ശുശ്രൂഷയായിരുന്നു ധ്യാനത്തിന്റെ ക്ലൈമാക്‌സ്. ഈ ധ്യാനം കഴിഞ്ഞിട്ട് വരികയായിരുന്നു സാലിമോള്‍. വന്നപാടെ ബാഗ് ഒരു മൂലയിലേയ്ക്കിട്ട് കട്ടിലിലേയ്ക്കു വീണു. അന്ധാളിപ്പോടെ അമ്മ ഓടി വന്നു. കരഞ്ഞു വികൃതമായ അവളുടെ മുഖം ഉയര്‍ത്തിയിട്ട് കാര്യം തിരക്കി. സാലിമോള്‍ക്ക് ആത്മാവില്ലെന്ന് പറഞ്ഞ് കൂട്ടുകാര്‍ കളിയാക്കിയത്രെ, അവള്‍ പൈശാചിക ബന്ധനത്തിലാണെന്ന് കൗണ്‍സിലര്‍ പറഞ്ഞത്രെ. അല്പനേരം കിടന്നുറങ്ങാന്‍ നിര്‍ദ്ദേശിച്ച് അമ്മ പിന്‍വാങ്ങി.

ഒരു മാതൃകാ ക്രൈസ്തവകുടുംബം’ എന്നു വിശേഷിപ്പിക്കാവുന്ന ഒന്നാണ് വല്ല്യപ്പനും വല്ല്യമ്മയും മാതാപിതാക്കളും നാലു സഹോദരങ്ങളുമടങ്ങുന്ന സാലിമോളുടെ കുടുംബം. പഞ്ചായത്താഫീസില്‍ ക്ലര്‍ക്കായി ജോലിചെയ്യുന്ന ജാന്‍സിയാണ് അവളുടെ അമ്മ. ഇടവകയിലെ സണ്‍ഡേസ്‌കൂള്‍ അധ്യാപിക. ഭര്‍ത്താവ് തോംസണ്‍ ഒരു ദേശസാത്കൃത ബാങ്കില്‍ അസി. മാനേജര്‍. മാര്‍തോ മ്മാവിദ്യാനികേതനില്‍ നിന്ന് ദൈവശാസ്ത്രബിരുദം നേടിയിട്ടുള്ള തോംസണ്‍ മതാധ്യാപനത്തിനും സമയം കണ്ടെത്തുന്നു. ഉത്തമക്രൈസ്തവജീവിതം നയിക്കുന്ന ഈ കുടുംബത്തിലെ മാതാപിതാക്കളില്‍ നിന്നു തന്നെ നല്ല ക്രൈസ്തവജീവിതപരിശീലനം നേടിക്കൊണ്ടിരിക്കുന്നവരാണ് മക്കളെന്ന് അവരുമായി അടുത്തു ബന്ധപ്പെടുന്ന ഏവര്‍ക്കും സംശയലേശമെന്യേ മനസ്സിലാകുന്ന വസ്തുതയാണ്.
വിശ്രമത്തിനുശേഷം സാലിമോള്‍ അല്പം ശാന്തത കൈവരിച്ചപ്പോള്‍ തോംസണ്‍ മകളോട് കാര്യം തിരക്കി. ആത്മാഭിഷേക ശുശ്രൂഷയുടെ സമയത്ത് എല്ലാവരുടെയുംമേല്‍ പരിശുദ്ധാത്മാവ് വരുമെന്നും അപ്പോള്‍ പന്തക്കുസ്തായിലെപ്പോലെ, എല്ലാവരും ഭാഷാവരത്തില്‍ സംസാരിക്കുമെന്നും, ദര്‍ശനങ്ങളുണ്ടാകുമെന്നും, ബോധം കെട്ടു വീഴുമെന്നും ഇ ങ്ങനെ എന്തെങ്കിലും ബാഹ്യഅടയാളങ്ങളോടെ പരിശുദ്ധാത്മാവിനെ സ്വീകരിക്കാത്തവര്‍ പിശാചിന്റെ ബന്ധനത്തിലാണെന്നുമൊക്കെയുള്ള ധാരണകള്‍ ശുശ്രൂഷയ്ക്കു നേതൃത്വം നല്കിയ വ്യക്തിയുടെ പ്രഭാഷണത്തില്‍ ഉണ്ടായിരുന്നു. ഇങ്ങനെയുള്ള അടയാളങ്ങളൊന്നും, സാലിമോള്‍ക്കു ലഭിച്ചില്ലന്നു മാത്രമല്ല, പ്രസംഗങ്ങളിലെ പല പരാമര്‍ശങ്ങളും ഇതുവരെ സ്വീകരിച്ചിട്ടുളള പ്രബോധനങ്ങള്‍ക്കു നിരക്കുന്നതല്ലെന്ന് ഒരു തോന്നല്‍. ഇക്കാര്യം കൗണ്‍സിലറോട് തുറന്നു പറഞ്ഞപ്പോളാണ് സാലിമോള്‍ പിശാചിന്റെ ബന്ധനത്തിലാണെന്ന് അദ്ദേഹം കണ്ടുപിടിച്ചത്.

എല്ലാം ശാന്തനായികേട്ടശേഷം തോംസണ്‍ ശ്ലീഹന്മാരുടെ നടപടി 2-ാം അദ്ധ്യായം വായിക്കുവാന്‍ പറഞ്ഞു. ജാന്‍സിയും മറ്റു സഹോദരങ്ങളും ആകാംക്ഷയോടെ ചുറ്റും കൂടിയിരുന്നു. ജാന്‍സി തന്നെ പ്രസക്തഭാഗം എടുത്ത്‌കൊടുത്തു. സാലിമോള്‍ വായിച്ചു നിര്‍ത്തിയപ്പോള്‍ 37 മുതല്‍ 39 വരെ വാക്യങ്ങള്‍ ആവര്‍ത്തിച്ചു വായിക്കുവാന്‍ പറഞ്ഞു. പ്രസംഗം ശ്രവിച്ചവര്‍ എന്തുചെയ്യണമെന്ന് ചോദിച്ചപ്പോള്‍ പത്രോസ് എന്താണ് പറഞ്ഞത്?
”മാനസാന്തരപ്പെടുവിന്‍, പാപമോചനത്തിനായി നിങ്ങളോരോരുത്തരും ഈശോമിശിഹായുടെ നാമത്തില്‍ ജ്ഞാനസ്‌നാനം സ്വീകരിക്കുവിന്‍. പരിശുദ്ധാത്മാവാകുന്ന ദൈവദാനം നിങ്ങള്‍ക്കും ലഭിക്കും. ഈ വാഗ്ദാനം നിങ്ങള്‍ക്കും നിങ്ങളുടെ സന്തതികള്‍ക്കും മാത്രമല്ല, നമ്മുടെ കര്‍ത്താവായ ദൈവം തന്റെ പക്കലേയ്ക്കു വിളിക്കുന്ന വിദൂരസ്ഥരായ എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്”.
സാലിമോള്‍ മാമ്മോദീസാ സ്വീകരിച്ചപ്പോള്‍ പരിശുദ്ധാത്മാവാകുന്ന ദൈവദാനം സ്വീകരിച്ചു. നാമെല്ലാവരും അങ്ങനെ പരിശുദ്ധാത്മാവിനെ സ്വീകരിച്ച് ദൈവാത്മാവിനാല്‍ നയിക്കപ്പെടുന്ന ദൈവമക്കളാണ്. (റോമാ 8 : 15) മാമ്മോദീസായിലൂടെ വീണ്ടും ജനിച്ച് ദൈവമക്കളായിത്തീര്‍ന്ന നമുക്ക് മിശിഹായുടെ സുവിശേഷം പ്രസംഗിക്കുന്നതിനും അവിടുത്തേയ്ക്ക് സാക്ഷ്യം വഹിക്കുന്നതിനും ആവശ്യമായ പരിശുദ്ധാത്മാവിന്റെ പ്രത്യേകമായ ശക്തിയും വരങ്ങളും നല്കു ന്ന കൂദാശയാണ് തൈലാഭിഷേകം”. വേദപാഠക്ലാസ്സില്‍ പഠിച്ചത് സാലിമോളുടെ ഓര്‍മ്മയില്‍ തെളിഞ്ഞു. അവളുടെ മുഖം കൂടുതല്‍ പ്രസന്നമായിക്കൊണ്ടിരുന്നു.

ഈശോ കുരിശുമരണത്തിലൂടെ മഹത്ത്വീകരിക്കപ്പെട്ടതിനുശേഷം ആദ്യമായി ശിഷ്യന്മാര്‍ക്കു കാണപ്പെട്ടപ്പോള്‍ ഈശോ അവരുടെമേല്‍ നിശ്വസിച്ചുകൊണ്ട് പരിശുദ്ധാത്മാവിനെ നല്കി. അങ്ങനെ സഭയുടെ അടിത്തറയാകുന്ന ശ്ലൈഹിക സംഘത്തിന് പരിശുദ്ധാത്മാവിനെ നല്കി. തുടര്‍ന്ന് 40 ദിവസത്തോളം ഈശോയുടെ പ്രബോധനത്തില്‍ ഉറപ്പിക്കപ്പെട്ട്, ഉത്ഥിതനിലുള്ള വിശ്വാസത്തില്‍ ദൃഢപ്പെട്ട് പ്രാര്‍ത്ഥനയില്‍ മുഴുകിയിരുന്ന ശി ഷ്യന്മാരാണ് പന്തക്കുസ്താനാളില്‍ പരിശുദ്ധാത്മശക്തിയില്‍ നിറഞ്ഞ് ഈശോയുടെ ശക്തരായ സാക്ഷികളായത്. സഭയുടെ രൂപവത്ക്കരണത്തിലെ ഈ സുപ്രധാന സംഭവം ചില ബാഹ്യ അടയാളങ്ങളാല്‍ ദൈവം ലോകത്തിനു സാക്ഷ്യപ്പെടുത്തി. ഇവ എല്ലാ അവസരങ്ങളിലും ആ വര്‍ത്തിക്കപ്പെടണമെന്നില്ല. സഭാമക്കള്‍ ക്ക് അരൂപിയില്‍ ജീവിക്കാന്‍, പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടാന്‍ സാധിക്കുന്നതിനുവേണ്ടിയാണ് ഈശോ കൂദാശകള്‍ സ്ഥാപിച്ചത്. കൂദാശകളിലൂടെയാണ് സഭാമക്കളില്‍ പരിശുദ്ധാത്മാവ് പ്രവര്‍ ത്തിക്കുന്നത്. മായാത്ത മുദ്ര പതിക്കുന്ന കൂദാശകളായ മാമ്മോദീസായും തൈലാഭിഷേകവും വഴി പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്ന നാം അരൂപിയില്‍ വളരുന്നത് കൂദാശാജീവിതത്തിലൂടെയാണ്. പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ് പവിത്രീകൃതരായി ദൈവീകരണത്തിന്റെ പാതയില്‍ മുന്നേറാന്‍ സഹായിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കൂദാശയാണ് പരി. കുര്‍ബാന. ഈ കൂദാശാജീവിതത്തില്‍ ഉറപ്പിക്കപ്പെടുവാന്‍ സഹായിക്കുന്നവയായിരിക്കണം, ധ്യാനവും കണ്‍വന്‍ഷനുകളും, ഭക്താനുഷ്ഠാനങ്ങളുമൊക്കെ. പരിശുദ്ധ റൂ ഹായിലുള്ള നിറവില്‍ കുറവുകള്‍ വരുമ്പോള്‍ അതു പരിഹരിക്കുവാന്‍ അനുരഞ്ജനകൂദാശയില്ലേ?. കൂദാശജീവിതത്തില്‍ വീഴ്ചവരുത്താത്ത നീ പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്നവളാണ്, സംശയിക്കേണ്ട. എല്ലാവര്‍ക്കും ആശ്വാസമായി വീട്ടിലെ ലൈബ്രറിയില്‍ നിന്ന് ബഹു. വെളളാനിക്കല്‍ മാത്യു മല്പാനച്ചന്‍ എഴുതിയ ”ആത്മീയശില്‍പി” എന്ന ഗ്രന്ഥം വായിക്കുവാനായി സാലിമോള്‍ക്കു നല്കിയിട്ട് ഒരു ചെറുചിരിയോടെ എഴുന്നേറ്റു. സാലിമോള്‍ അപ്പോള്‍ പുസ്തകത്തിന്റെ പുറം ചട്ടയിലെ പാത്രം രൂപപ്പെടുത്തു ന്ന കുശവന്റെ കൈകള്‍ ശ്രദ്ധിക്കുകയായിരുന്നു.

സത്യനാഥാനന്ദദാസ്

Check Also

sabhakal

സഭകളുടെ വ്യക്തിത്വം

മാര്‍ ജോസഫ് പവ്വത്തില്‍ സീറോമലബാര്‍ സഭയ്ക്ക് ഇന്ത്യയിലെവിടെയും അജപാലന ശുശ്രൂഷയും പ്രേഷിതപ്രവര്‍ത്തനവും നടത്താന്‍ അവകാശം വേണമെന്ന് CBCI  യിലും റോമിലെ …

Leave a Reply

Your email address will not be published. Required fields are marked *

Powered by themekiller.com watchanimeonline.co